ബബിത; ഒറ്റമുറി കുടിലിലെ പൊന്‍താരകം
പൂനെ: ബബിതയ്ക്ക് കിട്ടിയ മെഡലുകള്‍ സൂക്ഷിക്കാന്‍ പാലക്കാട് ചുക്കന്‍മാര്‍തൊടി കോളനിയിലെ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി കുടിലില്‍ ചില്ലലമാരയോ മിനുസമുള്ള ഭിത്തിയോയില്ല. അധികൃതരുടെ കനിവ് തേടിയുള്ള സുവര്‍ണ താരത്തിന്റെ കാത്തിരുപ്പ് നീളുകയാണ്. ദീര്‍ഘദൂര ട്രാക്കില്‍ ഇന്നലെ ഇരട്ട പൊന്നണിഞ്ഞു കുമരുംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസിലെ സി ബബിത സ്‌കൂള്‍ കരിയറിലെ തന്റെ അവസാന ദേശീയ മീറ്റ് അവസ്മരണീയമാക്കി ട്രാക്കിനോടു വിട പറയുകയാണ്. കിട്ടിയ മെഡലുകളൊന്നും സൂക്ഷിക്കാനും മനസുറച്ച് ഉറങ്ങാനും ഒരു വീടെന്ന സ്വപ്നം ഇപ്പോഴും അകലെയാണ്. തന്റെയും കുടുംബത്തിന്റെയും ചെറിയ മോഹം സാക്ഷാത്കരിക്കാനുള്ള വഴി തേടിയാണ് ഓരോ ട്രാക്കിലും ബബിത സ്വര്‍ണ കുതിപ്പ് നടത്തുന്നത്. ചമുട്ടു തൊഴിലാളി ബാലകൃഷ്ണന്റെയും കമലത്തിന്റെയും മകള്‍ ദേശീയ സ്‌കൂള്‍ മീറ്റിന്റെ മൂന്നാം ദിനത്തില്‍ കേരളത്തിനു സമ്മാനിച്ചത് ഇരട്ട സ്വര്‍ണം. 1500 മീറ്റര്‍ പോരാട്ടത്തില്‍ 4.56.40 സെക്കന്റിലായിരുന്നു ബബിതയുടെ പൊന്‍കുതിപ്പ്. വരണ്ട കാലാവസ്ഥയും നിര്‍ജ്ജലീകരണവും സൃഷ്ടിച്ച പ്രതിസന്ധികളെ തരണം ചെയ്തായിരുന്നു മൂന്നര ലാപ്പിലേറെ ഓടി തീര്‍ത്തത്. ആദ്യ ലാപ്പില്‍ പിന്നിലോടി തുടങ്ങിയ ബബിത മെല്ലെ മുന്നില്‍ കയറി അവസാന ലാപ്പിലെ 200 മീറ്ററില്‍ വെള്ളി നേടിയ മഹാരാഷ്ട്രയുടെ ദുര്‍ഗ പ്രമോദ് ദേവ്‌റയെ വ്യക്തമായ ലീഡില്‍ പിന്നിലാക്കി പൊന്നണിഞ്ഞത്. ഫിനിഷിങിനു പിന്നാലെ ട്രാക്കില്‍ ബബിത തളര്‍ന്നു വീണു.
തളര്‍ച്ചയെല്ലാം മറന്ന് വൈകിട്ട് 3000 മീറ്ററിന്റെ ട്രാക്കിലും ബബിത എത്തി. മഹാരാഷ്ട്ര താരങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്നു ബബിത 9.59.84 സെക്കന്റ് സമയത്തില്‍ പൊന്നണിഞ്ഞു. തൊട്ടുപിന്നാലെ 800 മീറ്ററിന്റെ ഹീറ്റ്‌സിലും ബബിത ഓടാനെത്തി. ബബിത ഓരോ മെഡലുകള്‍ നേടുമ്പോഴും ബാലകൃഷ്ണനും കമലവും സന്തോഷിക്കാറുണ്ട്. ഒപ്പം സങ്കടവും. കിട്ടിയ മെഡലുകള്‍ ഒറ്റമുറി കൂരയിലെ ഏതെങ്കിലും മൂലയില്‍ തൂക്കിയിടുന്നതിന്റെ സങ്കടം. 2013 ല്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ മീറ്റിലെ വിജയത്തിന് പിന്നാലെ ജന്മനാട് നല്‍കിയ ആദരത്തില്‍ ജനപ്രതിനിധികള്‍ വീടു നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഷൊര്‍ണൂര്‍ എം.എല്‍.എയായിരുന്ന ഹംസ 10 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അഞ്ചു ലക്ഷം പഞ്ചായത്ത് ഫണ്ടില്‍ നിന്നും വീടു നിര്‍മിക്കാന്‍ നല്‍കുമെന്നു പ്രഖ്യാപനം നടത്തിയിരുന്നു. മൂന്നു വര്‍ഷം പിന്നിടുമ്പോഴും പ്രഖ്യാപനം നടപ്പായില്ല. ബബിത ഓരോ മെഡലുകള്‍ നേടുമ്പോഴും പ്രാര്‍ഥിക്കുന്നത് അധികൃതരുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാകുന്ന ദിവസത്തിന് വേണ്ടിയാണ്. 2009 ല്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബബിത ട്രാക്കിലെത്തുന്നത്. ഏഴു വര്‍ഷമായി രാമചന്ദ്രന്‍ മാഷാണ് പരിശീലകന്‍. 100 മീറ്ററില്‍ ഓട്ടം തുടങ്ങിയ ബബിതയെ ദീര്‍ഘദൂര ട്രാക്കിലേക്ക് വഴി തിരിച്ചുവിട്ടത് രാമചന്ദ്രന്‍ മാഷാണ്. കൊളംബിയയില്‍ നടന്ന ലോക യൂത്ത് മീറ്റ്, ബ്രസീലില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റ്, മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ മീറ്റ് എന്നീ രാജ്യാന്തര പോരാട്ട വേദികളിലും ബബിത മെഡലുകള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."