മീനച്ചിലാര്‍ പുറമ്പോക്ക് കൈയേറ്റം: സര്‍വേ ജോലികള്‍ പുന:രാരംഭിച്ചു
ഏറ്റുമാനൂര്‍: മീനച്ചിലാറിന്റെ തീരപ്രദേശത്ത് വിവാദമായ പുറമ്പോക്ക് കയ്യേറ്റം അളന്ന് തിട്ടപെടുത്തുന്നതിനുള്ള സര്‍വ്വേ ജോലികള്‍ പുന:രാരംഭിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച സര്‍വ്വേ മൂന്നാം ദിവസം പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു. റവന്യൂ മന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണ് അളക്കല്‍ ജോലികള്‍ വെള്ളിയാഴ്ച പുന:രാരംഭിച്ചത്. നേരത്തെ ഭൂമി അളന്ന് തിട്ടപെടുത്തി നാട്ടിയ കുറ്റികള്‍ കാണാതായതിനെ തുടര്‍ന്ന് ആദ്യം മുതല്‍ വീണ്ടും അളക്കുകയാണ് ഇപ്പോള്‍.
പൂവത്തുംമൂട് പാലം മുതല്‍ 320 മീറ്റര്‍ ദൂരത്തിലാണ് കഴിഞ്ഞ തവണ അളന്നത്. വെള്ളിയാഴ്ച അളക്കാനെത്തിയപ്പോള്‍ അതിര്‍ത്തി നിര്‍ണ്ണയിച്ച് നാട്ടിയ കുറ്റികളെല്ലാം പിഴുത് മാറ്റിയ അവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്ന് പൂവത്തുംമൂട് പാലം മുതല്‍ വീണ്ടും അളന്നു തുടങ്ങി. വില്ലേജ് ഓഫീസറും വില്ലേജ് ഓഫീസിലെ രണ്ട് ഉദ്യഗസ്ഥരും താലൂക്കില്‍നിന്ന് നിയോഗിച്ച സര്‍വ്വേയറും ചെയിന്മാനുമാണ് ഇന്ന് സര്‍വ്വേ ജോലികളില്‍ ഏര്‍പെട്ടിട്ടുള്ളത്. അഡീഷണല്‍ തഹസില്‍ദാരുടെ നിര്‍ദ്ദേശപ്രകാരം നഗരസഭയില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനും കാട് വെട്ടിതെളിക്കാനായി രണ്ട് പണിക്കാരും സഹായത്തിനുണ്ട്.
ഏറ്റുമാനൂര്‍ നഗരസഭാ പതിനെട്ടാം വാര്‍ഡില്‍ പേരൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 30ല്‍ 433, 507 എന്നീ സര്‍വ്വേ നമ്പരുകളില്‍ പെട്ട പൂവത്തുംമൂട് പാലം മുതല്‍ കിണറ്റിന്‍മൂട് തൂക്കു പാലം വരെയുള്ള 35 ഏക്കറോളം വരുന്ന ആറ്റു പുറമ്പോക്ക് സ്വകാര്യവ്യക്തികള്‍ കയ്യേറിയത് വന്‍ വിവാദമായിരുന്നു. റവന്യൂ അധികൃതര്‍ കയ്യേറ്റക്കാര്‍ക്കനുകൂലമായ നിലപാടെടുക്കുന്നത് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ജില്ലാ കളക്ടറോട് വിശദീകരണം തേടിയിരുന്നു.
സര്‍വ്വേ നിര്‍ത്തിവെച്ച് രണ്ട് മാസം പിന്നിട്ടിട്ടും തുടര്‍നടപടികളുണ്ടാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മോന്‍സി പെരുമാലില്‍ തിരുവനന്തപുരത്തെത്തി മന്ത്രിയെ നേരില്‍ കണ്ട് പരാതിപെട്ടിരുന്നു. തുടര്‍ന്നാണ് ഇവരുടെ സാന്നിദ്ധ്യത്തില്‍ തന്നെ മന്ത്രി ജില്ലാ കളക്ടറെ ഫോണില്‍ വിളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."