സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ നിലനിര്‍ത്താന്‍ നേതാക്കളുടെ രാജി
കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ നിലനിര്‍ത്താന്‍ ഭരണ പ്രതിപക്ഷ നേതാക്കളുടെ രാജി.സി.പി.എമ്മിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ഷൈല ക്ഷേമ കാര്യ സ്ഥിരം സമിതിയിലെ അംഗത്വവും, യു.ഡി.എഫിലെ മുസ്‌ലിംലീഗ് അംഗം റസിയ സബാദ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവുമാണ് രാജിവെച്ചത്.
ഒരംഗത്തെ കോടതി അസാധുവാക്കിയതിനെ തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നിലനിര്‍ത്താനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. നാല് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ലീഗ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചിരുന്ന ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റസിയ സബാദിനെ രാജിവെപ്പിച്ച് ജില്ലാ പ്ലാനിങ് കമ്മിയില്‍ അംഗമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒഴിവുള്ള ക്ഷേമകാര്യ സ്ഥിരം സമിതിയില്‍ അധ്യക്ഷ സ്ഥാനം ഉറപ്പാക്കിയാണ് സി.പി.എമ്മിലെ പി.എസ്.ഷൈലയുടെ രാജി. ഒരംഗത്തെ കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് സ്ഥിരം സമിതിയില്‍ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു.
ഭൂതത്താന്‍കെട്ട് ഡിവിഷനില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് അംഗം എം.എം.അബ്ദുല്‍ കരീമിനെ കോടതി അയോഗ്യനാക്കിയ സാഹചര്യത്തിലാണ് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ കയറി കൂടാനും നിലനിര്‍ത്താനുമുള്ള ശ്രമത്തിലാണ് ഇരു മുന്നണി നേതാക്കളും. കോണ്‍ഗ്രസ് അംഗത്തെ കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് സി.പി.എമ്മിലെ കെ.എം.പരീത് ഡിസംബര്‍ 14ന് സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റിരുന്നു. സി.കെ.അയ്യപ്പന്‍ കുട്ടി ചെയര്‍മാനായ പൊതുമരാമത്ത് സ്ഥിരം സമിതിയില്‍ അംഗമായിരുന്ന എം.എം അബ്ദുല്‍ കരീമാണ് കോടതി വിധിയിലൂടെ പുറത്ത് പോയത്. സി.പി.എമ്മിന് ഒരംഗത്തെ കൂടി കിട്ടിയതോടെ പൊതുമാരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാകുന്ന സാഹചര്യമുണ്ടായി. പൊതുമരാമത്ത് സ്ഥിരം സമിതിയില്‍ യു.ഡി.എഫ് മൂന്ന്, എല്‍.ഡി.എഫ് രണ്ട് എന്നായിരുന്നു അംഗബലം.
അംഗത്വം നഷ്ടപ്പെട്ട അബ്ദുല്‍ കരീമിന് പകരം പൊതുമരാമത്ത് സമിതിയില്‍ കെ.എം.പരീത് വരുന്നതോടെ എല്‍.ഡി.എഫ് മൂന്ന്, യു.ഡി.എഫ് രണ്ട് എന്നാകും. അതോടെ എല്‍.ഡി.എഫ് പൊതുമരാമത്ത് ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ലീഗിന്റെ ക്ഷേമകാര്യ അധ്യക്ഷ സ്ഥാനം കൈവിട്ട് പൊതുമരാമത്ത് അധ്യക്ഷ സ്ഥാനം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കരുക്കള്‍ നീക്കിയത്. യു.ഡി.എഫില്‍ ഓരോ അംഗങ്ങള്‍ വീതമുള്ള മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസിനും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രണ്ടര വര്‍ഷം വീതം നല്‍കാന്‍ ധാരണയുണ്ടത്രേ. സമിതി അധ്യക്ഷ സ്ഥാനത്ത് ഒന്നര വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ പ്രത്യേക രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്ത് റസിയ സബാദിന് ജില്ലാ പഌനിങ് കമ്മിയംഗമാക്കാമെന്നാണ് വാഗാദാനം. അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് അംഗം എം.എം.അബ്ദുല്‍ കരീമിനായിരുന്നു നേരത്തെ ഡി.പി.സി അംഗത്വം നല്‍കിയിരുന്നത്.
എല്‍.ഡി.എഫിനും യു.ഡി.എഫിനും മൂന്ന് വീതം തുല്യ അംഗബലമുള്ള ധനകാര്യസ്ഥിരം സമിതിയില്‍ നിന്ന് ഒന്നോ രണ്ടോ അംഗങ്ങള്‍ രാജിവെച്ച് സ്ഥിരം സമിതികള്‍ നിലനിര്‍ത്താന്‍ കഴിയുമായിരുന്നു. വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബാണ് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍. ഭരണകക്ഷിക്ക് അംഗബലം കുറഞ്ഞാലും ധനകാര്യ സമിതി അധ്യക്ഷ സ്ഥാനം നഷ്ടപ്പെടുമായിരുന്നില്ല. എന്നാല്‍ നിര്‍ണായ ധനബില്ലുകള്‍ പാസാക്കുന്നതില്‍ തടസ്സങ്ങള്‍ വരുമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."