ഗവ. കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം; ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വിമുഖത
കാഞ്ഞങ്ങാട്: സംസ്ഥാനത്തെ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിന് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതില്‍ സര്‍ക്കാറിന് വിമുഖത. പലയിടത്തും നിശ്ചിത യോഗ്യതയില്ലാത്തവര്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായി ജോലി ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്.
ഗവ. കോളജുകളില്‍ യു.ജി.സി നിയമം പാലിച്ച് ഡോക്ടറേറ്റ് ഉള്ളവരെ മാത്രമേ പ്രിന്‍സിപ്പല്‍മാരായി നിയമിക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2016 ഫെബ്രുവരിയിലാണ് ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്,എ ഹരിപ്രസാദ്,പി.ബി സുരേഷ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ ഉത്തരവിറക്കിയത്.
ഈ ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ മുഴുവന്‍ ഡോക്ടറേറ്റ് ഉള്ളവരെ പ്രിന്‍സിപ്പല്‍മാരായി നിയമിച്ചെങ്കിലും സര്‍ക്കാറിന്റെ കീഴിലുള്ള 38 കോളജുകളില്‍ ഇപ്പോഴും ഈ രീതിയിലുള്ള നിയമനം നടത്തിയിട്ടില്ല.
ഇവിടങ്ങളില്‍ ലക്ചറര്‍മാരുള്‍പ്പടെയുള്ളവരെയാണ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജായി നിയമിച്ചിട്ടുള്ളത്. സംസ്ഥാനത്തെ സര്‍ക്കാറിന് കീഴിലുള്ള 58 കോളജുകളില്‍ 20 കോളജുകളില്‍ മാത്രമാണ് പ്രിന്‍സിപ്പല്‍മാരുള്ളത്. ബാക്കി 38 കോളജുകളില്‍ കസേര ഉണ്ടെങ്കിലും ഇതിലിരിക്കുന്നത് പ്രിന്‍സിപ്പല്‍ യോഗ്യത ഇല്ലാത്തവരാണ്.
യോഗ്യതയില്ലാത്തവര്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജായി ജോലി ചെയ്യുന്ന പലസ്ഥാപനങ്ങളിലും ഇതിന്റെ ഭരണ കാര്യങ്ങളില്‍ അപാകതകള്‍ സംഭവിക്കുന്നതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുന്നതോടെ യോഗ്യതയുള്ള പലരും പ്രിന്‍സിപ്പല്‍മാരായി പ്രമോഷന്‍ ലഭിക്കാതെ വിരമിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഡോക്ടറേറ്റ് ഉള്ളവരെ പ്രിന്‍സിപ്പല്‍മാരായി നിയമിച്ചാല്‍ സീനിയോറിറ്റി ആനുകൂല്യത്തില്‍ 38 കോളജുകളില്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജായി ജോലി ചെയ്യുന്നവര്‍ ഡീപ്രമോട്ടു ചെയ്യപ്പെടും. ഇങ്ങനെ വരുമ്പോള്‍ ഇവര്‍ വകുപ്പ് മേധാവികളായി തരം താഴ്ത്തപ്പെടുന്ന അവസ്ഥയും ഉണ്ടാകും.
ഇക്കാരണം ചൂണ്ടിക്കാട്ടി ഡോക്ടറേറ്റ് ഉള്ളവരെ പ്രിന്‍സിപ്പല്‍മാരായി നിയമിക്കണമെന്ന യു.ജി.സി നിബന്ധനക്കെതിരെ ഒരു വിഭാഗം അധ്യാപകര്‍ രംഗത്തുണ്ട്. എന്നാല്‍ ഹൈക്കോടതി വിധി വന്നതോടെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം കൈകൊള്ളാമെങ്കിലും ഇതിന് തയാറാകാതെ വകുപ്പ്തല മേധാവികളും,സര്‍ക്കാരും ഒളിച്ചു കളി നടത്തുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."