കക്ഷായി കാവാട്ടുമുക്ക് റോഡ് തകര്‍ന്ന് തരിപ്പണമായി; കാല്‍നടയാത്രയും ദുരിതമായി
മൂവാറ്റുപുഴ: കക്ഷായി കാവാട്ടുമുക്ക് റോഡ് തകര്‍ന്ന് തരിപ്പണമായി. കാല്‍നടയാത്ര ദുരിതമായി. നിരവധി പരാതി നല്‍കിയെങ്കിലും പി.ഡബ്ല്യു.ഡി അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം ശക്തമായി. മുളവൂര്‍ പേഴയ്ക്കാപ്പിളളി റോഡിനേയും, നെല്ലിക്കുഴി പേഴയ്ക്കാപ്പിളളി റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണ് കക്ഷായി കാവാട്ടുമുക്ക് പി.ഡബ്ല്യു.ഡി റോഡ്. നാല് കിലോമീറ്റര്‍ ദൂരമുളള റോഡിന്റെ മൂന്ന് കിലോമീറ്റര്‍ ദൂരം തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷത്തോളമായി. 10വര്‍ഷം മുമ്പാണ് റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്ത് ടാറിങ് നടത്തിയത്. മൂന്ന് വര്‍ഷത്തോളം റോഡ് സഞ്ചാരയോഗ്യമായിരുന്നു. തുടര്‍ന്നാണ് തകര്‍ന്നു തുടങ്ങിയത്. ഇപ്പോള്‍ തകര്‍ച്ച പൂര്‍ണതയിലെത്തി. ഇതിനിടെ ഒരു കിലോമീറ്റര്‍ ദൂരം രണ്ട് വര്‍ഷം മുമ്പ് ടാറിങ് നടത്തിയിരുന്നു. ആറ് മാസം കഴിയുന്നതിനു മുമ്പ് ടാറിങ് നടത്തിയ ഭാഗവും തകര്‍ന്ന് കാല്‍നടയാത്രപോലും പറ്റാതായി.
നൂറുകണക്കിന് വീടുകളുളള കക്ഷായി, കിഴക്കേക്കര, പേഴയ്ക്കാപ്പിളളി ഹരിജന്‍ കോളനി, തട്ടുപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സഞ്ചരിക്കുവാനുളള പ്രധാന റോഡാണിത്. കൂടാതെ ഇലാഹിയ ആട്‌സ് ആന്റ് സയന്‍സ് കോളജ് ഉള്‍പ്പടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളും, പൈനാപ്പിള്‍ സിറ്റി എന്നറിയപ്പെടുന്ന പൈനാപ്പിള്‍ വ്യാപാര കേന്ദ്രവും ഈ റോഡിന്റെ ഓരത്താണ്. ചെറുതും, വലുതമായ ആരാധനാലയങ്ങളിലേക്കും ഈ റോഡിലൂടെസഞ്ചരിച്ച് വേണം പോകുവാന്‍. കോതമംഗലം, മൂവാറ്റുപുഴ, മളവൂര്‍, പേഴയ്ക്കാപ്പിളളി എം.സി റോഡ് എന്നിവിടങ്ങളിലേക്കും പ്രദേശവാസികള്‍ ക്ക് സഞ്ചരിച്ചെത്തുന്നത് ഈ റോഡ് മാര്‍ഗ്ഗമാണ്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിലൂടെ കോളജ് വാഹനമുള്‍പ്പടെ നിരവധി വാഹനങ്ങളാണ് ദിവസവും കുണ്ടിലും, കുഴിയിലും ചാടി പോകുന്നത്. നെല്ലിക്കുഴി പായിപ്ര റോഡില്‍ ഗതാഗത തടസം നേരിടുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയും, സ്വകാര്യ ബസുള്‍പ്പടെയുളള വാഹനങ്ങള്‍ തിരിച്ചുവിടുന്നതും ഈ റോഡിലൂടെയാണ്. ഒരു പ്രദേശത്തിലെ ജനങ്ങളുടെ സഞ്ചാരത്തിനുളള ഏക റോഡ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും തിരിഞ്ഞുനോക്കാത്ത പി.ഡബ്ല്യു.ഡി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പൈനാപ്പിള്‍ സിറ്രിയില്‍ നാട്ടുകാരുടെ യോഗം ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു. കക്ഷായി കാവാട്ടുമുക്ക് റോഡ് റീ ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പി.ഡബ്ല്യു.ഡിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."