കര്‍ഷകര്‍ക്ക് കണ്ണീരിന്റെ കാലം
പുല്‍പ്പള്ളി: പുല്‍പ്പള്ളി മേഖലയിലെ പച്ചക്കറികള്‍ക്ക് കീടബാധ വ്യാപകമായതോടെ കര്‍ഷകര്‍ക്ക് കണ്ണീരിന്റെ കാലം. വന്‍ മുതല്‍ മുടക്കില്‍ കൃഷി നടത്തിയ കര്‍ഷകര്‍ക്ക് പറയാന്‍ നഷ്ടങ്ങളുടെ കണക്ക് മാത്രം. പച്ചക്കറി കൃഷിയില്‍ രോഗബാധ മൂലം വ്യാപകമായി നശിച്ചത് തക്കാളിയാണ്. പുല്‍പ്പള്ളി ആനപ്പാറയിലെ മൂന്നേക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത തക്കാളി വിളവെടുപ്പിന് പാകമായതോടെ തക്കാളിച്ചെടി കരിഞ്ഞുണങ്ങുകയും തക്കാളിയുടെ മൂട് ചീയുകയും തണ്ടുകള്‍ കരിഞ്ഞുണങ്ങുകയും ചെയ്യുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ഹൈബ്രിഡ് തൈകളായിരുന്നു പൂര്‍ണമായും ജൈവരീതിയില്‍ കൃഷി ചെയ്തത്. മഴക്കുറവിനാല്‍ പലരും സ്വന്തം നിലയില്‍ ജലസേചനം നടത്തിയാണ് കൃഷി സംരക്ഷിച്ചത്. വിളവെടുപ്പ് സമയമായതോടെ രോഗങ്ങള്‍ പടര്‍ന്ന് പിടിച്ചതും ചെടികള്‍ കരിഞ്ഞുണങ്ങുന്നതും മേഖലയിലെ പലയിടത്തും കണ്ടുതുടങ്ങി. മൂപ്പെത്തിയ കായ്കള്‍ ഉന്നങ്ങി നശിക്കുകയും ഇതുമൂലം വിളവെടുപ്പ് നടത്താനും കഴിയുന്നില്ല. ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിന് എഴുപതിനായിരത്തോളം രൂപ ചെലവ് വരും. ഒറ്റരൂപ പോലും തിരികെ കിട്ടാത്ത രീതിയിലാണ് രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത്. സ്ഥലം പാട്ടത്തിനെടുത്തും സംഘങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്പയെടുത്തും പച്ചക്കറി കൃഷി ചെയ്ത കര്‍ഷകര്‍ക്കാണ് കീടബാധ വ്യാപകമായതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലായത്. എന്നാല്‍ പച്ചക്കറികള്‍ക്കുണ്ടായ കീടബാധ എന്താണെന്ന് കണ്ടെത്തുന്നതിനോ, പ്രതിരോധ മാര്‍ഗം സ്വീകരിക്കുന്നതിനോ അധികൃതര്‍ തയ്യാറായിട്ടില്ല. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ മാത്രം 500ഓളം ഏക്കര്‍ സ്ഥലത്ത് പൂര്‍ണമായും ജൈവരീതിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകരാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."