ദളിത് ബാലികയെ ടീച്ചര്‍ മര്‍ദിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി നടപടി തുടങ്ങി
നെടുമ്പാശ്ശേരി: രണ്ടര വയസ്സുകാരി ദളിത് ബാലികയെ അംഗന്‍വാടി ടീച്ചര്‍ ക്രൂരമായി മര്‍ദനമേല്‍പ്പിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി നടപടി തുടങ്ങി. കുട്ടിയുടെ വീട്ടില്‍ എത്തി ഉദ്യോഗസ്ഥര്‍ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ കാക്കനാട് നടന്ന സമിതി യോഗത്തില്‍ കുട്ടിയില്‍ നിന്നും നേരിട്ട് മൊഴി രേഖപ്പെടുത്തി.
എന്നാല്‍ ടീച്ചറെ രക്ഷിക്കാന്‍ പൊലിസ് ശ്രമിക്കുന്നതായി ആക്ഷേപം ശക്തമാകുകയാണ്. സംഭവം നടന്ന് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും അന്വേഷണം ഇഴയുകയാണ്. പാറക്കടവ് ഐ.സി.ഡി.എസ് ഓഫിസിനു കീഴിലുള്ള കുളവന്‍കുന്ന് അംഗന്‍വാടിയിലെ ടീച്ചര്‍ക്കെതിരെയായിരുന്നു പരാതി. കുളവന്‍കുന്ന് കുന്നിലെപറമ്പ് വീട്ടില്‍ സുരേഷിന്റെ മകള്‍ നിവേദ്യയെയാണ് അംഗന്‍വാടി ടീച്ചര്‍ വടികൊണ്ട് ശരീരത്തിന്റെ പലഭാഗത്തായി അടിച്ചതായി പരാതി ഉയര്‍ന്നിരുന്നത്. ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട ഏഴോളം പാടുകള്‍ വടി കൊണ്ട് അടിച്ചത് മൂലം ഉണ്ടായതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ചൈല്‍ഡ് ലൈനിലും പൊലിസിലും ഡോക്ടര്‍ വിവരം നല്‍കിയെങ്കിലും കഴിഞ്ഞ മാസം 23ന് നടന്ന സംഭവത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിരുന്നില്ല. സംഭവ ദിവസം രക്ഷിതാക്കള്‍ കുട്ടിയുമായി പൊലിസ് സ്റ്റേഷനില്‍ നേരിട്ടെത്തി എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ കണ്ട് പരാതി ബോധിപ്പിച്ച ശേഷമാണ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്.
ദിവസങ്ങള്‍ കാത്തിരുന്നിട്ടും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതോടെ ഒരാഴ്ച്ചയ്ക്ക് ശേഷം വീണ്ടും ചെങ്ങമനാട് പൊലിസ് സ്റ്റേഷനിലെത്തി പരാതി എഴുതി നല്‍കിയതോടെയാണ് പൊലിസ് പ്രാഥമിക അന്വേഷണത്തിന് തയ്യാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."