കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ്, ആര്.എസ്.പി ഓഫിസുകള്‍ക്ക് നേരെ ആക്രമണം നഗരസഭാ പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍
കൊട്ടാരക്കര: കോണ്‍ഗ്രസ് , ആര്.എസ്.പി. ഓഫിസുകള്‍ക്കു നേരെ ആക്രമണം. അക്രമികള്‍ ഓഫിസുകളുടെ ജനലുകളും ഫര്‍ണീച്ചറുകളും തകര്‍ത്തു.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലായിരുന്നു ആക്രമണം നടന്നത്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനുശേഷം മേഖലയിലെ യു.ഡി.എഫ് നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും വ്യാപകമായി അക്രമിക്കപ്പെട്ടിരുന്നു. യു.ഡി.എഫ് നേതാക്കളായ ബ്രിജേഷ് ഏബ്രഹാം, സാംസണ് വാളകം, സി. മോഹനന്‍പിള്ള, നെല്‍സണ്‍ തോമസ് എന്നിവരുടെ വീടുകളായിരുന്നു ആക്രമിക്കപ്പെട്ടത്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ സംഭവം.
കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെ കൊട്ടാരക്കര ചന്തമുക്കിലെ ആര്.എസ്.പി മണ്ഡലം കമ്മിറ്റി ഓഫിസിനുനേരെ കല്ലേറുണ്ടായി. ഓഫിസിലെ ജനല്‍ഗ്ലാസുകള്‍ മുഴുവന്‍ തകര്‍ത്തു. ഓഫിസിലുണ്ടായിരുന്നവര്‍ ലൈറ്റിട്ടപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.
സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ആര്.എസ്.പി ആരോപിച്ചു. കൊട്ടാരക്കര പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കൊട്ടാരക്കര നഗരസഭാ പരിധിയില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഇന്നലെ വൈകിട്ട് കൊട്ടാരക്കര ചന്തമുക്കില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു.
കൊല്ലം: യാതൊരു പ്രകോപനവുമില്ലാതെ കൊട്ടാരക്കര കോണ്‍ഗ്രസ് ഓഫിസും, ആര്.എസ്.പിയുടെ ഓഫീസും തല്ലി തകര്‍ത്ത സംഭവത്തില്‍ കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പറും, മുന്‍ ഡി.സി.സി പ്രസിഡന്റുമായ വി സത്യശീലന് പ്രതിഷേധിച്ചു. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെയും ഇതിന് പിന്നിലിരുന്ന് നേതൃത്വം നല്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."