ന്യൂനപക്ഷാവകാശ കമ്മിഷന്‍ സിറ്റിങ്: പുരയിടത്തില്‍ പ്രവേശിക്കാനാവാത്ത സ്ത്രീക്ക് സംരക്ഷണമൊരുക്കാന്‍ നിര്‍ദേശം
ആലപ്പുഴ: അയല്‍വാസിയുടെ ഭീഷണിമൂലം സ്വന്തം പുരയിടത്തില്‍ പ്രവേശിക്കാന്‍ കഴിയാതിരുന്ന വൃദ്ധയ്ക്ക് പൊലീസ് സംരക്ഷണമൊരുക്കി പ്രവേശമൊരുക്കാന്‍ സംസ്ഥാന ന്യൂനപക്ഷാവകാശ കമ്മിഷന്റെ ഉത്തരവ്. കവിയൂര്‍ സ്വദേശിനിക്ക് പൊലീസ് സംരക്ഷണത്തോടെ പുരയിടത്തില്‍ പ്രവേശിക്കാനുള്ള സൗകര്യമൊരുക്കാന്‍ തിരുവല്ല സി.ഐ.യ്ക്ക് കളക്ടറേറ്റില്‍ നടന്ന സിറ്റിങില്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ, അംഗം ബിന്ദു എം. തോമസ് എന്നിവര്‍ ഉത്തരവ് നല്‍കി.
സ്വന്തം പേരില്‍ കരമടയ്ക്കുന്ന സ്ഥലത്ത് പ്രവേശിക്കാന്‍ അയല്‍വാസി അനുവദിക്കുന്നില്ലെന്നു കാട്ടിയാണ് ഇവര്‍ കമ്മിഷനെ സമീപിച്ചത്. മുനിസിഫ് കോടതി മുതല്‍ ഹൈക്കോടതിയെ വരെ സമീപിച്ച് അനുകൂല വിധി നേടിയിട്ടും സ്ഥലത്ത് കയറാന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് കമ്മിഷന്‍ പൊലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടി.
സ്ഥലം സംബന്ധിച്ച തര്‍ക്കമായതിനാല്‍ ഇടപെടാനാവില്ലെന്ന് പൊലീസ് ആദ്യം റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് കമ്മിഷന്‍ പത്തനംതിട്ട ജില്ലാ കളക്ടറില്‍നിന്ന് റിപ്പോര്‍ട്ട് തേടി. പൊലീസ് സംരക്ഷണം നല്‍കി സ്വന്തം സ്ഥലത്ത് പ്രവേശിപ്പിക്കാന്‍ നടപടിയെടുക്കാമെന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. വസ്തുതകള്‍ പരിശോധിക്കാതെ ആദ്യ റിപ്പോര്‍ട്ട് നല്‍കിയതിനെ കമ്മിഷന്‍ വിമര്‍ശിച്ചു. തുടര്‍ന്ന് സംരക്ഷണമൊരുക്കാമെന്നും എല്ലാ സഹായവും നല്‍കാമെന്നും പൊലീസ് റിപ്പോര്‍ട്ട് തിരുത്തി നല്‍കി.
ഇതേത്തുടര്‍ന്നാണ് കമ്മിഷന്റെ നിര്‍ദേശം. മുളക്കുഴ, വെണ്‍മണി ഗ്രാമപഞ്ചായത്തകളില്‍ ശ്മശാനം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ കേസുകളില്‍ സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മകന്റെ വിദ്യാഭ്യാസത്തിനായി എടുത്ത ലോണിന്റെ പലിശ ഒഴിവാക്കി നല്‍കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ നല്‍കിയ പരാതി തീര്‍പ്പാക്കി. പലിശ ഒഴിവാക്കി ബാക്കിതുക അടച്ച് ലോണ്‍ അവസാനിപ്പിച്ചതായി ബാങ്ക് കമ്മിഷനെ അറിയിച്ചു.
വിയാനി റോഡിലെ കള്ളുഷാപ്പ് അടപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതി കമ്മിഷന്‍ പരിഗണിച്ചു. ക്രമസമാധാന പ്രശ്‌ന സാധ്യതയുള്ളതിനാല്‍ ഷാപ്പിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു. തല്‍സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് കമ്മിഷന്‍ നിര്‍ദേശിച്ചു. 20 കേസുകളാണ് കമ്മിഷന്‍ പരിഗണിച്ചത്. നാലെണ്ണം തീര്‍പ്പാക്കി. മറ്റു കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. മാര്‍ച്ച് 15ന് കമ്മിഷന്‍ വീണ്ടും ജില്ലയില്‍ സിറ്റിങ് നടത്തും. വിവിധ ന്യൂനപക്ഷ സംഘടനകള്‍, കമ്മിഷന്‍ രജിസ്ട്രാര്‍ ഇ. നസീമ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."