ഇന്ത്യന്‍ താല്‍പര്യത്തിനെതിരേ ഒരു സാമ്പത്തിക ഇടനാഴി
ചൈനയും പാകിസ്താനും ചേര്‍ന്നു സാമ്പത്തിക ഇടനാഴി സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഇപ്പോള്‍ അതിനെ റഷ്യയും പിന്തുണച്ചിരിക്കുന്നു. പഴയ സോവിയറ്റ് യൂണിയനിലെ ഘടകരാജ്യങ്ങളും ഇതിന്റെ ഭാഗമാകാനുള്ള താല്‍പര്യത്തിലാണ്. ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും താല്‍പര്യത്തിനെതിരാണ് ഈ സാമ്പത്തിക ഇടനാഴിയെന്ന ഇന്ത്യന്‍ നിലപാടിനെ അവഗണിച്ചാണ് ഈ നീക്കം.
പാകിസ്താനെ ഭീകരവാദരാജ്യമായി കാണുന്ന ഇന്ത്യ യു.എന്നില്‍ അതിന് അനുസൃതമായി നീക്കങ്ങള്‍ നടത്തുന്നതിനിടെയാണു റഷ്യയുടെ നീക്കമെന്നതു ശ്രദ്ധേയം. അടുത്തിടെ ഇന്ത്യ-പാക് സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്തു പാക് അധീനകശ്മിരില്‍ പാകിസ്താനുമായുള്ള സംയുക്ത സൈനികാഭ്യാസത്തില്‍നിന്നു റഷ്യ പിന്മാറിയിരുന്നു. എന്നാല്‍, പിന്നീടു സൈനികാഭ്യാസം നടത്തി. ഇപ്പോള്‍ സാമ്പത്തിക ഇടനാഴിയെ പിന്തുണയ്ക്കാനുള്ള അവരുടെ തീരുമാനം ഇന്ത്യന്‍ താല്‍പര്യത്തിനു വിരുദ്ധമാണ്. ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ അടുത്തതാണു റഷ്യയെ പ്രകോപിപ്പിക്കുന്നതെന്നാണു വിലയിരുത്തല്‍.
ചൈന-പാക് സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി)
ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ 13 ാമത്തെ പഞ്ചവത്സരപദ്ധതിയിലുള്‍പ്പെടുത്തിയതാണ് ചൈന-പാക് സാമ്പത്തിക ഇടനാഴിയെന്ന ആശയം. പദ്ധതിയുടെ ആത്യന്തികലക്ഷ്യം ചൈനയെയും മറ്റു പൂര്‍വേഷ്യന്‍ രാജ്യങ്ങളെയും യൂറോപ്യന്‍-ആഫ്രിക്കന്‍ സാമ്പത്തികമേഖലയുമായി ബന്ധിപ്പിക്കുകയെന്നതാണ്. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു വിപണി തേടുന്നതിനൊപ്പം അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ സൈനികശക്തി ആര്‍ജിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. ചൈനയുടെ പശ്ചിമദേശമായ ഷിന്‍ഴാങിനെ പാകിസ്താനിലെ ഗ്വാഡര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്നതാണു പ്രഖ്യാപിത സാമ്പത്തിക ഇടനാഴി.
ഇവയ്ക്കിടയിലുള്ള സ്ഥലങ്ങളെ റോഡ്, റെയില്‍, ജല മാര്‍ഗങ്ങളിലൂടെ ബന്ധിപ്പിച്ചു വികസിപ്പിക്കുകയാണു ലക്ഷ്യം. ലോകത്ത് ഏറ്റവും ഉയരമുള്ള പ്രദേശങ്ങളിലൂടെയും ഏറ്റവും പ്രശ്‌നബാധിതമെന്നു വിലയിരുത്തപ്പെടുന്ന പ്രദേശങ്ങളിലൂടെയുമാണ് ഈ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നതെന്നതാണ് ഇതിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. വണ്‍ റോഡ് വണ്‍ ബെല്‍റ്റ് (ഒ.ആര്‍.ഒ.ബി) എന്ന ചൈനീസ് പദ്ധതിക്കു കീഴില്‍ 3132 കോടി രൂപ മുതല്‍മുടക്കി ചൈനയാണ് ഇതു നിര്‍മിക്കുന്നത്.
ഇന്ത്യക്കു വിനയാകുന്നത്
പാക് അധീന കശ്മിരില്‍ മറ്റൊരു വിദേശരാജ്യം നടത്തുന്ന നിര്‍മാണപ്രവര്‍ത്തനം ഇന്ത്യക്കു കണ്ടില്ലെന്നു നടിക്കാനാവില്ല. അത്തരം നിര്‍മാണം ഇന്ത്യയുടെ താല്‍പര്യത്തെയും സുരക്ഷയെയും ബാധിക്കുന്നതാണെന്നതില്‍ തര്‍ക്കമില്ല. പാകിസ്താനിലെ ഗ്വാഡര്‍ തുറമുഖം തന്ത്രപ്രധാനമാണ്. ഇവിടെ ചൈന നടത്തുന്ന നീക്കങ്ങള്‍ ഇന്ത്യന്‍സമുദ്രത്തില്‍ ഇന്ത്യയുടെ മേധാവിത്വത്തിന് വെല്ലുവിളിയും സുരക്ഷാപ്രശ്‌നങ്ങളും ഉയര്‍ത്തും.
അതുകൊണ്ട് ഇവിടെയുണ്ടാകുന്ന ഏതുനീക്കവും ഗൗരവത്തോടെ കാണേണ്ടതുണ്ട്. റഷ്യയെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മാറ്റിനിര്‍ത്താന്‍ ഇന്ത്യക്കു കഴിയുമോയെന്നു കണ്ടറിയണം. ഇതുകൂടാതെ, അഫ്ഗാനിസ്ഥാനില്‍നിന്നു റഷ്യയെ പുറത്താക്കാന്‍ അമേരിക്ക രൂപീകരിച്ച താലിബാനെ ഇന്ത്യ ഭീകരവാദികളായാണ് കാണുന്നത്. അവരെ രാഷ്ട്രീയമായി അംഗീകരിക്കാന്‍ റഷ്യ നടത്തുന്ന നീക്കവും ഇന്ത്യക്ക് വിനയാകും.
റഷ്യയുടെ പങ്ക്
ഒരുകാലത്ത് ഇന്ത്യയുടെ തന്ത്രപ്രധാനമായ ചങ്ങാതിയായിരുന്നു സോവിയറ്റ് യൂണിയന്‍. രാജ്യങ്ങള്‍ വിഘടിച്ചപ്പോഴും റഷ്യയുമായി ബന്ധംതുടരാന്‍ സാധിച്ചിരുന്നെങ്കിലും അടുത്തകാലത്തായി അതില്‍ ഗണ്യമായ വിള്ളല്‍ വീണു. അമേരിക്കയുമായി ഇന്ത്യ കൂടുതല്‍ അടുത്തത് റഷ്യയെ ചൊടിപ്പിച്ചു. മറുമരുന്നായി അവര്‍ പാകിസ്താനു സഹായങ്ങള്‍ നല്‍കി. ഏഷ്യയിലെ സാമ്പത്തിക ശക്തിയായി ഉയരാനുള്ള മത്സരത്തിലാണ് ഇന്ത്യയും ചൈനയുമെന്നിരിക്കേ പാക്-ചൈന സാമ്പത്തിക ഇടനാഴിയില്‍ റഷ്യ ചേരുന്നത് ഇന്ത്യയുടെ ലക്ഷ്യത്തെ സാരമായി ബാധിക്കും.
നിലവില്‍ പാകിസ്താനില്‍ 136 കോടി രൂപ ചെലവിട്ടു കറാച്ചിയെയും ലഹോറിനെയും ബന്ധിപ്പിച്ച് ഉത്തര-ദക്ഷിണ ഗ്യാസ് പൈപ്പ്‌ലൈന്‍ നിര്‍മാണം നടത്തുന്നതു റഷ്യയാണ്. മാത്രമല്ല, ചൈന-പാക് സാമ്പത്തിക ഇടനാഴിക്കു പുറമേ യൂറേഷ്യന്‍ സാമ്പത്തിക ഇടനാഴി രൂപീകരിക്കാനുള്ള ശ്രമവും റഷ്യ നടത്തുന്നു.
അഫ്ഗാന്‍ വിടാതെ റഷ്യ
ഒരുകാലത്ത് അഫ്ഗാന്‍ അടക്കിഭരിച്ച റഷ്യ നില്‍ക്കക്കള്ളിയില്ലാതെ അവിടെനിന്ന് ഒഴിഞ്ഞുപോവുകയായിരുന്നു. ലാദന്റെ ഭീകരതയെ തുരത്താനെന്നപേരില്‍ അമേരിക്കന്‍ സഖ്യകക്ഷികള്‍ അഫ്ഗാന്‍ കാല്‍ക്കീഴിലാക്കിയതു റഷ്യയെ പ്രകോപിപ്പിച്ചു. ഇപ്പോള്‍, സഖ്യകക്ഷികള്‍ ഒഴിഞ്ഞ അഫ്ഗാന്‍ ഇന്ത്യയുമായാണു സഹകരിക്കുന്നത്. എങ്കിലും അഫ്ഗാന്‍ അരക്ഷിതാവസ്ഥയില്‍നിന്നു മുക്തമായിട്ടില്ല. ഇതുമുതലെടുക്കുകയാണ് റഷ്യയുടെ ലക്ഷ്യം.
പാകിസ്താന്‍ വഴി അഫ്ഗാനിസ്ഥാനെ സ്വന്തം വഴിയില്‍ കൊണ്ടുവരാനാണു റഷ്യ ശ്രമിക്കുന്നത്. മുമ്പ്, പാകിസ്താനെ ശത്രുക്കളായിക്കണ്ട റഷ്യ അവരുമായി ചേരുന്നതും താലിബാനെ അംഗീകരിക്കാന്‍ തയാറാകുന്നതും ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. പാകിസ്താനില്‍ സാമ്പത്തികകാര്യങ്ങളില്‍ കൈകടത്തി വിശ്വാസമാര്‍ജിച്ചാല്‍ അഫ്ഗാനിലെത്താന്‍ വിഷമമുണ്ടാവില്ലെന്നു പുടിന്‍ കരുതുന്നുണ്ടാവും.
ഇന്ത്യ-റഷ്യ ബന്ധം
പാക്-ചൈന സാമ്പത്തിക ഇടനാഴിയെ സഹായിക്കുന്നത് ഇന്ത്യന്‍ താല്‍പര്യത്തിനെതിരാണെന്നു റഷ്യക്കറിയാം. എന്നാല്‍, ഇന്ത്യന്‍ താല്‍പര്യത്തെ കൂടുതല്‍ മുറിപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നുവേണം കരുതാന്‍. അമേരിക്കയുമായി ബന്ധം പുലര്‍ത്തുമ്പോഴും അവരുടെ സഖ്യത്തിലേര്‍പ്പെടാത്ത അതേ ഇന്ത്യന്‍ തന്ത്രമാണ് റഷ്യയുടേതും. മുമ്പ് ഇന്ത്യയുടെ പ്രതിരോധ കാര്യങ്ങളില്‍ റഷ്യയാണു ഗണ്യമായി സഹായിച്ചിരുന്നതെങ്കില്‍ ഇന്ന് ആ സ്ഥാനം അമേരിക്കയ്ക്കാണ്.
അതിനാല്‍ പാകിസ്താനു സഹായം നല്‍കുന്നതില്‍ റഷ്യയെ എതിര്‍ക്കാന്‍ കഴിയില്ല. റഷ്യ നടത്തുന്ന നീക്കം അമേരിക്കയ്‌ക്കെതിരേയാണെന്നു സമാധാനിക്കാം. അത് ഇന്ത്യന്‍ താല്‍പര്യങ്ങളെ തുരങ്കം വയ്ക്കില്ലെന്നും കരുതാം. കാരണം ഇന്ത്യയെ പിണക്കുന്നത് റഷ്യക്കു ഗുണകരമാകില്ലെന്ന് അവര്‍ക്കറിയാം. പാകിസ്താനെയും ഇന്ത്യക്കൊപ്പംകൂട്ടി രാജ്യതാല്‍പര്യം സംരക്ഷിക്കുകയാണു റഷ്യയെന്നു കരുതാനാവും വിദേശകാര്യ വിദഗ്ധര്‍ കൂടുതല്‍ താല്‍പര്യപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."