വിദ്യാര്‍ഥി ഹോസ്റ്റലില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
നാദാപുരം: വളയം സ്വദേശിയും തൃശൂര്‍ പാമ്പാടി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയുമായ ജിഷ്ണു പ്രണോയ്(18)യുടെ ആത്മഹത്യക്ക് പിന്നില്‍ കോളജ് അധ്യാപകരുടെയും അധികൃതരുടേയും മാനസിക പീഡനമെന്ന് ആരോപണം. വെള്ളിയാഴ്ചയാണ് ജിഷ്ണു ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്.
ജിഷ്ണുവിന്റെ സഹപാഠികളും ബന്ധുക്കളുമാണ് കോളജ് അധികൃതര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു യൂനിവേഴ്‌സിറ്റി പരീക്ഷയുണ്ടായിരുന്നു. പരീക്ഷയ്ക്കിടെ മറ്റൊരു വിദ്യാര്‍ഥിയുടെ പരീക്ഷാ പേപ്പറില്‍ നോക്കിയെഴുതി എന്നാരോപിച്ചു കോളജിലെ ഒരു അധ്യാപകന്‍ ജിഷ്ണുവിനെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി പരിഹസിക്കുകയും ചീത്തവിളിക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷം ഓഫിസിലെത്തി ഡീബാര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരോട് അറ്റന്‍ഡന്‍സും ഇന്റേണല്‍ മാര്‍ക്കും വച്ചു പകവീട്ടാറുള്ള മാനേജ്‌മെന്റ് ജിഷ്ണുവിനോടും അങ്ങനെ തന്നെ പെരുമാറുമെന്നു തോന്നിയിരുന്നു.
ഇതിനിടെ ഓഫിസില്‍ പോയിട്ടു വന്ന ജിഷ്ണു നിരാശനായിരുന്നു. ഡീബാര്‍ നടപടികള്‍ മാനേജ്‌മെന്റ് ആരംഭിച്ചിരുന്നു. മാനസികമായി തളര്‍ന്ന ജിഷ്ണു വൈകിട്ട് ഹോസ്റ്റലില്‍ കയറി മുറിയടച്ചു. ആറുമണിക്കു ഹോസ്റ്റലില്‍ അറ്റന്‍ഡന്‍സ് എടുത്തപ്പോള്‍ ജിഷ്ണുവിനെ കാണാതെ വന്നപ്പോള്‍ സഹപാഠികള്‍ റൂമിനു മുന്നിലെത്തി. വാതിലില്‍ തട്ടിയപ്പോള്‍ തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണു ജിഷ്ണുവിനെ ബാത്ത് റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കോളജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും വിസമ്മതിക്കുകയായിരുന്നു.
കോളജിലെ മറ്റൊരു വിദ്യാര്‍ഥിയുടെ കാറിലാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും ജിഷ്ണു മരണപ്പെട്ടിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."