വനംവകുപ്പിലെ അഴിമതിയും നിയമനവും അന്വേഷിക്കണം: സി.പി.ഐ
നിലമ്പൂര്‍: വനംവകുപ്പിന്റെ നിലമ്പൂര്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നു സി.പി.ഐ. സര്‍വിസില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥരെ മറയാക്കി നിലമ്പൂര്‍ നോര്‍ത്ത്-സൗത്ത് വനം ഡിവിഷനുകളില്‍ നടക്കുന്ന അഴിമതിയും അനധികൃത നിയമനവും സംബന്ധിച്ച് സി.പി.ഐ നേരത്തെ പരാതി നല്‍കിയിട്ടുണ്ട്.
ഈ സംഭവങ്ങള്‍ വനം-പൊലിസ് വിജിലന്‍സുകള്‍ അന്വേഷിച്ച് വനംവകുപ്പിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ഡി.എഫ്.ഒമാര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം നിലമ്പൂരിലെത്തിയ വനം മന്ത്രി കെ. രാജുവിന് മണ്ഡലം കമ്മിറ്റി നേരിട്ട് പരാതി നല്‍കിയിരുന്നു. ക്കൈകൂലി വാങ്ങുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത് അനധികൃതമായി നിയമിച്ച വിരമിച്ച ജീവനക്കാരാണെന്നും സി.പി.ഐ നേതാക്കള്‍ ആരോപിച്ചു. അനധികൃത നിയമനം നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതോടൊപ്പം വിരമിച്ച ജീവനക്കാരെ അടിയന്തിരമായി പിരിച്ചുവിടണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിനു തയാറാകുമെന്നും മണ്ഡലം സെക്രട്ടറി ആര്‍. പാര്‍ഥസാരഥി, ടി.കെ ഗിരീഷ് കുമാര്‍, പി.എം ബഷീര്‍, ലോക്കല്‍ കമ്മറ്റി അംഗം എം. മുജീബ് റഹ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, സ്വന്തം വകുപ്പില്‍തന്നെ അഴിമതിയരോപണവുമായി സി.പി.ഐ രംഗത്തുവന്നത് ഉദ്യോഗസ്ഥര്‍ക്കു കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."