ഫ്‌ളോറിഡ വെടിവയ്പ്; പ്രതി അറസ്റ്റില്‍
ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡ ഫോര്‍ട് ലോണ്ടെര്‍ഡെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഞ്ചുപേരെ വെടിവച്ചുകൊന്നത് മുന്‍ സൈനികന്‍. ഇറാഖില്‍ യു.എസ് സൈനികനായി ജോലിചെയ്തയാളാണ് പ്രതി. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. അലെസ്‌ക സ്വദേശിയായ എസ്‌തെബാന്‍ സാന്റിയാഗോ(26) എന്ന യുവാവിനെയാണ് പൊലിസ് അറസ്റ്റു ചെയ്തത്.
പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വെടിവയ്പുണ്ടായത്. ടീ ഷര്‍ട്ട് അണിഞ്ഞെത്തിയ അക്രമി രണ്ടാമത്തെ ടെര്‍മിനലില്‍ യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുന്ന സ്ഥലത്ത് കടന്നുകയറി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരും പൊലിസും സ്ഥലത്തെത്തി. ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. വെടിയുണ്ട തീര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ പൊലിസിന് കീഴടങ്ങിയത്. ഇയാളുടെ ബാഗ് സുരക്ഷാ ജീവനക്കാര്‍ പരിശോധിച്ചിരുന്നെങ്കിലും തിരയില്ലാത്ത തോക്ക് കണ്ടെത്തിയിരുന്നു.
പിന്നീടാണ് ഇയാള്‍ തോക്കില്‍ തിരകള്‍ നിറച്ചത്. 600 ലേറെ പേരാണ് വെടിവയ്പ് നടക്കുമ്പോള്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നത്. എട്ടുപേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. 25 പേരെ അസ്വസ്ഥതകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9 എം.എം സെമി ഓട്ടോമാറ്റിക് തോക്കാണ് പ്രതി ഉപയോഗിച്ചതെന്ന് പൊലിസ് പറഞ്ഞു.
2010-2011 വര്‍ഷമാണ് ഇയാള്‍ ഇറാഖില്‍ ജോലിചെയ്തത്. ജോലിയില്‍ മികവ് കാട്ടാത്തതിനാല്‍ ഇയാളെ തരംതാഴ്ത്തുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇത് സാന്റിയാഗോയെ മാനസികമായി തളര്‍ത്തി. ഈയിടെ മനോരോഗ ചികിത്സയും നടത്തിയിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. ആറു മെഡലുകള്‍ നേടിയ ഇയാള്‍ എന്‍ജിനീയറിങില്‍ ഒന്നാംക്ലാസ് ബിരുദവും നേടിയിട്ടുണ്ട്.
യു.എസ് സര്‍ക്കാര്‍ തന്റെ മനസ്സ് മാറ്റുകയാണെന്നും ഐ.എസിന്റെ വിഡിയോകള്‍ കാണാന്‍ പ്രേരിപ്പിക്കുന്നുവെന്നും ഇയാള്‍ നേരത്തെ എഫ്.ബി.ഐ ഓഫിസില്‍ചെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം ഫ്‌ളോറിഡയിലെ ഒര്‍ലന്‍ഡോയിലെ നിശാക്ലബില്‍ ഐ.എസ് നടത്തിയ വെടിവയ്പില്‍ 49 പേര്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."