വി.എസ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങള്‍: അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി
തിരുവനന്തപുരം: കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന്റെ ഭാര്യ ഉള്‍പ്പെടെയുള്ള 15 പേരുടെ നിയമനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.പി റഹീം ഗവര്‍ണര്‍ക്ക് പരാതി നല്‍കി. പിണറായി വിജയന്റെ ഭാര്യ കമലയെ സാക്ഷരതാ മിഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് അടക്കം വി.എസ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് താന്‍ വിജിലന്‍സ് ഡയറ്കടര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് വിജിലന്‍സ് ഡയറക്ടര്‍ പൂഴ്ത്തിയെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ റഹീം ഉന്നയിച്ചിട്ടുണ്ട്.
ഇ.പി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദം കത്തിപ്പടരുമ്പോഴായിരുന്നു വി.എസ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനവും അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഉമ്മന്‍ചാണ്ടിയുടെ കാലത്തും ബന്ധു നിയമനം നടന്നുവെന്ന് എല്‍.ഡി.എഫ് ആരോപിച്ചപ്പോള്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കണം എന്നായിരുന്നു യു.ഡി.എഫിന്റെ ആവശ്യം. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് സംഘടനയുടെ നേതാവ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിച്ചത്. ഗവര്‍ണറുടെ അടുക്കല്‍ നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് റഹീം പറഞ്ഞു. നേരത്തെ റഹീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരേ ത്വരിത പരിശോധനയ്ക്കു കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."