ഫീസ് അടയ്ക്കാന്‍ വൈകി; അപമാനിതനായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: സ്കൂള്‍ ഫീസ് അടക്കാന്‍ വൈകിയതിന് സ്കൂള്‍ അധികൃതര്‍ അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഇഫ്ഹാം ടാലന്റ് സ്കൂളിലെ ഒമ്പതാം കളാസ് വിദ്യാര്‍ഥി മിര്‍സ സല്മാന് ബെയ്ഗാണ് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തത്.
ഫീസ് അടക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ശിക്ഷയുടെ ഭാഗമായി മിര്‍സ സല്‍മാനെ പാന്റ്സ് അഴിപ്പിച്ച് താഴ്ന്ന ക്ലാസിലെ കുട്ടികളുടെ കൂടെ ഇരുത്തുകയും അപമാനിക്കുകയും ചെയ്തിരുന്നതായി ഇതേ സ്കൂളില്‍ പിഠിക്കുന്ന സഹോദരന് വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച ഫീസ് അടക്കുന്നതു വരെ മിര്‍സയെ വിദ്യാര്‍ഥികളുടെ മധ്യത്തില്‍ അപമാനിച്ചിരുന്നതായും സഹോദരന് ആരോപിച്ചു. ഫീസ് അടച്ച ദിവസം താന്‍ ഇനി സ്കൂളില്‍ വരില്ലെന്ന് മിര്‍സ കരഞ്ഞുകൊണ്ട് മറ്റുള്ളവരോട് പറഞ്ഞതായി വിദ്യാര്‍ഥികള്‍ പൊലിസിനോട് പറഞ്ഞു.
വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ സ്കൂളിനെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കാജ സൈനുലാബ്ദ്ദീനെ അറസ്റ്റു ചെയ്തു. എന്നാല്‍ കുട്ടിയെ അപമാനിച്ചുവെന്ന ആരോപണം മാനേജ്മെന്റ് തള്ളി. വ്യക്തിപരമായ കാര്യങ്ങളായിരിക്കാം കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണമെന്നും സ്കൂള്‍ മാനേജ്മെന്റ് പറയുന്നു.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പണം പിന്‍വലിക്കാന്‍ കഴിയാത്തതിനാലാണ് ഫീസ് അടക്കാന്‍ വൈകിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഇത് സ്കൂള്‍ ഓഫിസില്‍ അറിയിച്ചിരുന്നെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."