വാടാനപ്പള്ളിയില്‍ പരക്കേ മോഷണം
വാടാനപ്പള്ളി: രണ്ടാഴ്ചയ്ക്കിടെ നടന്ന മോഷണക്കേസുകളില്‍ പ്രതികളെ കണ്ടെത്താനാകാതെ പൊലസ് ഇരുട്ടില്‍ തപ്പിക്കൊണ്ടിരിക്കെ വാടാനപ്പള്ളിയില്‍ ഇന്നലെ പരക്കേ മോഷണം. ഗണേശമംഗലം പടിഞ്ഞാറ്, കുട്ടമുഖം വടക്ക് മേഖലകളിലായി രണ്ട് വീടുകളില്‍ ആഭരണങ്ങള്‍ കവര്‍ന്നു.
നാല് വീടുകളില്‍ മോഷണശ്രമം. സംശയാസ്പദമായ നിലയില്‍ കണ്ട ഒരാളെ നാട്ടുകാര്‍ പിടികൂടി. ഗണേശമംഗലം പ്രൈം കോളജിനു സമീപം പൂതോട്ടിയില്‍ ഫാത്തിമ മുഹമ്മദിന്റെ വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ പേരമകന്‍ അസ്മറിന്റെ മുക്കാല്‍ പവന്‍ തൂക്കമുള്ള ചെയിന്‍ കവര്‍ന്നു. വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ ഓടി.
പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ബര്‍മോഡ ട്രൗസര്‍ ധാരികളാണ് മോഷ്ടാക്കളെന്നും ഷര്‍ട്ട് ധരിച്ചിട്ടില്ലായെന്നും വീട്ടുകാര്‍ പറഞ്ഞു. ഒരാള്‍ മെലിഞ്ഞു മറ്റൊരാള്‍ വണ്ണമുള്ളയാളുമാണ്. പുലര്‍ച്ചെ പന്ത്രണ്ടേകാലോടെയാണ് സംഭവം. കുട്ടുമുഖം വടക്ക് പണ്ടാര സജിത്തിന്റെ വീടിന്റെ പുറകിലെ വാതില്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ ആറു വയസുകാരിയായ മകള്‍ ആര്‍ദ്രയുടെ വെള്ളി പാദസരം അഴിച്ചെടുത്തു.
മാല ഊരിയെടുക്കാനുള്ള ശ്രമത്തിനിടെ കുട്ടിയും അമ്മയും ഉണര്‍ന്നതോടെ തസ്‌കരസംഘം ഓടിമറഞ്ഞു. അയല്‍വാസികളായ വടക്കന്‍ ദേവകി, കോമലത്ത് നൗഷാദ് എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു.
ഇരുവീടുകളുടെയും പുറകിലെ വാതിലുകള്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. നൗഷാദിന്റെ വീട്ടിലെ ഫ്രിഡ്ജ് തുറന്ന് ഭക്ഷണം പുറത്തുകൊണ്ടുപോയി കഴിച്ചു. രാവിലെ ഉണര്‍ന്നപ്പോഴാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. ദേവകിയുടെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. രാവിലെ വിവരമറിയുകയായിരുന്നു. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടു.
കുന്നത്ത് കുഞ്ഞക്കന്റെ വീട്ടില്‍ മോഷ്ടാക്കള്‍ എത്തിയെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതോടെ ഓടിമറഞ്ഞു. മൊയ്തീന്‍ പള്ളിക്കു സമീപം ചേര്‍ക്കര തണ്ടയാന്‍ മാധവന്റെ വീട്ടില്‍ വാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കടന്നതോടെ ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. കിടപ്പുമുറിയിലേക്ക് കടക്കാനുള്ള ശ്രമം വാതില്‍ തള്ളിപ്പിടിച്ച് വീട്ടിലുള്ളവര്‍ തടയുകയും ബഹളംവയ്ക്കുകയും ചെയ്തതോടെ മോഷ്ടാക്കള്‍ ഓടി.
വീട്ടുകാര്‍ പിന്തുടരുകയും രാവിലെ ആറോടെ ഗണേശമംഗലം ക്ഷേത്രത്തിനു സമീപത്തുവച്ച് സംശയാസ്പദമായ നിലയില്‍ കണ്ട ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലിസിനു കൈമാറുകയുമായിരുന്നു.
ഇയാളെ ചോദ്യംചെയ്തുവരുന്നു. വലപ്പാട് സി.ഐ. ആര്‍. രതീഷ്‌കുമാര്‍, വാടാനപ്പള്ളി എസ്.ഐ. എസ്. അഭിലാഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. തൃശൂരില്‍നിന്നെത്തിയ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ക
ഴിഞ്ഞ ഒമ്പതിനും 18 നും വാടാനപ്പള്ളി ഏഴാംകല്ലിലും തൃത്തല്ലൂരിലുമായി രണ്ട് വീടുകളില്‍ മോഷണവും മൂന്നു വീടുകളില്‍ മോഷണശ്രമവും നടന്നിരുന്നു. ഈ കേസുകളില്‍ പ്രതികളെ പിടികൂടിയിട്ടില്ലെന്നിരിക്കേയാണ് വീണ്ടും വ്യാപക മോഷണം അരങ്ങേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."