മൈലാഞ്ചി മൊഞ്ച്
അമ്പലപ്പുഴ: നാലാം ദിനം മൈലാഞ്ചി മൊഞ്ചില്‍ കുളിച്ച് കലോത്സവ വേദി. മധുരമുള്ള മാപ്പിളപ്പാട്ടിനൊത്ത് മൊഞ്ചത്തിമാര്‍ ചുവട് വെച്ചപ്പോള്‍ കലോത്സവ വേദിയിലേക്ക് കാണികള്‍ ഒഴുകിയെത്തി. മൂന്നു ദിനങ്ങളില്‍ കാണികള്‍ കുറഞ്ഞതിന്റെ നിറമില്ലായ്മ ഒറ്റദിനം കൊണ്ട് ഒപ്പനയുടെ ഇശലുകള്‍ മായ്ച്ച് കളഞ്ഞു.ഒപ്പനയുടെ മനോഹാരിത ആസ്വദിക്കാന്‍ നിരവധി കലാ പ്രേമികളാണ് ഇന്നലെ രണ്ടാം വേദിയിലേക്ക് എത്തിയത്.മനോഹരമായ അവതരണത്തിലൂടെ എച്ച്.എസ്.എസ് വിഭാഗത്തില്‍ ബിഷപ് ഹോഡ്ജസ് മാവേലിക്കര ഒന്നാം സ്ഥാനത്തെത്തി.
പത്ത് വര്‍ഷമായി രഗത്തുള്ള പരിശീലകന്‍ നൗഫല്‍ കോഴിക്കോടിന്റെ ശിക്ഷണത്തില്‍ 'മനയില്‍ ശറഫേറി റാണി മഹിമ പരന്തിടും ഹൂറി' എന്ന മൊയ്തുവാണിമേല്‍ ചിട്ടപ്പെടുത്തിയ മനോഹരഗാനത്തിനൊപ്പമാണ് ഇവര്‍ ചുവട് വെച്ചത്. നിമിഷയാണ് ഗാനം ആലപിച്ചത്.
എച്ച്.എസ്. വിഭാഗം ഒപ്പനയിലും മൊഞ്ചത്തിമാര്‍ മികച്ച നിലവാരം പുലര്‍ത്തിയപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.കാണികളുടെ നിറഞ്ഞ കയ്യടി നേടി വേദി കീഴടക്കി. എച്ച്.എസ്.വിഭാഗത്തില്‍ താമരക്കുളം വി.വി എച്ച്.എസ്.എസ് ഒന്നാമതെത്തി.
എന്നാല്‍ വിധി നിര്‍ണയത്തെ ചൊല്ലി ചില വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും ഒപ്പനയുടെ മാറ്റ് ഒട്ടും കുറച്ചില്ല യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ചിലര്‍ വേദിയിലേക്ക് തള്ളി കയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."