മെക്‌സിക്കോയില്‍ കലാപവും കൊള്ളയും
മെക്‌സികോ സിറ്റി: ഇന്ധനവില 20 ശതമാനം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മെക്‌സിക്കോയില്‍ കലാപവും കൊള്ളയും. മെക്‌സിക്കന്‍ സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ ഇന്ധനവിലയില്‍ ഭീമമായ വര്‍ധനവ് വരുത്തിയതാണ് പൊതുജനത്തെ പ്രകോപിപ്പിച്ചത്.
പലയിടങ്ങളിലും പ്രതിഷേധക്കാര്‍ പെട്രോള്‍ സ്റ്റേഷനുകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തു. പ്രതിഷേധക്കാരായ നൂറു കണക്കിന് ആളുകളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയ്ക്കും സാമ്പത്തിക ഞെരുക്കത്തിനും ആക്കംകൂട്ടിയിരിക്കയാണ് സര്‍ക്കാര്‍ നടപടി.
കഴിഞ്ഞ മാസം 27ന് ട്രഷറി സെക്രട്ടറി ജോസ് ആന്റോണിയോ മിയേഡെയായിരുന്നു ജനുവരി ഒന്നു മുതല്‍ ഇന്ധനവില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഇതോടെയാണ് പുതുവര്‍ഷത്തില്‍ മെക്‌സികോസിറ്റിയും രാജ്യത്തിന്റെ മറ്റിടങ്ങളും കലാപങ്ങളുടെയും കൊള്ളയുടെയും കേന്ദ്രങ്ങളായി മാറിയത്.
20 ശതമാനം വര്‍ധനവ് പ്രാബല്യത്തിലായതോടെ ഒരു ലിറ്റര്‍ പെട്രോളിന് 15.99 പെസോസ്(50.85 രൂപ) ആയിരിക്കയാണ്. വില വര്‍ധിക്കുമെന്ന പ്രഖ്യാപനം വന്ന ഉടന്‍ ഡിസംബര്‍ 31 വരെ രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ വന്‍തിരക്കായിരുന്നു അനുഭവപ്പെട്ടത്. വില വര്‍ധനവ് പ്രഖ്യാപിച്ച ഉടന്‍ മതിയായ തോതില്‍ പെട്രോള്‍ സംഭരിച്ചതായി മെക്‌സിക്കോ സിറ്റിയിലെ ടാക്‌സി ഡ്രൈവറായ ജോസ് ആന്റോണിയോ വാസ്‌ക്വസ് ഗോണ്‍സാലസ് മാധ്യമങ്ങളോട് പ്രതികരിച്ചു. വില വര്‍ധനക്ക് ആനുപാതികമായി ടാക്‌സി നിരക്കില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ തുനിയില്ലെന്ന് മുന്നില്‍കണ്ടാണ് ആന്റോണിയോയെപ്പോലെയുള്ള ടാക്‌സി ഡ്രൈവര്‍മാരും ഒപ്പം സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കുന്നവരും വന്‍തോതില്‍ പെട്രോള്‍ സംഭരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."