തെലങ്കാനയെ ഏഴടിയില്‍ ഒതുക്കി സര്‍വിസസ്
കോഴിക്കോട്: സന്തോഷ് ട്രോഫി സൗത്ത് സോണ്‍ യോഗ്യതാ മത്സരത്തിലെ രണ്ടാം ദിനത്തില്‍ ഗോള്‍ വര്‍ഷം. എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് നിലവിലെ ചാംപ്യന്മാരായ സര്‍വിസസ് തെലങ്കാനയെ തകര്‍ത്തു. രണ്ടാം മത്സരത്തില്‍ കന്നിയങ്കത്തിനിറങ്ങിയ ലക്ഷദ്വീപിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തമിഴ്നാട് പരാജയപ്പെടുത്തി.
കളിയുടെ തുടക്കം മുതല്‍ സര്‍വിസസിന്റെ കൈയിലായിരുന്നു മുഴുവന്‍ സമയത്തും പന്ത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ചുരുക്കം സമയത്ത് മാത്രമാണ് തെലങ്കാന താരങ്ങള്‍ക്ക് സര്‍വിസസിന്റെ കളത്തിലെത്താനായത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഒരു ഗോളിനു മുന്നിലായിരുന്ന സര്‍വിസസ് രണ്ടാം പകുതിയിലാണ് ആറു ഗോളും സ്കോര്‍ ചെയ്തത്. തെലങ്കാന ഗോള്‍ കീപ്പര്‍ പി ശ്രീകുമാറിന്റെ മികച്ച പ്രകടനമാണ് കൂടുതല്‍ വഴങ്ങാതെ ടീമിനെ രക്ഷിച്ചത്. സര്‍വിസസിനു വേണ്ടി മന്ദീപ് സിങ്ങ്, അര്ജുന് ടുഡു എന്നിവര്‍ രണ്ടും ബ്രിറ്റോ, ജെയ്ന്‍, മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. കളിയുടെ 80 മിനുട്ടിനു ശേഷമാണ് സര്‍വിസസ് നാലു ഗോളുകള്‍ നേടിയത്. ആശ്വാസ ഗോള്‍ കണ്ടെത്തുന്നതിനായി തെലങ്കാന കിണഞ്ഞു ശ്രമിച്ചെങ്കിലും സര്‍വിസസ് പ്രതിരോധം ഭേദിക്കാനായില്ല.
രണ്ടാം മത്സരത്തില്‍ സന്തോഷ് ട്രോഫിയിലെ തങ്ങളുടെ കന്നിയങ്കത്തിനിറങ്ങിയ ലക്ഷദ്വീപ് മിന്നുന്ന പ്രകടനം കാഴ്ച വച്ചെങ്കിലും രണ്ടു ഗോളിനു തമിഴ്നാടിനോട് പരാജയപ്പെട്ടു. കളി തുടങ്ങി ഒന്‍പതാം മിനുട്ടില്‍ തന്നെ തമിഴ്നാട് ലീഡ് ഉയര്‍ത്തി. മലയാളിയും തമിഴ്നാടിന്റെ പ്രധിരോധ താരവുമായ ഷിനുവിന്റെ മനോഹരമായ ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍. കളി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ അജിത് കുമാറിലൂടെ തമിഴ്നാട് ലീഡ് രണ്ട് ഗോളാക്കി ഉയര്‍ത്തി. ഗോള്‍ മടക്കാന്‍ ലക്ഷദ്വീപിന് അവസരങ്ങള്‍ പലതും ലഭിച്ചെങ്കിലും നിര്‍ഭാഗ്യം കൊണ്ട് നഷ്ടമായി.
ഇന്നു ഉച്ചക്ക് നടക്കുന്ന മത്സരത്തില്‍ കര്‍ണാടക പോണ്ടിച്ചേരിയേയും വൈകിട്ടു നാലിന് നടക്കുന്ന മത്സരത്തില്‍ കേരളം ആന്ധ്രാപ്രദേശിനേയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."