കോണ്‍ഗ്രസ് ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധത്തില്‍ സംഘര്‍ഷം
കണ്ണൂര്‍: നോട്ട് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധത്തില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലിസ് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ വലയം ഭേദിച്ച് പോസ്റ്റ് ഓഫിസ് ഉപരോധിക്കുകയായിരുന്നു. സമരക്കാരെ നീക്കാന്‍ പൊലിസ് ശ്രമിച്ചത് ഉന്തിലും തള്ളിലും കലാശിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന് എം.പി സമരം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്മാന് പ്രൊഫ. എ.ഡി മുസ്തഫ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ പൊലിസ് വലയം ഭേദിച്ച് പോസ്റ്റ് ഓഫിസ് വളപ്പില്‍ കടന്നത്. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം പ്രവര്‍ത്തകര്‍ തടഞ്ഞു. പാച്ചേനിയക്കമുള്ളവരെ കയറ്റിയ പൊലിസ് വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. ചില പ്രവര്‍ത്തകര്‍ പൊലിസ് വാഹനത്തിനു മുകളില്‍ കയറിയും പ്രതിഷേധിച്ചു. കൂടുതല്‍ പൊലിസെത്തി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് പ്രതിഷേധം തണുത്തത്. നേതാക്കളെ അറസ്റ്റ് ചെയ്തതോടെ പ്രവര്‍ത്തകര്‍ സ്റ്റേഡിയം കോര്‍ണര്‍ വരെ പ്രകടനം നടത്തി പിരിഞ്ഞുപോയി. ഡി.സി.സി മുന്‍ പ്രസിഡന്റ് കെ സുരേന്ദ്രന്, മാര്ട്ടിന് ജോര്‍ജ്, എം.പി മുരളി, കൂക്കിരി രാജേഷ്, നൗഷാദ് വാഴവളപ്പില്‍, അഡ്വ. റഷീദ് കവ്വായി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."