നിര്‍മാണം പാതിവഴിയില്‍
ആലക്കോട്: വൈദ്യുതി സെക്ഷന്‍ ഓഫിസിനായി പ്രീഫാബ് സംവിധാനത്തില്‍ ഒരുക്കിയ കെട്ടിട നിര്‍മാണം പാതിവഴിയില്‍. അരങ്ങം സബ് സ്റ്റേഷനു സമീപത്താണ് ലക്ഷങ്ങള്‍ ചിലവഴിച്ച കെട്ടിടം ഉപയോഗശൂന്യമായി നശിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസ് വില്ലേജില്‍ സ്ഥാപിച്ച താല്‍ക്കാലിക കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് മേല്‍ക്കൂരയുടെയും ചുമരിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചില മുറികളില്‍ തറയോടു പതിക്കുകയും വയറിങ് ജോലികള്‍ നടത്തുകയും ചെയ്‌തെങ്കിലും പ്രവൃത്തി പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. ഫണ്ടില്ലാത്തതാണ് നിര്‍മാണം വൈകാന്‍ ഇടയാകുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് വര്‍ഷങ്ങളായി സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
വാടക വര്‍ധന ആവശ്യപ്പെട്ട് കെട്ടിട ഉടമ കോടതിയെ സമീപിച്ചതോടെയാണ് സ്വന്തം സ്ഥലത്തേക്ക് ഓഫിസ് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്. ആധുനിക രീതിയിലുള്ള കെട്ടിടം യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ നല്‍കിയ വാഗ്ദാനം. നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ കെട്ടിടഭാഗങ്ങള്‍ പലതും ഉപയോഗശൂന്യമായി നശിച്ചുകൊണ്ടിരിക്കുകയാണ്. ഫണ്ടിന്റെ പേരില്‍ നിര്‍മാണം തടസപ്പെട്ടതോടെ ലക്ഷങ്ങളാണ് വൈദ്യുതി ബോര്‍ഡിന് നഷടമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."