സമരം പിന്‍വലിച്ചു; ക്വാറികള്‍ ഇന്നു മുതല്‍ സജീവമാകും
കണ്ണൂര്‍: പാരിസ്ഥിതിക നിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ 26 മുതല്‍ ആരംഭിച്ച അനിശ്ചിതകാല ക്വാറി, ക്രഷര്‍ സമരം പിന്‍വലിച്ചു. ബുധനാഴ്ച വൈകുന്നേരം മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് 11 ദിവസമായി നടന്നുവന്ന സമരം പിന്‍വലിച്ചത്. ജില്ലയില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ക്വാറികളും ക്രഷറുകളും ഇന്നലെ സജീവമായി.
വ്യവസായ മന്ത്രി എ.സി മൊയ്തീന്‍, ആരോഗ്യ മന്ത്രി കെ.കെ ശൈലജ എന്നിവരുമായി ക്വാറി, ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ കോഓഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പ്രശ്‌നങ്ങള്‍ക്ക് നിയമാനുസൃത പരിഹാരം കാണാന്‍ ശ്രമിക്കാമെന്നും ബുദ്ധിമുട്ടുകള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും മന്ത്രിമാര്‍ ഉറപ്പു നല്‍കി. ചര്‍ച്ചയില്‍ എം.എല്‍.എമാരായ രാജു എബ്രഹാം, ജോര്‍ജ് തോമസ് എന്നിവരും കോഓഡിനേഷന്‍ കമ്മിറ്റി നേതാക്കളായ വെട്ടിനഴകം പ്രസാദ്, എ യുസുഫ് എന്നിവരും പങ്കെടുത്തു.
സമരത്തെതുടര്‍ന്ന് കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കാതായതോടെ നിര്‍മാണ മേഖല പൂര്‍ണ സ്തംഭനത്തിലായിരുന്നു. സ്വകാര്യ മേഖലയില്‍ കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മാണം സ്തംഭിച്ചപ്പോള്‍ സര്‍ക്കാര്‍ മേഖലയിലെ നിര്‍മാണവും സ്തംഭനത്തിലേക്ക് നീങ്ങി. വീടു നിര്‍മാണത്തിനടക്കം പൂഴി ലഭിക്കാതായതോടെ എം സാന്റ് ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയിരുന്നത്. സമരം അനിശ്ചിതകാലത്തേക്ക് നീണ്ടതോടെ എം സാന്റും കിട്ടാതായിരുന്നു. സര്‍ക്കാര്‍ കരാറുകാര്‍ക്ക് കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ കിട്ടാതായതോടെ സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നിര്‍മാണ പ്രവൃത്തികളും സ്തംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."