രാമഭദ്രന്‍ വധക്കേസ്: സി.പി.എം നേതാവ് സി.ബി.ഐ മുന്‍പാകെ കീഴടങ്ങി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും ഐ.എന്‍.ടി.യു.സി ഏരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ അഞ്ചല്‍ നെട്ടയം ശ്രീരാമചന്ദ്ര വിലാസത്തില്‍ രാമഭദ്രനെ വീട്ടില്‍കയറി വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി കീഴടങ്ങി.
സി.പി.എം അഞ്ചല്‍ ഏരിയാസെക്രട്ടറി പി.എസ് സുമന്‍ ആണ് ഇന്നലെ സി.ബി.ഐയുടെ തിരുവനന്തപുരത്തെ ഓഫിസിലെത്തി കീഴടങ്ങിയത്. ഇയാള്‍ ഇതുവരെ ഒളിവിലായിരുന്നു. സി.പി.ഐ നേതാവും, മുന്‍ എം.എല്‍.എയുമായ പി.കെ ശ്രീനിവാസന്റെ മകനാണ് സുമന്‍.
രാമഭദ്രന്‍ കൊലക്കേസില്‍ ആകെ 12 പ്രതികളാണുള്ളത്. ഇനി ആറുപേരെ കൂടി പിടികിട്ടാനുണ്ട്. സി.പി.എം ജില്ലാസെക്രട്ടേറിയറ്റ് അംഗവും സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ എസ് ജയമോഹന്‍, സി.പി.എം മുന്‍ നേതാവ് റോയിക്കുട്ടി, മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം എ.ജെ മാക്‌സണ്‍, സി.പി.എം കൊല്ലം ജില്ലാകമ്മിറ്റി അംഗം കെ ബാബുപണിക്കര്‍, ഡി.വൈ.എഫ്.ഐ നേതാവ് റിയാസ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പൊലിസ് നേരത്തേ പ്രതിയാക്കിയിരുന്ന സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലക്കേസിന്റെ ചുരുളഴിഞ്ഞതെന്ന് സി.ബി.ഐ വ്യക്തമാക്കി.
നെട്ടയം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സി.പി.എം പ്രവര്‍ത്തകന് മര്‍ദനമേറ്റതിന് പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചത് ജില്ലാ നേതാക്കളാണെന്നും രാമഭദ്രനെ കൊലപ്പെടുത്തിയതിനു പിന്നിലെ ഗൂഢാലോചനയില്‍ ഇവര്‍ക്കു പങ്കുണ്ടെന്നുമായിരുന്നു മൊഴി. രാമഭദ്രന്റെ നീക്കങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ അന്ന് പുനലൂര്‍ ഏരിയാസെക്രട്ടറി ആയിരുന്ന കെ ബാബുപണിക്കര്‍ ഏരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സി.പി.എം പ്രവര്‍ത്തകന്‍ നെട്ടയം ഗിരീഷിനെ ആക്രമിച്ചതിന് പകരം ചോദിക്കണമെന്ന് നേതാക്കള്‍ ഫോണില്‍ പറഞ്ഞുവെന്നുമാണ് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മൊഴിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."