മന്ത്രി കടകംപള്ളി റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ റിസര്‍വ് ബാങ്ക് കേരള റീജ്യനല്‍ ഡയറക്ടര്‍ എസ്.എം. നരസിംഹസ്വാമി ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച നടത്തി. റിസര്‍വ് ബാങ്കില്‍ നിന്ന് സംസ്ഥാനത്തെ ബാങ്കിങ് മേഖലയ്ക്ക് ലഭിക്കുന്ന പുതിയ കറന്‍സിക്ക് ആനുപാതികമായി സഹകരണ ബാങ്കുകള്‍ക്കും കറന്‍സി ലഭ്യത ഉറപ്പുവരുത്തണമെന്ന് കൂടിക്കാഴ്ചയില്‍ മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിലെ സഹകരണമേഖലയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പു വരുത്താന്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകേണ്ട നടപടികളെ സംബന്ധിച്ച കുറിപ്പ് മന്ത്രി കൈമാറി. കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് ആദ്യ ഗഡുവായി 1500 കോടി രൂപയുടെ പുതിയ കറന്‍സി അനുവദിക്കുക, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ ഇടപാടുകാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് മലപ്പുറം ജില്ലയിലടക്കം ഗ്രാമീണ മേഖലയ്ക്ക് കൂടുതല്‍ പണം അനുവദിക്കുക തുടങ്ങി ആവശ്യങ്ങളിലാണ് റിസര്‍വ് ബാങ്കില്‍ നിന്നുമുള്ള അടിയന്തര നടപടി മന്ത്രി ആവശ്യപ്പെട്ടത്.
ആദ്യഗഡുവായി 200 കോടി രൂപ ഉടനെ നല്‍കാമെന്ന് റിസര്‍വ് ബാങ്ക് റീജ്യനല്‍ ഡയറക്ടര്‍ ഉറപ്പു നല്‍കി. കേരളത്തിലെ ഗ്രാമീണ മേഖലയിലെ പണമിടപാടില്‍ സഹകരണ ബാങ്കുകളുടെ പ്രാധാന്യം റിസര്‍വ്വ് ബാങ്കിന് അറിവുള്ളതാണെന്നും കറന്‍സി ലഭ്യത കൂടുന്നതിനുസരിച്ച് ആവശ്യമായ പണം സംസ്ഥാന സഹകരണ ബാങ്കിലൂടെ നല്‍കാന്‍ ഒരുക്കമാണെന്നും റീജ്യനല്‍ ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."