വെട്ടിക്കുറച്ച പോസ്റ്റ്മാന്‍ തസ്തികകള്‍ പുനഃസ്ഥാപിക്കണം
വടകര: ചോമ്പാല്‍ പോസ്റ്റോഫിസിലേതടക്കം പോസ്റ്റ്മാന്‍ തസ്തിക വെട്ടിക്കുറച്ച പോസ്റ്റല്‍ വകുപ്പിന്റെ നടപടി പിന്‍വലിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ചോമ്പാല്‍ പോസ്റ്റോഫിസില്‍ മൂന്ന് പോസ്റ്റ്മാന്‍ തസ്തികയില്‍ നിന്ന് ഒരാളെ വെട്ടിക്കുറച്ചതോടെ സ്ഥലത്തെ തപാല്‍ വിതരണം താളംതെറ്റിയതായി യോഗത്തില്‍ പരാതി ഉയര്‍ന്നു. ദിനംപ്രതി വീടുകളും സ്ഥാപനങ്ങളും വര്‍ധിക്കുമ്പോള്‍ കൂടുതല്‍ പോസ്റ്റ്മാന്‍മാരെ നിശ്ചയിക്കാതെ നിലവിലുള്ള തസ്തിക വെട്ടിക്കുറയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇക്കാര്യം പോസ്റ്റല്‍ സുപ്രണ്ടിനെ അറിയിക്കുമെന്ന് തഹസില്‍ദാര്‍ ടി.കെ സതീശ്കുമാര്‍ യോഗത്തില്‍ വ്യക്തമാക്കി.
പുതിയ റേഷന്‍കാര്‍ഡ് നിലവില്‍ വരുന്നതിന്റെ ഭാഗമായി കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കണം. അനര്‍ഹര്‍ പലരും കാര്‍ഡില്‍ മുന്‍ഗണന ലിസ്റ്റില്‍ വന്നതായി യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. വയനാട് ചുരം റോഡില്‍ കാടുകള്‍ വെട്ടിമാറ്റി അപകട സാധ്യത ഒഴിവാക്കണം. താലൂക്കില്‍ വ്യാപകമായി കക്കൂസ് മാലിന്യങ്ങള്‍ അടക്കം ഓടകളില്‍ ഒഴുക്കുന്നതിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും നടപടിയെടുക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. വടകര നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു അധ്യക്ഷയായി. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നളിനി, സമിതിയംഗങ്ങളായ പുത്തൂര്‍ അസീസ്, പി.എം അശോകന്‍, ആര്‍.ഗോപാലന്‍, പ്രദീപ് ചോമ്പാല, പി.സുരേഷ് ബാബു, ഇ.എം ബാലകൃഷ്ണന്‍, എ.ടി ശ്രീധരന്‍, ടി.വി ബാലകൃഷ്ണന്‍, സി.കെ കരീം, കളത്തില്‍ ബാബു, പി.അച്യുതന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."