കൗമാരകലയുടെ അരങ്ങൊഴിഞ്ഞു; ഇനി തെയ്യം തിറയുടെ നാട്ടില്‍
പറവൂര്‍: കൗമാരകലകളുടെ സര്‍ഗവാസനകള്‍മാറ്റുരച്ച പൈതൃകനഗരിയിലെ കലാവേദികളിള്‍ ആളും ആരവവും ഒഴിഞ്ഞു. വിജയിച്ചവര്‍ തുടര്‍ വിജയങ്ങള്‍തേടി യാത്രതുടങ്ങിയപ്പോള്‍ പരാജിതര്‍ നഷ്ടപ്പെട്ട വിജയം വരുന്നു കലോത്സവത്തില്‍ തിരികെപ്പിടിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
കഴിഞ്ഞ നാലു ദിനരാത്രങ്ങള്‍ പൈതൃക നഗരിയുടെസ്പന്ദനങ്ങള്‍ കൗമാരമേളക്കെത്തിയവരുടെ ചടുലതാളങ്ങള്‍ക്കും വായ്പ്പാട്ടുകള്‍ക്കുമൊപ്പമായിരുന്നു.
പതിഞ്ഞ താളത്തില്‍ തുടങ്ങിയ ഒന്നാം ദിനവും കൊട്ടിക്കയറിയ രണ്ടാം ദിനവും മൊഞ്ചത്തിമാരുടെ നാണത്തില്‍ മുങ്ങിയ മൂന്നാം ദിനവും പിന്നിട്ട് ഇന്നലെ കലാശക്കോട്ടിലേക്ക് എത്തിയപ്പോള്‍ അണിയറക്കൊപ്പം അരങ്ങും സജീവമായിരുന്നു. മേളയുടെ അവസാന രണ്ട് ദിനങ്ങളില്‍ മത്സരങ്ങള്‍ നടന്ന വേദികളില്‍ കാഴ്ച്ചക്കാരുടെ നിറ സാന്നിധ്യം പ്രകടമായിരുന്നു.
അവസാനദിനം മേളകഴിഞ്ഞ് എല്ലാ വരും മടങ്ങുമ്പോള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായിരുന്നു നഗരം. നാലുദിനങ്ങള്‍ തങ്ങളുടെ നഗരിയെ ആഘോഷങ്ങളുടെ നിറച്ചാര്‍ത്തണിയിച്ച കലോത്സവം അവസാനിച്ചതോടെ മേളക്ക് അകമഴിഞ്ഞ പിന്‍തുണ നല്‍കിവന്ന നഗരവാസികളും മൂകതയിലാണ്.
ആഘോഷങ്ങള്‍ അവസാനിക്കാതിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നതായി നാട്ടുകാര്‍ പറഞ്ഞു. പൈതൃകനഗരിയുടെ പേര് അന്വര്‍തമാക്കുന്നതായിരുന്നു മേളയോടുള്ള ജനങ്ങളുടെ സമീപനം.
കലോത്സവത്തിലെ വിജയികളെ വരവേല്‍ക്കുന്നതിനായി തെയ്യങ്ങളുടെ നാടായ കണ്ണൂരിന്റെ മണ്ണും മനസും ഒരുങ്ങിക്കഴിഞ്ഞു. വരുന്ന 16 മുതല്‍ 22 വരെ നടക്കുന്ന കലോത്സവത്തിനായുള്ള ഒരുക്കങ്ങളുടെ അവസാനഘട്ട മിനുക്കുപണികളിലാണ് കണ്ണൂര്‍.
കലാശക്കൊട്ടില്‍
കല്ലുകടി
പറവൂര്‍: കലോത്സവമേളയുടെ അവസാന ദിനം സമാപിച്ചത് കല്ലുകടിയോടെ. ഹയര്‍സെക്കന്‍ഡറി വിഭാഗം കേരള നടത്തിലെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് ഇന്നലെ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. മത്സരാര്‍ഥികളും രക്ഷിതാക്കളും തമ്മിലുള്ള തര്‍ക്കം രൂക്ഷമോയതേടെ പൊലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
മത്സരത്തില്‍ ഒന്നാമതെത്തിയ മൂത്തകുന്നം എസ്.എന്‍.എം എച്ച് .എസ്.എസിലെ ആര്യ ലക്ഷ്മി വില്‍നെതിരെ അരോപണവുമായി മറ്റ് മത്സരാര്‍ഥികള്‍ രംഗത്ത് എത്തിയതോടെയാണ് പ്രശനം ഉടലെടുത്തത്. വാഗ്‌വാദം സംഘര്‍ഷവസ്ഥയിലേക്ക് നീങ്ങുന്ന അവസ്ഥയിലേക്ക് എത്തിയപ്പോള്‍ സംഘടാകര്‍ പൊലിസിനെ വിളിച്ചത്.
വിവരങ്ങള്‍ വിരല്‍ തുമ്പില്‍
പറവൂര്‍: കലോത്സവത്തിന്റെ വിവരങ്ങള്‍ പൊതുജനങ്ങളിലേക്കും മത്സരാര്‍ഥികളിലേക്കും എത്തിക്കുന്നതില്‍ പബ്ലിസിറ്റി കമ്മിറ്റി വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. വിവരങ്ങള്‍ അന്വേഷിച്ച് മത്സരാര്‍ഥികള്‍ക്ക് ഓടിനടക്കേണ്ട അവസ്ഥയുമുണ്ടായില്ല.
വിവര സാങ്കേതികവിദ്യയിലൂടെ എല്ലാം വിരല്‍തുമ്പില്‍ ലഭ്യമാക്കാന്‍ കമ്മിറ്റിക്കു സാധിച്ചു. ഫലങ്ങള്‍ കൃത്യസമയത്ത് മാധ്യങ്ങള്‍ക്കും മത്സരിച്ചവര്‍ക്കും നല്‍കുന്ന കാര്യത്തില്‍ മികച്ച നടപടികളാണ് കമ്മിറ്റി സ്വീകരിച്ചത്.
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.ജെ ഷൈന്‍ ടീച്ചര്‍ ചെയര്‍പേഴ്‌സണും കെ.എ നൗഷാദ് കണ്‍വീനറുമായ കമ്മറ്റി പ്രവര്‍ത്തിച്ചത്. സാധാരണ ധാരളം പരാതികള്‍ കേള്‍ക്കുന്ന പബ്ലിസിറ്റി കമ്മറ്റിയെ പഴിയൊന്നും കേള്‍പ്പിക്കാതെ അവസാനദിനം വരെയെത്തിക്കുന്നതിന് ഇതിലെ അംഗങ്ങള്‍ക്ക് സാധിച്ചു.
ഐ.ടി സ്‌കൂളുമായി ചേര്‍ന്ന് മത്സരങ്ങളുടെ ഫലവും ചാര്‍ട്ടുമറിയാന്‍ ആപ്പും വെബ്‌സൈറ്റും കമ്മിറ്റി തയാറാക്കിയിരുന്നു. നിരവധിപേരാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മത്സരഫങ്ങളും മത്സരങ്ങളുടെ വേദിയും മറ്റും അറിഞ്ഞത്. കലോത്സവത്തിന്റെ മുഖ്യ ആശയമായ പരിസ്ഥിതി സൗഹൃദം പാലിച്ചാണ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
'ഉറുദു'വില്‍ വിജയക്കൊടി പാറിച്ച്
എച്ച്.ഐ എച്ച്.എസ്.എസ് എടവനക്കാട്
പറവൂര്‍: ഉറുദു വിഭാഗത്തില്‍ മത്സരിച്ച എല്ലാ ഇനങ്ങളിലും വിജയികളായി എച്ച്.ഐ എച്ച്.എസ്.എസ് എടവനക്കാട് വൈപ്പിന്‍. പങ്കെടുത്തഎട്ട് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ ഇവര്‍ കാത്തുവച്ചു. കഴിഞ്ഞ തവണ പങ്കെടുത്ത എട്ട് വിഭാഗങ്ങളില്‍മത്സരിച്ചെങ്കിലും ആറുവിഭാഗങ്ങളില്‍ മാത്രമാണ് വിജയിച്ചത്.
ഇത്തവണ അത് തിരുത്തി എട്ടിലും നേടി. ഹയര്‍സെക്കന്‍ഡറി ഉറുദു കഥാരചനയില്‍ കെ.എസ് മെഹറുനീസയും ഉറുദു ക്വിസിലും ഉപന്യാസത്തിലും പി.എം ഫാത്തിമ ഫര്‍സാന, ഉറുദു കവിതാ രചനയില്‍ ഫാത്തിമ നൗറിന്‍, ഗസലില്‍ ആഷ്‌നി സലാം, സംഘഗാനം, എച്ച്.എസ് വിഭാഗത്തില്‍ ഉപന്യാസ രചനയില്‍ ഫാത്തിമ അമ്രിന്‍, കവിതാ രചനയില്‍ കെ.എസ് ഫര്‍സാന എന്നിവരും ഒന്നാമതെത്തി.
സ്‌കൂളിലെ ഉറുദു അദ്യാപകനായ ബഷീര്‍ ചാവക്കാടിന്റെ കീഴിലാണ് കുട്ടികള്‍ പരിശീലനം നടത്തുന്നത്. 12 വര്‍ഷമായി ബഷീര്‍ കുട്ടികളെ പരിശിലിപ്പിക്കാന്‍ തുടങ്ങിയിട്ട്.
പൂരക്കളിയിലെ 'മൂത്ത'കുന്നം
പറവൂര്‍: ഹയര്‍സെക്കന്‍ഡറി വിഭാഗം പൂരക്കളിയില്‍ തുടര്‍ച്ചയായി പത്താം തവണയും തങ്ങളുടെ അപ്രമാദിത്വം വിളിച്ചോതി മൂത്തകുന്നം സ്.എന്‍.എം.എച്ച്.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീം ഒന്നാമതെത്തി.
ജില്ലയില്‍ മാത്രമല്ല സംസ്ഥാന കലോത്സവത്തിലും സജീവ സാന്നിധ്യമാണ് ഇവര്‍. പൂരക്കളികലാകാരന്‍ കാസര്‍കോട് സ്വദേശി അപ്പ്യാല്‍ പ്രമോദാണ് ഇവരെ പരിശീലിപ്പിക്കുന്നത്. 20 വര്‍ഷത്തോളമായി കുട്ടികളെ പരിശീലിപ്പിക്കുന്ന പ്രമോദ് പേരെടുത്ത പൂരംകളി കലാകാരനാണ്.
കെ.എസ് ശബരീനാഥ്, കെ.എസ് ശരത്, എ.എസ് കാളിദാസ്, അമല്‍ കൃഷ്ണപ്രസാദ്, ടി.കെ ഗോകുല്‍ കൃഷ്ണ, കെ.എം അനൂപ്, അതുല്‍ വാഴയില്‍, ഗോകുല്‍കുമാര്‍, കെ.എന്‍. അക്ഷയ്, പി.വി. അഭിഷേക്, വിപിന്‍, ഡോണ്‍ ജേക്കബ് എന്നിവരാണ് ടീം അംഗങ്ങള്‍.
ഒന്‍പതാം തവണയും മൂത്തകുന്നം
പറവൂര്‍: ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എതിരാളികളെ നിഷ്പ്രഭരാക്കി ഒന്‍പതാം തവണയും ചാമ്പ്യന്‍മാരായി മൂത്തകുന്നം എസ്.എന്‍.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. 125 പോയിന്റോടെയാണ് ഇക്കുറി കിരീടത്തില്‍ മുത്തമിട്ടത്. 26 ഇനങ്ങളില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന യുവജനോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്തായിരുന്നു സ്‌കൂള്‍. എഴുപതിലേറെ വിദ്യാര്‍ഥികളാണു ഇക്കുറി മല്‍സരത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."