മിണ്ടണ്ട ..പറയണ്ട .. വശത്താക്കാന്‍ നോക്കണ്ട
തൃക്കരിപ്പൂര്‍: കലയുത്സവത്തിലെ വിധി പറച്ചില്‍ പലപ്പോഴും വിവാദങ്ങളുടെ അമിട്ട് പൊട്ടിക്കാറുണ്ട്. അതിനാല്‍ ഇത്തവണ കാര്യങ്ങള്‍ക്ക് അല്‍പം കടുംപിടുത്തമുണ്ട്. വിധികര്‍ത്താക്കളെ കാണുന്നതും സംസാരിക്കുന്നതിനും തടയിടാന്‍ പ്രത്യേക സംവിധാനം തന്നെയാണ് കമ്മറ്റിക്കാര്‍ ഒരുക്കിയിരിക്കുന്നത്.വിധികര്‍ത്താക്കളുടെ മുറിയിലേക്കുള്ള പ്രവേശനം കര്‍ശനമായി നിരോധിച്ചു.വിധി നിര്‍ണയിക്കാനുള്ള അറിയിപ്പ് ലഭിച്ചാല്‍ ഇവരെ വേദികളിലേക്ക് കൊണ്ടുപോകാന്‍ ഡിഡിഇ ഓഫീസില്‍ നിന്നും നിയമിച്ച ജീവനക്കാര്‍ ഉണ്ടാകും. പോകുന്ന വഴിയില്‍ വിധി കര്‍ത്താക്കളുമായി സംസാരിക്കാന്‍ ഇവര്‍ അനുവദിക്കുകയില്ല. മത്സരം കഴിഞ്ഞ് വിധി നിര്‍ണയിച്ച ശേഷം വീണ്ടും
പ്രത്യേകം നിയമിച്ച ഉദ്യോഗസ്ഥര്‍ ഇവരെ വിധികര്‍ത്താക്കളുടെ മുറിയിലും എത്തിക്കും. മുന്‍ വര്‍ഷങ്ങളില്‍ ഉയര്‍ന്നു വന്ന ആക്ഷേപങ്ങള്‍ ഇത്തവണ പൂര്‍ണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കലക്ടറുടെ നിര്‍ദേശ പ്രകാരമാണ്
ഇത്തരത്തിലുള്ള നടപടി. വിധികര്‍ത്താക്കളെ കൊണ്ടു പേകാനായി ഡിഡിഇ ഓഫീസില്‍ നിന്നും നിയമിച്ച പതിനഞ്ചോളം പേരാണ് തൃക്കരിപ്പൂരിലെ കലോത്സവത്തിന് എത്തിയിരിക്കുന്നത്. അപേക്ഷ ലഭിച്ച വിധികര്‍ത്താക്കളുടെ ലിസ്റ്റില്‍
നിന്നും ഡിപിഐയുടെ അംഗീകാരം ലഭിച്ചവരെ മാത്രമാണ് വിധി കര്‍ത്താക്കളായി തെരഞ്ഞെടുത്തിരിക്കുന്നത്
പ്രാര്‍ഥനയ്ക്കും ഒരിടം
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ വി.പി.പി മുഹമ്മദ്കുഞ്ഞി പട്ടേല്‍ സ്മാരക വൊക്കേ'ഷണല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന കാസര്‍ഗോഡ് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് എത്തുന്ന വിദ്യാര്‍ഥിനികള്‍ക്കും സ്ത്രീകള്‍ക്കും തൃക്കരിപ്പൂര്‍ ടൗണ്‍ ജുമാമസ്ജിദില്‍ ഒരുക്കിയ നിസ്‌കാര ഹാളിലേക്ക് ആവശ്യമായ നിസ്‌കാരക്കുപ്പായങ്ങള്‍ എം.എസ്.എഫ് സ്‌കൂള്‍ യൂണിറ്റ് വിതരണം നടത്തി. എം.എസ്.എഫ് സ്‌കൂള്‍ യൂണിറ്റ് പ്രസിഡന്റ് എം.ടി.പി അഫ്രീദ് മസ്ജിദ് കമ്മിറ്റി സെക്രട്ടറി സി.ദാവൂദിന് കൈമാറി. ചടങ്ങില്‍ എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജാബിര്‍ തങ്കയം, മണ്ഡലം ഭാരവാഹികളായ ടി.വി കുഞ്ഞബ്ദുള്ള, അസ്ഹറുദ്ധീന്‍ മണിയനോടി, മര്‍സൂക്ക് റഹ്മാന്‍, അക്ബര്‍ സാദത്ത്, മഷൂദ് തലിച്ചാലം, അജ്മല്‍ ഖലീല്‍, പി.മുഹമ്മദ് നിബ്രാസ്, നസീഫ്, സുന്‍സുനു സംബന്ധിച്ചു
അമിട്ട് ....... പൊട്ടലും ചീറ്റലും
പൊടിപൂരം: പൂരം എന്ന് കേട്ടപ്പോള്‍ ഇങ്ങനെ കരുതിയില്ല. കലയുടെ പൂരം കാണാന്‍ എത്തിയവരെ വരവേറ്റത് പൊടിയുടെ പൂരം. പ്രധാന കവാടത്തില്‍ മിനുക്കു പണിക്കിടെ ഇറക്കിയ ചെമ്മണ്ണില്‍ നിന്നാണ് പൊടി ഉയരുന്നത്. കൃത്യമായി വെള്ളമൊഴിക്കാത്തതിനാല്‍ മത്സരത്തിനെത്തുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും നന്നായി പൊടി തിന്നേണ്ടിവന്നു. പൊടിയില്ലാതാക്കാന്‍ വല്ല പൊടിക്കൈകളും പ്രയോഗിക്കണേ കമ്മറ്റിക്കാരെ
നട്ടം തിരിഞ്ഞല്ലോപ്പാ: ഒരുക്കങ്ങളെല്ലാം ഗംഭീരം. അവിടെയും ഇവിടെയുമൊക്കെയായി വേദികള്‍ പലതുണ്ട്. എന്നാല്‍ മത്സരം നടക്കുന്ന വേദികള്‍ കണ്ടുപിടിക്കാന്‍ മത്സരാര്‍ത്ഥികളും അധ്യാപകരും ഇന്നലെ വട്ടം കറങ്ങി. പ്രത്യേകമായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് കാരണം.
പത്രക്കാര്‍ക്കെന്താ കൊമ്പുണ്ടോ: ഹരിതകലോത്സവമാണെന്ന് പ്രഖ്യാപിച്ചതോടെ എവിടെയെങ്കിലും പ്ലാസ്റ്റിക്കുണ്ടോ എന്ന് തപ്പികൊണ്ടിരിക്കുകയാണ് പത്രക്കാര്‍ എന്ന് സംസാരം. ചിലര്‍ വാര്‍ത്തയെഴുതി ഫ്‌ലക്‌സ് കവാടം മാറ്റിക്കുകയും ചെയ്തു. ഇതിനിടയില്‍ മീഡിയാകമ്മറ്റി ഓഫീസിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടി പ്ലാസ്റ്റിക് കവറിലിട്ടൊരു ബാഡ്ജ്. ബാഡ്ജ് മാലയുമിട്ട് പുറത്തേക്കിറങ്ങിയതോടെ ചിലര്‍ പത്രക്കാര്‍ക്ക് മുന്നില്‍ ചാടി വീണു. ആഹാ അത്രയ്ക്കായോ, നിങ്ങള്‍ക്ക് പ്ലാസ്റ്റിക് പറ്റുമോ എന്ന ഭാവത്തില്‍ ഒരു നോട്ടം. സംഗതി പിടികിട്ടിയ മീഡിയ കമ്മറ്റി ചെയര്‍മാന്‍ തക്കസമയത്ത് ഇടപെട്ടു. പ്ലാസ്റ്റിക് കവര്‍ ഊരിമാറ്റി നൈസായി പ്രശ്‌നം പരിഹരിച്ചു. അല്ലാ പിന്നെ ...
ഉത്സവത്തിന് ഇടമുണ്ടാകുമോ ?
ആര്യനന്ദയ്ക്ക് പറയുവാനാഗ്രഹമുണ്ട് പൂക്കളെ.. കിളികളെ...
തൃക്കരിപ്പൂര്‍: മണ്ണുമാന്തിയെടുത്ത് കൊണ്ടുപോകുന്നവര്‍ക്കെതിരെയും, പുഴകളെ ഇല്ലാതാക്കുന്നവര്‍ക്കെതിരെയുമൊക്കെയുള്ള പ്രതിഷേധവും ആകുലതകളുമെല്ലാമുണ്ടായിരുന്നു ആര്യനന്ദ എന്ന കൊച്ചു കവിയത്രിയുടെ വരികളില്‍. ഇന്നലെകളെയും ഇന്നിനെയും താരതമ്യപ്പെടുത്തി ബാര ഗവ.യു.പി സ്‌കൂളിലെ ഈ ഏഴാം ക്ലാസുകാരി 'പൂക്കളെ കിളികളെ' എന്ന വിഷയം കൃത്യമായി പറഞ്ഞുവച്ചു. പച്ചപ്പിനെ സ്‌നേഹിക്കുന്ന ഒരു കുഞ്ഞുമനസിന്റെ വിങ്ങലാണ് ആര്യനന്ദയുടെ കവിതയില്‍ കണ്ടതെന്ന് വിധികര്‍ത്താക്കളും പറഞ്ഞു. ബാരയിലെ തന്നെ അധ്യാപകരായ മലാങ്കുന്നിലെ കെ.ടി ബാബു സുനിമോള്‍ ബളാല്‍ ദമ്പതികളുടെ മകളാണ്. അറിയപ്പെടുന്ന കവയത്രി കൂടിയാണ് സുനിമോള്‍. അമ്മയുടെ പാതപിന്തുടര്‍ന്നാണ് ആര്യനന്ദ എഴുത്തിന്റെ വഴികളിലേക്ക് എത്തിയത്.
വിടര്‍ന്നു നിറങ്ങളും ഭാവനകളും
തൃക്കരിപ്പൂര്‍: കൊടിയേറ്റ് കഴിഞ്ഞു. വര്‍ണങ്ങള്‍ നിറഞ്ഞ, ഭാവനകള്‍ വിടര്‍ന്ന ചെറുപൂരവും. കണ്ടാലും കേട്ടാലും കൊതിതീരാത്ത കലയുടെ കാഴ്ചകള്‍ ഇതാ കണ്‍മുന്നിലെത്തി നില്‍ക്കുന്നു. ഇനിയാണ് കാണേണ്ട പൂരം. നാല് നാളുകള്‍ ഉത്സവ പറമ്പിലെ വേദികളില്‍ കലയുത്സവത്തിന്റെ സര്‍വ സൗന്ദര്യങ്ങളും നിറയും. നിറങ്ങളുടെയും, നടനത്തിന്റെയും, സംഗീതത്തിന്റെയും, അഭിനയത്തിന്റെയുമെല്ലാം സൗന്ദര്യാത്മകമായ കൂടിച്ചേരല്‍ ഇവിടെ കാണാം. ജാതി, മതഭേദമന്യേ കലയെന്ന ഒറ്റ വികാരം മാത്രം.
മഴവില്ലൊളിപോലെ കലയുടെ വര്‍ണക്കുടകള്‍ നിവരുമ്പോള്‍ കലോത്സവ പ്രേമികളുടെ മനസിലും വര്‍ണപ്പൂക്കള്‍ വിടരും. ഇന്നലെ രാവിലെ ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ യു കരുണാകരന്‍ കൊടിയേറ്റിയതോടെയാണ് കലോത്സവത്തിനു തുടക്കമായത്. കലോത്സവത്തിന്റെ പൂര്‍ണ്ണമായ വിവരങ്ങളറിയാന്‍ ഐടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ തയാറാക്കിയ മൊബൈല്‍ ആപ്പിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
നിയുക്ത ഡിഡിഇ സുരേഷ് ബാബു ഏറ്റുവാങ്ങി. ഇന്ന് കഴിഞ്ഞാല്‍ എഴിനും എട്ടിനും മത്സരമുണ്ടാവില്ല.
തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വീണ്ടും ഉത്സവമേളമുയരും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."