മന്ത്രി സി രവീന്ദ്രനാഥിന്റെ സാന്നിധ്യത്തില്‍ 9ന് റിവ്യൂ കമ്മിറ്റി മീറ്റിങ്
കണ്ണൂര്‍: കണ്ണൂരിന്റെ കൈത്തറി ടൗവലും പുസ്തകവും നല്കി കലോത്സവത്തിനായി കണ്ണൂരിലെത്തുന്ന വിശിഷ്ടാതിഥികളെയും തുണിസഞ്ചി വിതരണം ചെയ്ത് വിദ്യാര്‍ഥികളെയും സ്വീകരിക്കും. സംസ്ഥാന കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ കലക്ടറ്റില്‍ ചേര്‍ന്ന സബ്കമ്മറ്റി ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. റിവ്യൂ കമ്മറ്റി മീറ്റിങ് 9ന് വിദ്യാഭ്യസമന്ത്രി സി രവീന്ദ്രനാഥിന്റെ സാന്നിധ്യത്തില്‍ നടക്കും. കലോത്സവത്തിന്റെ ഭാഗമായി 57 അധ്യാപകരുള്‍പ്പെട്ട സംഘം സ്വാഗതഗാനം അവതരിപ്പിക്കുന്നതിനുള്ള പരിശീലനം തുടങ്ങിക്കഴിഞ്ഞു.
തലശ്ശേരിയില്‍ കേക്ക് നിര്‍മിച്ചതിന്റെ 133ാമത് വാര്‍ഷികത്തിന്റെ സ്മരണ പുതുക്കി 20 അടി നീളമുള്ള കേക്ക് ബേക്കേഴ്സ് അസോസിയേഷന് വാഗ്ദാനം ചെയ്തതായും ഇതു വേദിയില്‍ വിതരണം ചെയ്യുമെന്നും റിസപ്ഷന് കമ്മിറ്റി അറിയിച്ചു. 16 മുതല്‍ വിവിധ ജില്ലാ ടീമുകളെ സ്വീകരിക്കും. 40 പ്ലോട്ടുകളാണ് ഘോഷയാത്രയില്‍ ഉണ്ടാവുക. കലോത്സവ നഗരിയില്‍ 700 പൊലിസുകാരെയും 150 സ്റ്റുഡന്‍സ് പൊലിസ് കാഡറ്റുകളെയും നിയോഗിക്കും. റെഡ്ക്രോസ് വഴി തെരഞ്ഞെടുക്കുന്ന 450 വളണ്ടിയര്‍മാര്‍ക്കും പരിശീലനം നല്‍കുമെന്ന് ലോ ആന്റ് ഓര്‍ഡര്‍ കമ്മറ്റി അറിയിച്ചു.
ഗതാഗത തടസമില്ലാതെ നഗരത്തില്‍ 20 ഇടങ്ങളില്‍ പാര്‍ക്കിങിന് സൗകര്യം ഒരുക്കിയതായി ട്രാന്‍സ്പോര്‍ട്ട് സബ്കമ്മറ്റി അറിയിച്ചു. കലോത്സവം കാണാനെത്തുന്നവരില്‍ നിന്ന് സര്‍വിസ് ചാര്‍ജില്‍ ഒരു രൂപ കുറച്ച് ഈടാക്കാന്‍ നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് നിര്‍ദേശം നല്കി. ഫെസ്റ്റ് ഓട്ടോ ബെസ്റ്റ് ഓട്ടോ എന്ന പേരില്‍ സ്റ്റിക്കര്‍ പതിച്ചാണ് ഈ ഓട്ടോകള്‍ സര്‍വിസ് നടത്തുക. പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ 110 തൊഴിലാളികളാണ് പാചകപ്പുരയിലുണ്ടാവുക. മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ 6000 ആളുകള്‍ക്കായാണ് ദിവസവും ഭക്ഷണം ഒരുക്കുക.
കോഴിക്കോട് ട്രഷറില്‍ നിന്ന് എത്തിക്കുന്ന സ്വര്‍ണക്കപ്പ് മാഹിയില്‍ നിന്ന് ഏറ്റുവാങ്ങി ജില്ലാ ട്രഷറിയില്‍ സൂക്ഷിക്കുമെന്ന് ട്രോഫി കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, എം.എല്‍.എമാരായ സി കൃഷ്ണന്, ജയിംസ് മാത്യു, ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, കലക്ടര്‍ മിര്‍ മുഹമ്മദ് അലി, ഡി.ഡി.ഇ ബാബുരാജ്, എ.ഡി.പി.ഐ ജസ്സി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."