വിവാദങ്ങള്‍ക്കു വിട; തെങ്ങിലക്കടവ്-ആയംകുളം റോഡ് നവീകരണം അന്തിമഘട്ടത്തില്‍
മാവൂര്‍: വിവാദങ്ങള്‍ക്കുവിട; തെങ്ങിലക്കടവ്-ആയംകുളം റോഡ് നവീകരണപ്രവൃത്തി അന്തിമഘട്ടത്തില്‍. റോഡ് തകര്‍ച്ച പൂര്‍ണമായതോടെ കാല്‍നടയാത്ര പോലും ദുസ്സഹമായതിനാല്‍ ആയംകുളം പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് തുറമുഖ വകുപ്പ് തീരദേശ ഫണ്ടില്‍ ഉള്‍പ്പെടുത്തി 95 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഇതാണ് റോഡിന്റെ ശാപമോക്ഷത്തിന് വഴിതുറന്നത്. അതേസമയം മഴക്കാലത്ത് ചെറുപുഴ കരകവിയുമ്പോള്‍ ദിവസങ്ങളോളം വെള്ളത്തിനടിയിലാകുകയും പൂര്‍ണമായും തകര്‍ന്നടിയുകയും ചെയ്ത റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചതിന്റെ പിതൃത്വം അവകാശപ്പെട്ട് തെങ്ങിലക്കടവില്‍ നേരത്തെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ഫഌക്‌സ് യുദ്ധത്തിലായിരുന്നു.
റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കുന്നതിന് മുന്‍കൈയെടുത്തെന്ന് പറഞ്ഞ് പി.ടി.എ റഹീം എം.എല്‍.എയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് സി.പി.എം 16-ാം വാര്‍ഡ് കമ്മിറ്റി രണ്ടുവര്‍ഷം മുന്‍പ് ഫഌക്‌സ് സ്ഥാപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഫണ്ട് അനുവദിച്ച യു.ഡി.എഫ് സര്‍ക്കാരിനും മുന്‍മുഖ്യമന്ത്രിക്കും അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ് കമ്മിറ്റിയും ഫഌക്‌സ് സ്ഥാപിച്ചു. അവകാശവാദങ്ങളും വിവാദങ്ങളുമായി ഒന്നരവര്‍ഷം പിന്നിട്ടിട്ടും റോഡ് ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. താഴ്ചയിലുള്ള ഭാഗത്ത് ഇരുവശവും കരിങ്കല്ല് കൊണ്ട് കെട്ടി മണ്ണിട്ട് ഉയര്‍ത്തി. ഇപ്പോള്‍ നവീകരണപ്രവൃത്തി അന്തിമഘട്ടത്തിലാണ്. ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും പരസ്പര ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് വീണ്ടും ഫഌക്‌സ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."