ജി.ഡി.പി വളര്‍ച്ച 7.1 ശതമാനമായി കുറയുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം(ജി.ഡി.പി) 2016-17 വര്‍ഷത്തില്‍ 7.1 ശതമാനമായി കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് വളര്‍ച്ചയാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.6ഉം 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 7.2മായിരുന്നു ജി.ഡി.പി വളര്‍ച്ച.കഴിഞ്ഞ ദിവസം സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് പുറത്തുവിട്ട ആദ്യ എസ്റ്റിമേറ്റ് പ്രകാരമാണ് സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍വഹണ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിനെ അടിസ്ഥാനപ്പെടുത്തിയാണ് എസ്റ്റിമേറ്റ് തയാറാക്കിയതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് സെക്രട്ടറി ടി.സി.എ ആനന്ദ് പറഞ്ഞു.
വ്യാവസായിക ഉല്‍പാദനം, നിശ്ചിത കമ്പനികളുടെ പ്രകടനം, ധാന്യ ഉല്‍പാദനം, റെയില്‍വേ-വ്യോമയാന-നാവിക വരുമാനം തുടങ്ങിയവയെ ആധാരമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.എന്നാല്‍, കഴിഞ്ഞ നവംബര്‍ എട്ടിനു പ്രഖ്യാപിച്ച ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനത്തിന്റെ ആഘാതം കണക്കിലെടുക്കാതെ പ്രഖ്യാപിച്ചതാണ് പുതിയ എസ്റ്റിമേറ്റ്. നോട്ടുനിരോധനത്തിന്റെ ആഘാതം കൂടി പരിഗണിച്ചാല്‍ വളര്‍ച്ച ഇനിയും താഴാനിടയുണ്ട്.
അതേസമയം, മൊത്തം മൂല്യവര്‍ധിത(ജി.വി.എ) ഉല്‍പാദനത്തില്‍ ഏഴു ശതമാനത്തിന്റെ വളര്‍ച്ച അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കാര്‍ഷിക രംഗത്താണു കൂടുതല്‍ ജി.വി.എ വളര്‍ച്ച പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.2 ശതമാനം വര്‍ധിച്ച് 4.1ലെത്തുമെന്നാണു കണക്കുകൂട്ടല്‍. സര്‍ക്കാരിന്റെ അന്തിമ ഉപഭോഗ ചെലവിന്റെ കണക്കിലും വന്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. 23.8 ശതമാനമായി ഇത് ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."