കണ്ണൂരില്‍ സി. പി. ഐ മന്ദിരം തകര്‍ത്തു
കണ്ണൂര്‍: സി.പി.എം കോട്ടയായ ആന്തൂര്‍ നഗരസഭയിലെ കോള്‍മൊട്ടയില്‍ സി.പി.ഐ ഓഫിസ് മന്ദിരം തകര്‍ത്തു. കെ.വി മൂസാന്‍കുട്ടി സ്മാരക മന്ദിരത്തിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ അക്രമം നടന്നത്. മുകള്‍ നിലയിലെ എട്ടുജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഇരുമ്പുപാരകൊണ്ട് വാതില്‍ കുത്തിതുറക്കാന്‍ ശ്രമവും മന്ദിരത്തിനു നേരെ കല്ലേറും നടന്നു.
മുന്‍പിലെ കൊടിമരവും തകര്‍ത്തിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ 27ന് മൂസാന്‍കുട്ടി അനുസ്മരണ സമ്മേളനത്തിലെ ജനപങ്കാളിത്തത്തില്‍ വിറളി പിടിച്ചവരാണ് അക്രമത്തിനു പിന്നിലെന്ന് സി.പി. ഐ ആരോപിച്ചു. ഡിസംബര്‍ 27ന് മൂസാന്‍കുട്ടിയുടെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികം ആചരിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. സി.പി. എമ്മിന്റെ പേരെടുത്തുപറയാതെ കാനം മാവോവാദി വേട്ടയെയും യു.എ.പി.എ ചുമത്തിയതിനേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതാണ് പ്രകോപനത്തിനു കാരണമെന്ന് കരുതുന്നു.
മൂസാന്‍കുട്ടിയുടെ മകന്‍ മുജീബ്‌റഹ്മാന്‍ ആന്തൂര്‍ നഗരസഭാ കൗണ്‍സില്‍ അംഗമാണ്. ഇദ്ദേഹമൊഴികെ ബാക്കിയുള്ളവരെല്ലാം സി. പി. എമ്മുകാരാണ്. അക്രമവിവരമറിഞ്ഞ് സി.പി. ഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ കൗണ്‍സിലംഗം സി. എന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."