നാദാപുരത്ത് ചരിത്രമെഴുതിയ ഷംനാട്
കാസര്‍കോട്: വിമോചന സമരത്തെ തുടര്‍ന്ന് ഇ.എം.എസ് മന്ത്രിസഭ രാജി വച്ചപ്പോള്‍ 1960 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകാരുടെ പ്രിയങ്കരനായ സഖാവ് സി.എച്ച് കണാരനെ മലര്‍ത്തിയടിച്ച ഒരുകാസര്‍കോട്ടുകാരനെ രാഷ്ട്രീയ കേരളത്തിന് ഇന്നും മറക്കാനാവില്ല. അതായിരുന്നു ഇന്നലെ വിട പറഞ്ഞ നാദാപുരത്തിന്റെ മുന്‍ എം. എല്‍. എ കൂടിയായ ഹമീദലി ഷംനാട്.
ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും അതിശക്തമായ വേരോട്ടവും പോക്കറ്റുകളും ഉള്ള മണ്ഡലമായിരുന്നു അന്ന് നാദാപുരം. യു.ഡി.എഫിന്റെ ബാലികേറാമലയായി രാഷ്ട്രീയ കേരളം വിലയിരുത്തിയ കോഴിക്കോട് ജില്ലയിലെ ഈ മണ്ഡലം രൂപീകരണകാലം മുതല്‍ ചെങ്കൊടിയെ മാത്രമായിരുന്നു പിന്തുണച്ചത്. ബി പോക്കര്‍ സാഹിബിന്റെ കീഴില്‍ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി തിളങ്ങി നില്‍ക്കെയാണ് ഷംനാടിന് മത്സരിക്കാന്‍ ക്ഷണം ലഭിക്കുന്നത്.
ബാഫഖി തങ്ങളുടെ നിര്‍ദേശപ്രകാരമാണ് ഷംനാട് നാദാപുരത്ത് മത്സരിക്കാന്‍ തയാറായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയപ്പോള്‍ മലയാളമറിയാത്തവനാണ് ഐക്യമുന്നണി സ്ഥാനാര്‍ഥിയെന്ന പ്രചാരണവും ഷംനാടിനെ തളര്‍ത്തിയില്ല. മലയാളത്തില്‍ ശരിക്ക് പ്രസംഗിക്കാന്‍ പോലും അറിയാത്ത ഷംനാടിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ കമ്മ്യൂണിസ്റ്റുക്യാംപുകള്‍ ഏറെ ആഹ്ലാദത്തിലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണിയപ്പോള്‍ രാഷ്ട്രീയ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് 6987 വോട്ടുകള്‍ക്ക് ഹമീദലി ഷംനാട് ചരിത്രവിജയം നേടി.
മണ്ഡലത്തിലെ മതന്യൂനപക്ഷങ്ങളും വിദ്യാസമ്പന്നരും ഷംനാടിനോടൊപ്പം അടിയുറച്ച് നിന്നതോടെ കിട്ടുമെന്ന് ഒരു വേള സ്വപ്നത്തില്‍ പോലും കാണാത്ത മണ്ഡലത്തില്‍ ചരിത്രം വിജയം ഉറപ്പിക്കുകയായിരുന്നു. ഷംനാടിന് 34,833 വോട്ടുകളും എതിര്‍സ്ഥാനാര്‍ഥി സി.എച്ച് കണാരന് 27,846 വോട്ടുകളുമാണ് ലഭിച്ചത്. അങ്ങനെ 1960 ല്‍ നാദാപുരത്തിന്റെ എം.എല്‍.എയായി ഹമീദലി എന്ന കാസര്‍കോട്ടുകാരന്‍ നിയമസഭയിലെത്തി. അഞ്ച് വര്‍ഷം നാദാപുരത്തിന്റെ കമ്യൂണിസ്റ്റിതര എം.എല്‍.എ ആയി ഷംനാട് ചരിത്രത്തില്‍ ഇടവും നേടി.
വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു എം.എല്‍.എ എന്ന നിലയില്‍ ഷംനാട് കാഴ്ചവച്ചത്. നാദാപുരം ഗേള്‍സ് ഹൈസ്‌കൂള്‍, തലശ്ശേരി നാദാപുരം പാലം എന്നിവ ഷംനാടിന്റെ കൈയൊപ്പുകളായിമാറി. 1965ല്‍ ഒരു തവണകൂടി മത്സരിക്കാന്‍ നേതൃത്വം നിര്‍ബന്ധിച്ചെങ്കിലും ഒറ്റത്തവണ കൊണ്ട് എം.എല്‍.എ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായ ഹമീദലി ഷംനാട് പ്രായാധിക്യത്തിന്റെ ഓര്‍മപ്പിശകിലും തന്റെ ചരിത്ര വിജയത്തിന്റെ സ്മരണകള്‍ അവസാനനിമിഷം വരെയും കെടാതെ കാത്തുസൂക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."