റവന്യു ജില്ലാ കലോത്സവത്തിന് ഇന്നു തിരശ്ശീല വീഴും കോഴിക്കോട് സിറ്റിയും ചേവായൂരും മുന്നില്‍
കോഴിക്കോട്: മിനിഫോം മിനിഫോം... കൊടുത്തോഫോം... തകൃതാഫോം... മറിഞ്ഞടി... ചാഞ്ഞടി... നാലാം ദിനമായ ഇന്നലെ വേദികള്‍ മാപ്പിളകലകള്‍ കൊണ്ട് നിറഞ്ഞാടി. കലോത്സവത്തിലെ ഗ്ലാമര്‍ ഇനങ്ങളായ കോല്‍ക്കളിയും ഒപ്പനയുമാണ് അരങ്ങ് തകര്‍ത്തത്. അവസാന ഫലം പുറത്തുവന്നപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 308 പോയിന്റുമായി സിറ്റി ഉപജില്ല ഒന്നാമതും 287 പോയിന്റുമായി ബാലുശ്ശേരി ഉപജില്ല രണ്ടാമതുമാണ്. 272 പോയന്റുള്ള കൊയിലാണ്ടിയാണ് മൂന്നാമത്. ഇഞ്ചോടിഞ്ച് പേരാട്ടമാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 261 പോയിന്റുമായി ചേവായൂര്‍ ഉപജില്ല ഒന്നാമതും 258 പോയിന്റുമായി സിറ്റി ഉപജില്ലരണ്ടാമതും ഒരു പോയന്റ് കുറവില്‍ 257 പോയന്റുമായി കൊയിലാണ്ടി ഉപജില്ല മൂന്നാമതുമാണ്. യു.പി വിഭാഗത്തില്‍ 110 പോയിന്റുമായി ചേവായൂര്‍ ഉപജില്ല ഒന്നാമതാണ്. 101 പോയിന്റുമായി ബാലുശേരി രണ്ടാം സ്ഥാനത്തുണ്ട്. 99 പോയന്റുള്ള സിറ്റി മൂന്നാമതാണ്. കോലൊപ്പിച്ച് മദ്ഹ് ഗാനങ്ങള്‍ക്കൊപ്പം കോല്‍ക്കളി താളത്തില്‍ കൊട്ടിക്കയറിയപ്പോള്‍ മണവാട്ടിയുടെ നാണം മാറ്റി തോഴിമാര്‍ കൈകൊട്ടിപ്പാടി നാലം ദിനത്തെ മൊഞ്ചാക്കി. പ്രധാന വേദിയായ മൈലാഞ്ചിയില്‍ ചരിത്രങ്ങളും പ്രവാചക പ്രകീര്‍ത്തനങ്ങളും ഇസ്‌ലാമിക യുദ്ധങ്ങളും ചുവടുകള്‍ക്കൊപ്പം ഈണത്തില്‍ പാടി പെണ തെറ്റാതെ താളത്തിനനുസരിച്ച് മത്സരാര്‍ഥികള്‍ കോല്‍മുട്ടിയപ്പോള്‍ നിറഞ്ഞ സദസും ആവേശത്തിലായി. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിയില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം നേടിയ തിരുവങ്ങൂര്‍ എച്ച്.എസ്.എസാണ് ജേതാക്കളായത്. കൊയിലാണ്ടി മാപ്പിള എച്ച്.എസ്.എസിനെ അട്ടിമറിച്ചാണ് ഖാലിദ് ഗുരിക്കളും സംഘവും കൊട്ടിക്കയറിയത്. ആരംഭപ്പൂ ത്വാഹാ സിന്‍ തല്ലോ സുഹ്‌റാ... തുടങ്ങിയ വരികള്‍ പാടി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മജീദ് കടമേരി പരിശീലിപ്പിച്ച വില്ല്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്.എസും ജേതാക്കളായി. നാലു ക്ലസ്റ്ററുകളിലായി നടന്ന മത്സരത്തില്‍ തലക്കുളത്തൂര്‍ സി.എം.എം എച്ച്.എസ്.എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വേഷം മാറാന്‍ സജ്ജീകരണമൊരുക്കാത്തതിലും വേദികള്‍ ഇടക്കിടെ മാറ്റുന്നതിലും ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന വേദിയില്‍ ചെറിയ തോതില്‍ പ്രതിഷേധമുണ്ടായെങ്കിലും ആവേശം കെടാതെ നിറഞ്ഞ സദസും ഒരുമിച്ച് തോഴിമാര്‍ക്കൊപ്പം കൈകൊട്ടി. പ്രധാന വേദിയില്‍ നടക്കേണ്ടിയിരുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പനയിലെ വേദി മാറ്റമാണ് മത്സരാര്‍ഥികളെയും കാണികളെയും വലച്ചത്. വേദി എട്ട് ഭൂപാളത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയും ഒന്നാം വേദിയായ മൈലാഞ്ചിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പനയും അരങ്ങേറി. നാലാം ദിനമായ ഇന്നലെ മോഹിനിയാട്ടം, നാടോടി നൃത്തം, ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകം, ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങളും നിലവാരം പുലര്‍ത്തി.
രാത്രി വെളിച്ചത്തില്‍ അഭിനയിപ്പിക്കാന്‍ 'പുറം നാടകം' സജീവം
കോഴിക്കോട്: നാടക വേദികളില്‍ വിദ്യാര്‍ഥികള്‍ അഭിനയിച്ചു തകര്‍ക്കുമ്പോള്‍ പുറത്ത് കുട്ടികളുടെ കൂടെയെത്തിയവരുടെയും നാടകം പഠിപ്പിക്കുന്നവരുടെയും 'പുറം നാടകം'. നേരത്തെ നിശ്ചയിച്ചതിലും എത്രയോ വൈകി നാടകം നടക്കുന്നതിനു കാരണമായി സംഘാടകര്‍ പറയുന്നത് വിദ്യാര്‍ഥികളെ നാടകം പഠിപ്പിക്കുന്നവരുടെ ചില തന്ത്രങ്ങളാണെന്നാണ്. രാത്രി വെളിച്ചത്തില്‍ അവതരിപ്പിച്ചാല്‍ മാത്രമേ സമ്മാനം ലഭിക്കുകയുള്ളുവെന്ന ധാരണയിലാണ് നാടകം വൈകിപ്പിക്കാന്‍ ഇവര്‍ പല തന്ത്രങ്ങള്‍ പയറ്റുന്നത്. ഇതിനായി അസുഖമില്ലാത്ത വിദ്യാര്‍ഥികളെ ആശുപത്രിയില്‍ കൊണ്ടുപേയി രേഖകളുണ്ടാക്കി സമയം നീട്ടുക വരെ ചെയ്യുന്നുണ്ട്.
രക്ഷിതാക്കളും കൂടെ വരുന്ന അധ്യാപകരും ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും നാടകം പഠിപ്പിക്കുന്നവരുടെ പിടിവാശിക്ക് മുന്നില്‍ ഇവരും ഇതിനു നിര്‍ബന്ധിതരാവുകയാണ്. അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പിരിച്ചെടുത്ത ലക്ഷങ്ങള്‍ മുടക്കിയാണ് നാടകം പഠിപ്പിക്കാന്‍ ആളുകളെ കണ്ടെത്തുന്നത്. ഇതു കാരണം ഇവര്‍ പറയുന്നതു പോലെ മാത്രമേ രക്ഷിതാക്കളും അധ്യാപകരും പ്രവര്‍ത്തിക്കുകയുള്ളു. സമ്മാനം നഷ്ടപ്പെട്ടാല്‍ ഈ പഠിപ്പിക്കുന്നവര്‍ വിദ്യാര്‍ഥികളെയും വിധികര്‍ത്താക്കളെയും വേദിയേയും കുറ്റം പറഞ്ഞ് രക്ഷപ്പെടുകയും ചെയ്യും. പണം ഇവര്‍ നേരത്തെ കൈപ്പറ്റിയിട്ടുമുണ്ടാകും.
ഇത്തരം സംഭവങ്ങള്‍ കാരണം മണിക്കൂറുകളോളം വൈകിയാണ് പല നാടകങ്ങളും തുടങ്ങുന്നത്. നാടകം കാണാനായി മാത്രം പ്രായമായവരും നാടകപ്രിയരുമായി നൂറുകണക്കിന് ആളുകളാണ് കലോത്സവത്തിനെത്തുന്നത്. ഈ 'പുറം നാടകം' കാരണം പലരും നിരാശരായി മടങ്ങുന്നതും പതിവാണ്. പലതവണ അനൗണ്‍സ് ചെയ്തിട്ടും ഫലമില്ലാത്ത അവസ്ഥയാണ്. എല്ലാ മുന്നറിയിപ്പുകള്‍ക്കു ശേഷവും വന്നിട്ടില്ലെങ്കില്‍ അയോഗ്യരായി പ്രഖ്യാപിച്ചാല്‍ പല കാരണങ്ങള്‍ പറഞ്ഞ് വിദ്യാര്‍ഥികളുടെ കൂടെയെത്തിയവര്‍ പ്രശ്‌നമുണ്ടാക്കും. അതേസമയം എ ഗ്രേഡ് ലഭിച്ച പല നാടകങ്ങളും പകല്‍ വെളിച്ചത്തില്‍ അവതരിപ്പിച്ചതാണ്. എന്നിട്ടും രാത്രിയ്ക്കായി വിദ്യാര്‍ഥികളെ മനഃപൂര്‍വം പിന്തിരിപ്പിക്കുകയാണെന്നും ഇതിനായി സ്റ്റേജ് തകര്‍ക്കുന്ന ഹീനമായ നടപടികള്‍ വരെ ചിലര്‍ ചെയ്യുന്നതായും അധികൃതര്‍ പറയുന്നു.
അരങ്ങ് കീഴടക്കി എം. മുകുന്ദന്റെ കഥാപാത്രങ്ങളും
കോഴിക്കോട്: മലയാള സാഹിത്യലോകത്ത് നാട്ടുനന്മയുടെ കഥ പറഞ്ഞ എം. മുകുന്ദന്റെ നഗ്നനായ തമ്പുരാന്‍ നോവലിലെ കഥാപാത്രങ്ങള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകത്തിന് പുത്തനുണര്‍വേകി. കോഴിക്കോട് സാമൂതിരി എച്ച്.എസ്.എസിലെ കെ.ആര്‍ ഗോകുല്‍, സുബിന്‍, കാവ്യ പി. പ്രകാശ്, ഇര്‍ഫാന, വിഷ്ണുപ്രിയ, അര്‍ജുന്‍, വിഷ്ണു, അമര്‍, പി.ഡി അര്‍ജുന്‍, അശ്വനി എന്നിവര്‍ നോവലിലെ കഥാപാത്രങ്ങള്‍ക്ക് പുതുജീവനേകിയപ്പോള്‍ സദസ് ഒന്നടങ്കം ഒന്നാം സ്ഥാനം നിശ്ചയിക്കുകയായിരുന്നു.
അവസാനം ഫലപ്രഖ്യാപനം നടന്നപ്പോഴും പതിവ് തെറ്റിയില്ല. കല്ലിശേരിയിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട തമ്പുരാന്‍ അപ്രതീക്ഷിതമായി ഒരു രാത്രി നഗ്നനാവുന്നതാണ് കഥ. ഏതൊരു ഭരണാധികാരിയും ഒരു നാള്‍ തന്റെ ഉടയാടകള്‍ അഴിച്ചുവച്ച് ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷനാകുമെന്ന സന്ദേശം നല്‍കിയാണ് നാടകം അവസാനിക്കുന്നത്. പ്രിയദര്‍ശന്‍ പരിശീലിപ്പിച്ച നാടകത്തിലെ തമ്പുരാനായി വേഷമിട്ട കെ.ആര്‍ ഗോകുലാണ് കലോത്സവത്തിലെ മികച്ച നടന്‍.
ഓന്തിന്റെ കഥ പറഞ്ഞ നാടകത്തിന് ഒന്നാം സ്ഥാനം
കോഴിക്കോട്: ഹൈസ്‌കൂള്‍ മലയാള വിഭാഗം നാടകത്തില്‍ ഓന്തിന്റെ കഥ പറഞ്ഞ സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം. ഗിരീഷ് പി.സി പാലം സംവിധാനം ചെയ്ത് രമേശ് കാവില്‍ രചന നിര്‍വഹിച്ച നാടകമാണ് 'ഓന്ത് '. സ്വര്‍ഗത്തില്‍ നിന്ന് പുറത്തായ രാജാവിനെ അവിടേക്ക് തിരികെയെത്താന്‍ ഓന്ത് സഹായിക്കുന്ന കഥയാണ്. പരിസ്ഥിതിയുടെ പ്രാധാന്യത്തിനും നാടകം പ്രാമുഖ്യം നല്‍കുന്നുണ്ട്. കൃഷ്ണപ്രിയ, ദിവാകരന്‍, കീര്‍ത്തന, ദേവാന്ദ്ര, അദ്വൈദ്, അതുല്‍, അശോകന്‍, ഹസല്‍, അഭിനവ് എന്നിവരാണ് അഭിനേതാക്കള്‍. നേരത്തേ ഗിരീഷ് പി.സി പാലം സംവിധാനം ചെയ്ത് രമേഷ് കാവില്‍ രചന നിര്‍വഹിച്ച 'കോളാമ്പി' നാടകത്തിനായിരുന്നു മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്.
പ്രണയ മഴയില്‍ ഉറുദു ഗസല്‍
കോഴിക്കോട്: യേ മുഹബ്ബത്ത് തേരെ അപെ റോനാ ആയാ... വേദി ആറ് ഭൈരവിയില്‍ നടന്ന ഉറുദു ഗസലില്‍ പ്രണയവും നൈരാശ്യവും വിരഹവും മഴയായ് പെയ്തിറങ്ങി. നസീര്‍ ഖാസിമിയുടെയും മീര്‍ത്തക്മീറിന്റെയും മിര്‍സാ ഗാലിബിന്റെയും വരികള്‍ക്ക് ശബ്ദം നല്‍കിയപ്പോള്‍ സദസും ഒരുമിച്ചു പാടി... ആഹ് കോ ചാഹിയേ ഇക് ഉമ്‌റ് അസര്‍ ഹോനെ ഹേ....
പാടിയ മുഴുവന്‍ മത്സരാര്‍ഥികളും നിലവാരം പുലര്‍ത്തിയപ്പോള്‍ സഹൃദയര്‍ ആനന്ദാശ്രുപൊഴിച്ചു. ഷക്കീര്‍ ബദയൂനിയുടെയും മിര്‍സാ ഗാലിബിന്റെയും വരികള്‍ക്ക് ശബ്ദം നല്‍കിയ വിദ്യാര്‍ഥിയുടെ ഗാനം സദസിന്റെ കൈയടി നേടി.
അറബനമുട്ടില്‍ നാലാം തവണയും സി.കെ.ജി ചിങ്ങപുരം
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി വിഭാഗം അറബനമുട്ടില്‍ നാലാം തവണയും എതിരാളികളില്ലാതെ സി.കെ.ജി എച്ച്.എസ്.എസ് ചിങ്ങപുരം. വ്യത്യസ്തമായ താള ചടുലതയോടെയുള്ള പ്രകടനമാണ് അറബനമുട്ട് വേദിയില്‍ അമീറിന്റെ നേൃത്വത്തിലുള്ള ചിങ്ങപുരം ടീം കാഴ്ചവച്ചത്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഇവര്‍ രണ്ടാംസ്ഥാനം നേടിയിരുന്നു. മലപ്പുറം സ്വദേശിയായ സൈതലവി പൂക്കളത്തും മുനീറുമാണ് ചിങ്ങപുരത്തിന്റെ പരിശീലകര്‍. നിഹാന്‍, ഷുഹൈബ്, ജിനാസ്, ഷാഹിദ്, സിനാന്‍, സഹല്‍,അനന്ദു, മഹ്‌റൂഫ്, അക്മല്‍ എന്നിവരാണ് മറ്റു ടീമംഗങ്ങള്‍.
'പെണ്ണി'നെ അവതരിപ്പിച്ച് സൂര്യാ ഷാജി മികച്ച നടി
കോഴിക്കോട്: പെണ്ണ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അശോകപുരം സെന്റ് വിന്‍സെന്റ് കോളനി എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി സൂര്യ ഷാജി ഹൈസ്‌കൂള്‍ വിഭാഗം നാടകത്തിലെ മികച്ച നടിയായി. പെണ്‍കുട്ടികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയാണ് സൂര്യാ ഷാജി മികച്ച നടിയായത്. ബിച്ചൂസി ചിലങ്ക സംവിധാനം ചെയ്ത് സുനില്‍ നാഗമ്പാറ രചന നിര്‍വഹിച്ച നാടകമാണ് സദാചാരം.
ആദ്യമായിട്ടാണ് കലോത്സവത്തില്‍ സൂര്യ പങ്കെടുക്കുന്നത്. എരഞ്ഞിപ്പാലം പാലാ
ട്ട് വീട്ടില്‍ ഷാജി സിന്ധു ദമ്പതികളുടെ മകളാണ്. നാടകക്കാരനായ അമ്മാവന്‍ നല്‍കിയ ബാലപാഠങ്ങളാണ് സിന്ധുവിന് പ്രചോദനമായത്. നേരത്തെ കോഴിക്കോട് ടൗണ്‍ഹാളില്‍ യു.ഡി.ഐ നാടകോത്സവത്തില്‍ മികച്ച നാടകമായി സദാചാരം തിരഞ്ഞെടുത്തിരുന്നു.
കലോത്സവ വേദി നശിപ്പിക്കാന്‍ ശ്രമം
കോഴിക്കോട്: കലോത്സവ വേദി നശിപ്പിക്കാന്‍ സാമൂഹ്യദ്രോഹികളുടെ ശ്രമം. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് എച്ച്.എസ്.എസില്‍ ഒരുക്കിയ അഞ്ചാം വേദിയായ ഹൊസാനയുടെ സ്റ്റേജിന്റെ അടിഭാഗത്തെ കയറുകള്‍ മുറിക്കുകയും മണ്ണില്‍ ഉറപ്പിച്ച കാലുകള്‍ ഇളക്കി മാറ്റാനുമാണ് ശ്രമം നടന്നത്. സ്റ്റേജിന്റെ മുളംകാല്‍ ഇരുമ്പു ദണ്ഡുമായി കെട്ടിയ കയറുകളാണ് അറുത്തു മാറ്റിയത്. കാല്‍ കുഴിച്ചിട്ട ഭാഗത്തു നിന്നുള്ള മണ്ണും നീക്കിയിട്ടുണ്ട്. സംഭവം അട്ടിമറി ശ്രമമാണെന്ന് സംഘാടകര്‍ പറയുന്നു.
നേരത്തെ ഈ വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ പലക ഇളകുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ സ്റ്റേജിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോഴാണ് അട്ടിമറി ശ്രമം ശ്രദ്ധയില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രിയില്‍ വഞ്ചിപ്പാട്ട് മത്സരം നടന്നതിനു ശേഷമാണ് സ്റ്റേജ് നശിപ്പിക്കാന്‍ ശ്രമം നടന്നത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേജ് ആന്‍ഡ് പന്തല്‍ കമ്മിറ്റി കണ്‍വീനര്‍ പ്രദീപ്കുമാര്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്.
സമൂഹത്തിനെതിരേ നാടോടികള്‍
കോഴിക്കോട്: സമൂഹത്തിലെ പൊതുവായ പ്രശ്‌നങ്ങള്‍ ചുവടുകളിലൂടെ അവതരിപ്പിച്ച് നാടോടികള്‍. വേദി അഞ്ച് ഹൊസാനയില്‍ നടന്ന നാടോടി നൃത്തത്തിലാണ് പാട്ടിനൊത്ത് മത്സരാര്‍ഥികള്‍ താളം ചവിട്ടിയത്.
സാമൂഹികമായി സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും സമൂഹത്തിന്റെ മനോഭാവവും മത്സരാര്‍ഥികളുടെ മുഖങ്ങളില്‍ തെളിഞ്ഞു.
ഒപ്പന, നാടക വേദിയില്‍ താളപ്പിഴ
കോഴിക്കോട്: തര്‍ക്കത്തിലും ബഹളത്തിലും മുങ്ങിയതിനാല്‍ മണിക്കൂറുകള്‍ വൈകിയായിരുന്നു ഇന്നലെ ഒപ്പന, നാടക മത്സരങ്ങള്‍ ആരംഭിച്ചത്. ഒപ്പന മത്സരം നടക്കേണ്ടിയിരുന്ന എട്ടാം വേദിയായ സെന്റ് ഫിലോമിനാസ് സ്‌കൂളിലെ ഭൂപാളം വേദിയില്‍ മത്സരാര്‍ഥികളായ പെണ്‍കുട്ടികള്‍ക്ക് ഡ്രസ് മാറാനുള്ള സൗകര്യമില്ലെന്ന് പറഞ്ഞായിരുന്നു ബഹളം തുടങ്ങിയത്. എന്നാല്‍ സംഘാടകര്‍ ഇടപെട്ട് സ്‌കൂളില്‍ റൂം ശരിയാക്കി നല്‍കി പ്രശ്‌നം പരിഹരിച്ചു. അതേസമയം നാടകം ആരംഭിക്കുന്നതിന് മുന്‍പ് ശബ്ദക്രമീകരണവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം ഉടലെടുത്തത്. നാടകം നടക്കുന്ന വേദിയായ സാവേരിയിലേക്ക് തൊട്ടടുത്ത വേദിയായ മോഹനത്തില്‍ നടക്കുന്ന പരിപാടികളുടെ ശബ്ദം കേള്‍ക്കുന്നതിനാല്‍ നാടകത്തിലെ സംഭാഷണം വ്യക്തമാകുന്നില്ലെന്നായിരുന്നു പരാതി.
മെഡിക്കല്‍ സൗകര്യങ്ങളുമായി അല്‍ഹിന്ദ്
കോഴിക്കോട്: ജില്ലാ സ്‌കൂള്‍ കലോത്സവ വേദിയില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കി അല്‍ഹിന്ദ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘം. ആംബുലന്‍സും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ടീമുമാണ് സേവന സന്നദ്ധരായി ഇവിടെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."