തേള്‍ കടിയേറ്റതിനെ തുടര്‍ന്ന് ഹൃദയാഘാതം മൂലം മരിച്ച തൃശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ജിദ്ദ: ഉറക്കത്തില്‍ തേള്‍ കടിയേറ്റതിനെ തുടര്‍ന്ന് ഹൃദയാഘാതം മൂലം മരിച്ച തൃശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തൃശൂര്‍ പാവറട്ടി വെന്തനാട് കുറുപ്പംവീട്ടില്‍ പരേതനായ ബാവയുടെ മകന്‍ മുസ്തഫ (34) യുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ഇത്തിഹാദ് എയര്‍വെയ്‌സില്‍ നാട്ടിലേക്ക് കൊണ്ടുപോയത്.
ഹൗസ് ഡ്രൈവറായ ഇയാള്‍ ഹയ്യുല്‍ സഹാഫയിലെ സുഹൃത്തിന്റെ മുറിയില്‍ ഉറങ്ങുമ്പോള്‍ രാത്രിയില്‍ എന്തോ കടിച്ചെന്ന് പറഞ്ഞ് എഴുന്നേല്‍ക്കുകയായിരുന്നു. ശേഷം തളര്‍ന്നുവീണ മുസ്തഫയെ കിങ്ഡം ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ നാലോടെ മരിച്ചു. മരണകാരണം ഹൃദയാഘാതമാണെങ്കിലും അതിന് കാരണമായത് തേള്‍ കടിയേറ്റതാണെന്ന് മെഡിക്കല്‍ റിപോര്‍ട്ടിലുണ്ടെന്നാണ് സൂചന. മൂന്നു മക്കളുള്ള മുസ്തഫ ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി മടങ്ങിയത്.
അതേ സമയം സഊദി അടക്കമുള്ള ഗള്‍ഫ് പ്രദേശങ്ങളിലെ തേളുകളെ കരുതിയിരിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. മരുഭൂമിയില്‍ സാധാരണയായി കണ്ടുവരുന്ന മഞ്ഞ നിറത്തിലുള്ള തേളുകളാണ് ഏറ്റവും വലിയ അപകടകാരികള്‍. തണുപ്പുള്ള കാലാവസ്ഥകളില്‍ ഇവ കൂടുതലായി പല ഭാഗങ്ങളിലും കണ്ടുവരുന്നുണ്ട്. മനുഷ്യശരീരത്തില്‍ ഇവയുടെ കടിയേറ്റാല്‍ ഞരമ്പുകള്‍ക്ക് തളര്‍ച്ചയേല്‍ക്കുകയും ഹൃദയസ്തംഭനത്തിന് കാരണമാവുകയും ചെയ്യും. പെട്ടെന്ന് ആശുപത്രിയിലെത്തിച്ചില്ലെങ്കില്‍ ജീവന്‍വരെ അപകടത്തിലാവും. വൃത്തിയോടെ സൂക്ഷിച്ചില്ലെങ്കില്‍ താമസകേന്ദ്രങ്ങളിലേക്കും ഇവ കടന്നുവരും. രാത്രി ഉറങ്ങുന്നതിനിടെ തേളുകളുടെ കടിയേല്‍ക്കുന്ന വാര്‍ത്തകളാണ് സാധാരണ കേള്‍ക്കാറെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."