77 പോയിന്റുമാമയി കേരളം മുന്നില്‍ കിരീടത്തിന് തൊട്ടരികെ
ഇരട്ട പൊന്നുമായി ക്യാപ്റ്റന്‍ മുന്നില്‍ നിന്നു നയിച്ചതോടെ കിരീടത്തിലേക്കുള്ള ദൂരം കുറച്ചു കേരളം. ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ ഏഴു സ്വര്‍ണവും 11 വെള്ളിയും രണ്ടു വെങ്കലവുമയി കേരളം ഒരിക്കല്‍ കൂടി കിരീടത്തിനരികിലെത്തി. 19 മെഡലുകള്‍ എത്തിയതോടെ 77 പോയിന്റുമായാണ് കേരളം ഒന്നാം സ്ഥാനത്തു കുതിപ്പ് തുടരുന്നത്. മൂന്നു സ്വര്‍ണം നാലു വെള്ളി, ആറു വെങ്കലം നേടി മഹാരാഷ്ട്ര രണ്ടാമതും മൂന്നു സ്വര്‍ണം, രണ്ടു വെള്ളി അഞ്ചു വെങ്കലം നേടിയ തമിഴ്‌നാട് മൂന്നാമതുമാണ്. പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും കേരളമാണ് ഒന്നാം സ്ഥാനത്ത്. അഞ്ചു ദേശീയ റെക്കോര്‍ഡുകള്‍ പിറന്ന ഇന്നലെ സി ബബിത കേരളത്തിനു രണ്ടു സ്വര്‍ണ പതക്കങ്ങള്‍ സമ്മാനിച്ചു. ഗുജറാത്തിന്റെ അജീത് കുമാറും ഇരട്ട സ്വര്‍ണം നേടി. 5000, 1500 മീറ്ററുകളിലാണ് അജീത്കുമാറിന്റെ നേട്ടം. ആര്‍ഷ ബാബു, എസ് അശ്വിന്‍ എന്നിവര്‍ കേരളത്തിനായി ഇന്നലെ ഓരോ സ്വര്‍ണ മെഡലുകള്‍ നേടി. ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ അഭിനന്ദ് സുന്ദരേശന്‍, ലോങ് ജംപില്‍ ടി.വി അഖില്‍, പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ ദിവ്യ മോഹന്‍, അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ എസ് വൈദേഹി, ആണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ കെ.ജി ജെസന്‍, 4-400 മീറ്റര്‍ റിലേ ടീമുകള്‍ കേരളത്തിനായി വെള്ളി മെഡലുകള്‍ നേടി. ലോങ് ജംപില്‍ ടി.പി അമലും ഹാമര്‍ ത്രോയില്‍ യു ശ്രീലക്ഷ്മിയുമാണ് വെങ്കലം സമ്മാനിച്ചത്.
റെക്കോര്‍ഡിന്റെ തിളക്കം
അഞ്ചു റെക്കോര്‍ഡുകളാണ് ഇന്നലെ പിറന്നത്. ആണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ യു.പിയുടെ സത്യനാരായണ്‍ 20:57.54 സെക്കന്റില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. പഞ്ചാബിന്റെ അമന്‍ജ്യോത് സിങ്, ഹരിയാനയുടെ രവീന്ദര്‍ എന്നിവരും റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്തി. ഹാമര്‍ ത്രോയില്‍ പഞ്ചാബിന്റെ ധംനീത് സിങ് 65.29 മീറ്റര്‍ ദൂരം പറത്തി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ലോങ് ജംപില്‍ കേന്ദ്രീയ വിദ്യാലയക്കു വേണ്ടി ഇറങ്ങിയ മലയാളി താരം എം ശ്രീശങ്കര്‍ 7.57 മീറ്റര്‍ ചാടി പുതിയ റെക്കോര്‍ഡിന് ഉടമയായി. തമിഴ്‌നാടിന്റെ പെണ്‍കുട്ടികള്‍ 4-400 മീറ്റര്‍ റിലേയില്‍ 3:50.05 സെക്കന്റിലാണ് നിലവിലെ റെക്കോര്‍ഡ് തകര്‍ത്ത്. ആണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ 4.61 മീറ്റര്‍ ഉയരം കീഴടക്കി കേരളത്തിന്റെ എസ് അശ്വിന്‍ പുതിയ റെക്കോര്‍ഡിലേക്ക് ചാടി.
ഉന്നതങ്ങളിലെ അശ്വിനും ആര്‍ഷയും
പോള്‍ വാള്‍ട്ടില്‍ പത്തു വര്‍ഷം ദേശീയ ചാംപ്യനായിരുന്ന ഗുരുവിനു റെക്കോര്‍ഡ് പ്രകടനത്തിലൂടെ ദക്ഷിണ നല്‍കി ശിഷ്യന്റെ സുവര്‍ണ സമ്മാനം. ആണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ 4.61 മീറ്റര്‍ ഉയരത്തില്‍ ക്രോസ്ബാര്‍ കീഴടക്കി കേരളത്തിന്റെ എസ് അശ്വിന്‍ പൊന്നണിഞ്ഞത്. പോള്‍വോള്‍ട്ടിലെ മുന്‍ ദേശീയ താരവും പരിശീലകനുമായ ജിഷ്‌കുമാറിന് ഇന്നലെ അഭിമാന ദിനമായിരുന്നു. സി.ഐ.എസ്.എഫില്‍ ജവാനായിരുന്ന ജിഷ് 15 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് സെന്റ് ജോര്‍ജ് സ്‌കൂളിലെ കോച്ച് രാജുപോളിന്റെ ക്ഷണപ്രകാരം എത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അശ്വിനെ പരിശീലിപ്പിച്ച് തുടങ്ങിയ ജിഷ് ചുരുങ്ങിയ നാളുകള്‍ കൊണ്ട് ദേശീയ റെക്കോര്‍ഡ് ജേതാവിനെ സൃഷ്ടിച്ചു. 1997 മുതതല്‍ 2007 വരെ തുടര്‍ച്ചയായി ദേശീയ ജേതാവായിരുന്ന ജിഷ് 5.5 മീറ്റര്‍ ഉയരം താണ്ടിയ രാജ്യത്തെ രണ്ടാമത്തെ താരമാണ്. ഡല്‍ഹിയുടെ വിജയ്പാല്‍ സിങ് മാത്രമാണ് 5.10 മീറ്റര്‍ ചാടി ജിഷിനു മുന്നിലുള്ളത്. സംസ്ഥാന സ്‌കൂള്‍ മേളയില്‍ ഒന്നാം സ്ഥാനക്കാരനായ കെ.ജി ജെസനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് അശ്വിന്‍ ജേതാവായത്.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ ആര്‍ഷ ബാബുവും കേരളത്തിനായി സ്വര്‍ണം നേടി. സംസ്ഥാന മീറ്റില്‍ തന്നെ അട്ടിമറിച്ച ദിവ്യ മോഹന്റെ വെല്ലുവിളി മറകടന്നായിരുന്നു 3.20 മീറ്റര്‍ ഉയരം താണ്ടി ആര്‍ഷയുടെ കുതിപ്പ്. 3.10 മീറ്റര്‍ ക്ലിയര്‍ ചെയ്ത ദിവ്യ വെള്ളി നേടി. തമിഴ്‌നാടിന്റെ എം മഞ്ജുവിനാണ്
വെങ്കലം. ശ്രീ ചാടിയാല്‍ റെക്കോര്‍ഡുകള്‍ വഴി മറും
ഓരോ ദേശീയ മീറ്റുകളിലും ശ്രീ ശങ്കര്‍ ചാടുന്നത് ടോക്യോ ഒളിംപിക്‌സിലെ ജംപിങ് പിറ്റ് മനസില്‍ കണ്ടാണ്. ആ വലിയ ലക്ഷ്യത്തിലേക്കുള്ള ചവടുമായി പാലക്കാട് റെയില്‍വേ കോളനിയിലെ ചെറിയ മൈതാനത്തെ പരിശീലന മികവുമായി ഇന്നലെ ബാലേവാഡി സ്റ്റേഡിയത്തിലെ ജംപിങ് പിറ്റില്‍ നിന്നു ചാടിയത് സ്വര്‍ണത്തിലേക്ക് മാത്രമായിരുന്നില്ല പുതിയ ദേശീയ റെക്കോര്‍ഡിലേക്കുമായിരുന്നു. ഇന്നലെ 7.57 മീറ്റര്‍ ദൂരം താണ്ടിയാണ് പുതിയ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.
ആണ്‍കുട്ടികളുടെ ലോങ് ജംപ് പിറ്റില്‍ മലയാളികള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു. കെ.വി.എസിനായി ശ്രീ ശങ്കറും കേരളത്തിനായി ടി.പി അമലും ടി.വി അഖിലുമായിരുന്നു രംഗത്തിറങ്ങിയത്. തന്റെ രണ്ടാമത്തെ ചാട്ടത്തില്‍ തന്നെ ശ്രീ ശങ്കര്‍ റെക്കോര്‍ഡിലേക്ക് ചാടി പൊന്നുറപ്പിച്ചു. പിന്നീട് മൂന്നു ചാട്ടങ്ങള്‍ പിഴച്ചു.
അവസാന ചാട്ടം 7.39 മീറ്ററില്‍ അവസാനിച്ചു. പൂനെയില്‍ 2006 ല്‍ ഹരിയാനയുടെ ഭാരതേന്ദര്‍സിങ് സ്ഥാപിച്ച 7.52 ദേശീയ റെക്കോര്‍ഡാണ് 11 വര്‍ഷത്തിനു ശേഷം വഴി മാറിയത്. അഖില്‍ വെള്ളിയും അമല്‍ വെങ്കലവും നേടി. കഴിഞ്ഞ കോഴിക്കോട് മീറ്റിലും ശ്രീ തന്നെയായിരുന്നു സ്വര്‍ണം നേടിയത്. കോയമ്പത്തൂര്‍ ദേശീയ ജൂനിയര്‍ മീറ്റില്‍ 7.52 മീറ്റര്‍ ദൂരം കീഴടക്കി പുതിയ ദേശീയ റെക്കോര്‍ഡ് ശ്രീ നേടിയിരുന്നു. ദേശീയ ജൂനിയര്‍, അമച്വര്‍ മീറ്റുകളില്‍ ശ്രീ ചാടിയപ്പോഴെല്ലാം റെക്കോര്‍ഡുകളും പിന്നാലെ വന്നിട്ടുണ്ട്. അണ്ടര്‍ 14 വിഭാഗത്തിലൊഴികെ ലോംങ് ജംപില്‍ ഇതുവരെ അഞ്ചു റെക്കോര്‍ഡുകളും ശ്രീശങ്കറുടെ പേരിലാണ്.
റിലേയില്‍ തിരിച്ചടി, ഹര്‍ഡില്‍സില്‍ ശൂന്യത
4400 മീറ്റര്‍ റിലേയില്‍ കേരളത്തിനു തിരിച്ചടി. ഇരു വിഭാഗങ്ങളിലും കേരള താരങ്ങള്‍ വെള്ളിയിലേക്ക് പിന്തള്ളപ്പെട്ടു. രണ്ടിടത്തും തമിഴ്‌നാടിന്റെ കായിക കരുത്തിനു മുന്നിലാണ് കേരളം കീഴടങ്ങിയത്. ഹര്‍ഡില്‍സില്‍ കേരളത്തിനു മെഡലുകള്‍ നേടാനായില്ല. ആണ്‍കുട്ടികളുടെ 110 മീറ്ററിലും പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലും കേരള താരങ്ങള്‍ പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."