പരുക്കു പറ്റിയോ, പരിശോധന മൊബൈല്‍ ആപ്പിലൂടെ
പരുക്കുപറ്റിയാല്‍ ഇടവിട്ടിടവിട്ട് ഡോക്ടറെ കാണണമെന്നതോര്‍ക്കുമ്പോഴാണ് പലര്‍ക്കും നീരസം. ടോക്കണ്‍ എടുത്ത്, ക്യൂ നിന്ന് ഒടുവില്‍ ഡോക്ടറെ കണ്ടാല്‍ തന്നെ, കുഴപ്പമില്ല, ഇതേ മരുന്ന് തുടര്‍ന്നാല്‍ മതിയെന്ന മറപടിയായിരിക്കും ഒടുവില്‍ കിട്ടുക. ചിലപ്പോള്‍ പുതുതായി ഡ്രസ് ചെയ്‌തെന്നുവരും. വിദൂരത്തുള്ള ഡോക്ടര്‍മാരെ കാണാന്‍ വേണ്ടി മാത്രം ഒരു ദിവസം പോയിക്കിട്ടും. ഇതിനൊക്കെ പരിഹാരമായി മുക്കിലും മൂലയിലും നമുക്ക് ആശുപത്രികള്‍ തുടങ്ങാനാവില്ലല്ലോ. അതിനേക്കാള്‍ എളുപ്പത്തില്‍ സാധിക്കുന്ന ഒന്നാണ് ഓണ്‍ലൈന്‍ പരിശോധനാ സംവിധാനം. സാങ്കേതിക വിദ്യ വികസിക്കുന്നതോടൊപ്പം ഓണ്‍ലൈന്‍ പരിശോധനാ സാധ്യതകള്‍ കൂടിവരുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് മെഡിക്കല്‍ ക്യാമറയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
കാപ്ചര്‍പ്രൂഫ് എന്ന ക്യാമറ ആപ്പാണ് ആരോഗ്യരംഗത്ത് വലിയൊരു പ്രതീക്ഷയുമായി അവതരിച്ചിരിക്കുന്നത്. ഡോക്ടറുടെ അടുത്തു പോവാതെ തല്‍ക്ഷണം വീട്ടിലിരുന്നും ആരോഗ്യനില ഫോണിലൂടെ പരിശോധിപ്പിക്കാനും ഫലം അറിയാനും സാധിക്കുമെന്നതാണ് ഈ ക്യാമറാ ആപ്പിന്റെ പ്രത്യേകത. പരുക്ക് പറ്റിയ ഭാഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി ഡോക്ടര്‍മാര്‍ക്ക് അയച്ചുകൊടുത്താണ് കാര്യം സാധിക്കുക. ഹൈ ക്വാളിറ്റി ചിത്രങ്ങളായിരിക്കും ഡോക്ടര്‍ക്ക് ആപ്പിലൂടെ ലഭിക്കുക.
രോഗിയുടെ പരുക്കിന്റെ ചിത്രം അയച്ചുകൊടുത്താല്‍ ഡോക്ടറുടെ നിര്‍ദേശങ്ങളും വിശകലനവും ടെക്‌സ്റ്റായി ആപ്പിലൂടെ കാണാനാവും. ഒരു ഡോക്ടറെ മാത്രം ആശ്രയിക്കാതെ വിദൂരത്തുള്ള ഡോക്ടര്‍മാരെയും നമുക്ക് ലഭ്യമാവുമെന്നതാണ് ഇതിന്റെ ഗുണം. സഞ്ചരിക്കുമ്പോള്‍ പോലും രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ക്കാവുമെന്നതും മറ്റൊരു സൗകര്യമാണ്.
പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ ചികിത്സാ രംഗവും സ്മാര്‍ട്ടാക്കുമെങ്കിലും ഇതിന്റെയൊക്കെ സാധ്യത നമ്മുടെ നാട്ടിലെത്താന്‍ വൈകുമെന്നതില്‍ സംശയമില്ല. സ്പീഡ് ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഡോക്ടര്‍മാരും വന്നാല്‍ മാത്രമേ ഇങ്ങനൊരു മാറ്റം സാധ്യമാവുകയുള്ളൂ. മൊബൈല്‍ വാലറ്റിലൂടെ കണ്‍സള്‍ട്ടിങ് ഫീ നല്‍കി ഇരുന്നയിടത്ത് ഡോക്ടറെ കാണുന്ന കാലം എന്തായാലും ഉണ്ടാവുമെന്നു പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."