ജേതാക്കള്‍ക്കായി ട്രോഫികള്‍ ഒരുങ്ങി
അമ്പലപ്പുഴ : നാട്യനടന വിസ്മയങ്ങളുടെ നാലുദിനരാത്രങ്ങള്‍ മിന്നിമാഞ്ഞപ്പോള്‍ വേദികളിലെ മല്‍സരങ്ങള്‍ക്ക് കാഠിന്യമേറി. അമ്പലപ്പുഴ കണ്ണന്റെ നാട്ടില്‍ രാഗവും താളവും ഭാവവും സമ്മേളിച്ചപ്പോള്‍ ജേതാക്കളെ നിശ്ചിയിക്കാന്‍ വിധകര്‍ത്താക്കള്‍ പലപ്പോഴും കുഴഞ്ഞു. ജില്ലയിലെ 241 സ്‌കൂളില്‍നിന്നുളള 2345 വിദ്യാര്‍ത്ഥികളാണ് ഇക്കുറി വേദികളില്‍ തിമിര്‍ത്താടാന്‍ എത്തിയത്. 10 വേദികളിലായി നടത്തപ്പെടേണ്ട 291 ഇനങ്ങളില്‍ ഏറിയ ഭാഗവും വിധിനിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞു.
നാമമാത്ര ഇനങ്ങളില്‍ മാത്രമേ ഇനി മല്‍സരങ്ങള്‍ നടക്കേണ്ടതുളളു. തുടക്കത്തിലെ വിരസത രണ്ടുദിനങ്ങള്‍ പിന്നിട്ടപ്പോള്‍ താളാത്മകമായി. നാലാംദിനം പ്രതിഭകള്‍ ഉരുക്കഴിച്ച ഭാവതാളങ്ങളുടെ ഉജ്വല മുഹൂര്‍ത്തങ്ങള്‍ വേദികളെ പ്രകമ്പനം കൊളളിച്ചു. വേദികളിലേക്ക് ആസ്വാദകര്‍ ഒഴുകിയെത്തിയത് സംഘാടകര്‍ക്കും ഏറെ സന്തോഷവും ആശ്വാസവും നല്‍കി. അങ്ങിങ്ങ് ചില്ലറ വിവാദങ്ങള്‍ ഒഴിവാക്കിയാല്‍ മേള പൊതുവെ പരിസമാപ്തിയിലേക്ക് എത്തുന്നുവെന്നുതന്നെ പറയാം. നാടക വേദികളും കഥാപ്രസംഗ വേദികളും കാണികള്‍ കയ്യടക്കി.
ഒന്‍വിയും ഒ വി വിജയനും മോയിന്‍ക്കുട്ടി വൈദ്യരും താരങ്ങള്‍ക്ക് താങ്ങായി നിന്നപ്പോള്‍ വേദികള്‍ സമകാലിക സാമൂഹ്യ ജീവതങ്ങളുടെ നേര്‍കാഴ്ചയായി. ഇശലുകളുടെ താരാട്ടുമായി മാപ്പിളപാട്ടു വേദികള്‍ സംഗീത സാന്ദ്രമായപ്പോള്‍ ഭാവാഭിനയത്തിന്റെ മികവുമായി നാടകവേദികളും സജീവമായി. ഇനി ഒരുനാള്‍ക്കൂടി മിന്നിമായുമ്പോള്‍ അലകളുടെയും പുഴകളുടെയും നാടിന്റെ കലാവൈഭവം വിപ്ലവഭൂമിയിലും തെളിയും. കണ്ണൂരിന്റെ മണ്ണില്‍ കലയുടെ പുത്തന്‍ഗാഥ രചിക്കാന്‍ അവസരമൊരുങ്ങുന്നവര്‍ക്ക് ഇനി ഉറക്കമില്ലാത്തരാവും. ജേതാക്കളെ കാത്ത് 180 ഓളം ട്രോഫികളാണ് ഒരുക്കിയിട്ടുളളത്.
ഇക്കുറി നടന ഇനങ്ങള്‍ക്ക് ഒന്നാം സ്ഥാനത്തെത്തുന്ന ഒരാള്‍ക്ക് കായംകുളത്തുനിന്നുളള സൈക്കിള്‍ വ്യാപാരി ബൈക്ക് സോണ്‍ സ്‌പോണ്‍സര്‍ ചെയ്ത സൈക്കിളും നല്‍കും. ട്രോഫികളില്‍ മിക്കവയും തിരിച്ചെത്തിയതായി സംഘാടകര്‍ അറിയിച്ചു.എന്നാല്‍ കാലംപഴക്കം ചെന്ന പല ട്രോഫികളും ഉപയോഗശൂന്യമായതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ട്രോഫി കമ്മിറ്റികളുടെ നടത്തിപ്പിന് ഫണ്ട് അനുവദിച്ചതല്ലാതെ ട്രോഫികള്‍ പുതുതായി വാങ്ങാന്‍ ഫണ്ട് അനുവദിക്കാതിരുന്നത് തിരിച്ചടിയായിട്ടുണ്ട്. എങ്കിലും സ്‌പോണ്‍സര്‍മാരെ കണ്ടെത്തി പരമാവധി പുതിയ ട്രോഫികള്‍ തന്നെ ജേതാക്കള്‍ക്ക് നല്‍കാനാണ് സംഘാടകരുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."