മോദിയുടെ പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കായി: യെച്ചൂരി
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിലൂടെ കളളപ്പണം തടയുമെന്നതുള്‍പ്പെടെയുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ ലക്ഷ്യമാക്കിയ കാര്യങ്ങളില്‍ ഒന്നുപോലും നിറവേറ്റിയില്ല.
സാധാരണ ജനങ്ങളെ ദുരിതത്തിലാക്കിയതു മാത്രമാണ് ഇതിന്റെ ഫലമെന്നും യെച്ചൂരി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലു ലക്ഷ്യങ്ങളായിരുന്നു പ്രധാനമന്ത്രി മുന്നോട്ടുവച്ചിരുന്നത്. കള്ളപ്പണം തടയുക, കള്ളനോട്ട് തടയുക, ഭീകരവാദം ചെറുക്കുക, അഴിമതി ചെറുക്കുക എന്നിവ. എന്നാല്‍, ഇതില്‍ ഒന്നു പോലും ഇതുവരേ നിറവേറ്റാനായിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ തീരുമാനം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അവസാനിക്കാന്‍ 50 ദിവസത്തെ സമയമാണ് മോദി ചോദിച്ചത്. എന്നാല്‍ മോദി ഉറപ്പ് നല്‍കിയതിലും ഏറെ മോശം അവസ്ഥയിലാണ് രാജ്യമിപ്പോള്‍. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ബാങ്ക് നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇത് ഉടന്‍ പിന്‍വലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
പാവപ്പെട്ടവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കാത്ത മോദി കോര്‍പ്പറേറ്റുകളുടെ വായ്പാ കുടിശിക എഴുതി തള്ളാന്‍ മടി കാണിക്കാറില്ല. നോട്ട് അസാധുവാക്കല്‍ കൊണ്ട് നേട്ടമുണ്ടായത് കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടുകാര്‍ക്കും മാത്രമാണ്.
ജനങ്ങള്‍ ഇപ്പോഴും ദുരിതത്തിലാണ്. ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം പിന്‍വലിക്കാനാകണം. അതിന് അടിയന്തര നടപടിയുണ്ടാകണം. നോട്ട് അസാധുവാക്കല്‍ ആഭ്യന്തര വളര്‍ച്ചാനിരക്കിനെ ബാധിച്ചില്ലെന്ന ബി.ജെ.പി പ്രചാരണം തട്ടിപ്പാണ്. 32 ദശലക്ഷം വരുന്ന ദിവസവേതനം പറ്റുന്ന തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായി. കര്‍ഷക ആത്മഹത്യ 42 ശതമാനം വര്‍ധിച്ചു.
ഇങ്ങനെ മരിച്ച കര്‍ഷകര്‍ക്കും നോട്ട് അസാധുവാക്കലോടെ പണത്തിന് വരിനിന്ന് മരിച്ച നൂറോളം സാധാരണക്കാര്‍ക്കും ഒരു രൂപപോലും സഹായം നല്‍കാത്ത മോദി സര്‍ക്കാര്‍ കുത്തകകളുടെ 1,12,000 കോടി രൂപയാണ് എഴുതിത്തള്ളിയത്.
നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണ്. പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും പിന്‍വലിക്കണം. നോട്ട് അസാധുവാക്കല്‍ നടപടിയിലെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കാന്‍ സി.പി.എം രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്നും ഇക്കാര്യത്തില്‍ എതുസംഘടനയുമായും ചേര്‍ന്ന് പ്രതിഷേധിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."