വിവാഹ വിരുന്നുകള്‍ക്ക് ഹരിത പ്രോട്ടോക്കോള്‍
കൊച്ചി: വിവാഹാഘോഷങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ ആഭിമുഖ്യത്തിലാണ് ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കുക. ഇതു സംബന്ധിച്ച് മതസാംസ്‌കാരിക നേതാക്കള്‍, ഓഡിറ്റോറിയം ഉടമകള്‍, കാറ്ററിങ് സേവനദാതാക്കള്‍ എന്നിവരുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചര്‍ച്ച സംഘടിപ്പിച്ചു.
പ്ലാസ്റ്റിക്കും പരിസ്ഥിതിക്കു ദോഷകരമാവുന്ന ഉപയോഗിച്ച ശേഷം കളയാവുന്ന വസ്തുക്കളും ഒഴിവാക്കി, പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വസ്തുക്കള്‍ ആഘോഷങ്ങള്‍ക്കും വിരുന്നുകള്‍ക്കും ഉപയോഗിക്കണം. മാലിന്യ ഉദ്പാദനം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത്. ചര്‍ച്ചകളിലൂടെയും ബോധവല്‍കരണത്തിലൂടെയും പരമാവധി ആളുകളെ സ്വമേധയാ ഇത്തരമൊരു പരിപാടിയിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ആദ്യപടിയായി ഓഡിറ്റോറിയം ഉടമകളും കാറ്ററിങ് സേവനദാതാക്കളും ജനുവരി 13നകം ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കുന്നുവെന്നു ജില്ലാ കലക്ടറെ എഴുതി അറിയിക്കണം.ഫെബ്രുവരിക്കകം ഹരിത പ്രോട്ടോക്കോള്‍ പ്രകാരം വിവാഹവിരുന്നു നടത്തുമെന്നും അറിയിക്കണം. ഇത്തരം ഓഡിറ്റോറിയങ്ങള്‍ക്കും കാറ്ററിങ് സേവനം നടത്തുന്നവര്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയും അഭിനന്ദന സര്‍ട്ടിഫിക്കറ്റും നല്കും. മതസാംസ്‌കാരിക നേതാക്കളും അവര്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ ഹരിത പ്രോട്ടോക്കോള്‍ പാലിക്കുമെന്ന തീരുമാനം ഒരാഴ്ചയ്ക്കകം കളക്ടറെ അറിയിക്കണം.
ഹരിതപ്രോട്ടോക്കോള്‍ നടപ്പാക്കുക വഴി മാലിന്യസംസ്‌കരണ രംഗത്തും സാമൂഹ്യരംഗത്തും വന്‍ മാറ്റം വരുത്താനാവുമെന്നു കളക്ടര്‍ കെ.മുഹമ്മദ് വൈ.സഫീറുള്ള പറഞ്ഞു. മാലിന്യ ഉല്‍പാദനം പരമാവധി കുറയ്ക്കുന്നതാണ് മാലിന്യസംസ്‌കരണത്തിനുള്ള എറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് സംസ്ഥാനശുചിത്വമിഷന്‍ കമ്മ്യൂണിറ്റി മൊബിലൈസേഷന്‍ വിദഗ്ദ്ധന്‍ ജോഷി വര്‍ഗീസ് പറഞ്ഞു. ഉപയോഗിച്ചശേഷം കളയുന്ന പേപ്പര്‍ പ്‌ളേറ്റുകളിലും കപ്പുകളിലും ചെറുതായി പല്‍സ്റ്റിക് കോട്ടിങ് ഉണ്ടെന്നും ഇതുവഴി ഹാനികരമായ രാസവസ്തുക്കള്‍ ശരീരത്തിലെത്തുന്നതിനെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം കുറവാണെന്നും യോഗത്തില്‍ സംസാരിച്ച പെലിക്കന്‍ ഫൗണ്ടേഷന്‍ പ്രതിനിധി ഡോ. സി.എന്‍.മനോജ് പറഞ്ഞു. ഹരിതകേരളം ജില്ലാ കോഓഡിനേറ്റര്‍ ടിമ്പിള്‍ മാഗി, ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ സിജു തോമസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."