യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് സംശയം
പുല്‍പ്പള്ളി: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ മരക്കടവില്‍ കബനി നദിയില്‍ മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. സ്പിരിറ്റ് കടത്തുസംഘത്തിന്റെ മര്‍ദനമേറ്റാണ് യുവാവ് മരിച്ചതെന്ന സംശയം ബലപ്പെടുകയാണ്.
സീതാമൗണ്ട് കുന്നേല്‍ മുകുന്ദന്റെ മകന് നിധീഷ് (27) ആണ് വ്യാഴാഴ്ച രാത്രിയില്‍ കബനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം സീതാമൗണ്ടിലെ വീട്ടില്‍ ബൈക്കുമായി ഇറങ്ങിയ നിധീഷിന്റെ ബൈക്ക് മറിഞ്ഞ നിലയില്‍ മരക്കടവില്‍ കബനി നദിക്കരയില്‍ കണ്ടെത്തിയതോടെയാണ് നാട്ടുകാര്‍ നദിയില്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 9.55-നാണ് നിധീഷിന്റെ മൃതദേഹം മരക്കടവ് പമ്പ് ഹൗസിനടുത്ത നീര്‍ക്കയത്തില്‍ പൊങ്ങിയത്.
നാട്ടുകാര്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ നദിയില്‍ തിരച്ചില്‍ ആരംഭിച്ചപ്പോള്‍ നദിയിലെ വള്ളക്കടത്തുകാരനായ മാനു,
താന്‍ ബുധനാഴ്ച രാത്രി ഏഴരയോടെ നിധീഷിനെ കരയില്‍ കയറ്റി വിട്ടതാണെന്ന് നാട്ടുകാരോട് പറഞ്ഞിരുന്നു. മരക്കടവിനക്കരെ മച്ചൂരിലെ മദ്യശാലയില്‍ നിന്നും മദ്യപിച്ച നിധീഷ് തോണിക്ക് കാത്തുനില്‍ക്കാതെ നദിയില്‍ ഇറങ്ങി നീന്തിയെന്നും നടുക്കെത്തിയപ്പോള്‍ മുങ്ങാന്‍ തുടങ്ങുന്നതു കണ്ട് താന്‍ തോണിയുമായി ചെന്ന് രക്ഷപ്പെടുത്തി കരയില്‍ കയറ്റി വിടുകയായിരുന്നെന്നുമാണ് കടത്തുകാരന് മാനു പൊലിസിനോടും നാട്ടുകാരോടും പറഞ്ഞത്.
എന്നാല്‍ സംശയം തോന്നി നാട്ടുകാര്‍ മാനുവിന്റെ തോണി പരിശോധിച്ചപ്പോള്‍ നിധീഷ് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ധരിച്ചിരുന്ന മുണ്ട് ഉണങ്ങിയ നിലയില്‍ ചുരുട്ടി വച്ചിരിക്കുന്നത് കണ്ടെത്തിയിരുന്നു. പുല്‍പ്പള്ളി ഉത്സവം പ്രമാണിച്ച് ഇവിടുത്തെ മദ്യശാലകള്‍ എട്ടു ദിവസത്തേക്ക് അടച്ചതിനാല്‍ മരക്കടവ് വഴി സ്പിരിറ്റ് കടത്ത് സജ്ജീവമായിരുന്നു. നിധീഷടക്കമുള്ള ഒരു സംഘം ചെറുപ്പക്കാര്‍ സംഘടിച്ച് ഈ സ്പിരിറ്റ് കടത്തിനെതിരെ രംഗത്തു വന്നിരുന്നു. ഇതു കാരണമാണ് കൊലപാതകം സംഭവിച്ചതെന്നാണ് കരുതപ്പെടുന്നത്.
പുല്‍പ്പളളി പൊലിസില്‍ ഈ വിവരങ്ങളെല്ലാം നിധീഷിന്റെ സുഹൃത്തുക്കള്‍ പറഞ്ഞെങ്കിലും ഇതു സംബന്ധിച്ച് വിശദമായി അന്വേഷിക്കാന്‍ പൊലിസ് തയാറായില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹത്തിന്റെ വയറ്റില്‍ വെള്ളത്തിന്റെ അംശം കുറവായി കണ്ടതും മരണം നദിയില്‍ മുങ്ങിയതുമൂലമല്ലെന്ന നിഗമനം ശരിവയ്ക്കുന്നു. കാലടിയില്‍ പവിഴം കമ്പനിയില്‍ ജീവനക്കാരനായ നിധീഷ് ഒരാഴ്ച മുമ്പാണ് വീട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."