മത്സ്യത്തൊഴിലാളി ഭവന പദ്ധതി: ക്യാംപ് ഒന്‍പതിന് തുടങ്ങും
കോഴിക്കോട്: ഭൂരഹിത മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമിയും വീടും നല്‍കുന്ന പദ്ധതി പ്രകാരം സമര്‍പ്പിച്ച അപേക്ഷകളുടെ പരിശോധനയ്ക്കും പദ്ധതി വിശദീകരിക്കുന്നതിനും ഫിഷറീസ് വകുപ്പ് ക്യാംപുകള്‍ സംഘടിപ്പിക്കുന്നു. അപേക്ഷ സമര്‍പ്പിച്ച എല്ലാ ഗുണഭോക്താക്കളും ക്യാംപില്‍ ഹാജരാകണം.
ക്യാംപുകളില്‍ ഹാജരാകാത്ത ഗുണഭോക്താക്കളെ അനര്‍ഹരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ബേപ്പൂര്‍ മത്സ്യഭവനില്‍ ഒന്‍പതിനും (ചാലിയം മുതല്‍ കപ്പക്കല്‍ വരെ) വെള്ളയില്‍ മത്സ്യഭവനില്‍ 10നും (തെക്കേകടപ്പുറം മുതല്‍ പളളിക്കണ്ടി വരെ), എലത്തൂര്‍ മത്സ്യഭവനില്‍ 11നും (പുതിയപ്പതെക്ക് മുതല്‍ എലത്തൂര്‍ വരെ), കൊയിലാണ്ടി മിനിസിവില്‍ സ്റ്റേഷനില്‍ 12നും (കണ്ണങ്കടവ് മുതല്‍ ഇരിങ്ങല്‍ വരെ), വടകര മത്സ്യഭവനില്‍ 13നും (വടകര തെക്ക് മുതല്‍ അഴിയൂര്‍ വരെ) രാവിലെ 10.30 മുതല്‍ വൈകിട്ട് നാലു വരെ ക്യാംപ് നടക്കും.
സ്വന്തമായോ, ജീവിത പങ്കാളിയുടെയോ, മക്കളുടെ പേരിലോ, പാരമ്പര്യ സ്വത്തായോ നിലവില്‍ ഭൂമിയില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫിസറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, ജീവിത പങ്കാളിയുടെ പേരിലോ, പാരമ്പര്യ സ്വത്തായോ ഭൂമിയില്ലെന്ന് തെളിയിക്കുന്ന ജന്മദേശം നിലനില്‍ക്കുന്ന സ്ഥലത്തെ വില്ലേജ് ഓഫിസറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ ക്യാംപില്‍ ഹാജരാക്കണം.
തീരദേശത്ത് നിന്നും 200 മീറ്റര്‍ മാറി തീരദേശ നിയന്ത്രണ നിയമം അനുശാസിക്കും വിധം രണ്ടുമുതല്‍ മൂന്നു സെന്റ് സ്ഥലം സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് സ്വന്തം നിലയ്ക്ക് വാങ്ങുന്നതിന് തയാറാണെന്ന് സമ്മതപത്രം നല്‍കുന്ന ഗുണഭോക്താക്കളെ മാത്രമേ ഗുണഭോക്തൃ പട്ടികയില്‍ ചേര്‍ക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."