നോട്ട് നിരോധനം: ആര്‍.ബി.ഐ ഗവര്‍ണറോട് വിശദീകരണം നല്‍കാന്‍ പി.എ.സി നിര്‍ദേശം
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് അധ്യക്ഷനായ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ റിസര്‍ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് ആവശ്യപ്പെട്ടു. പത്തു ചോദ്യങ്ങളാണ് കമ്മിറ്റി ചോദിച്ചിരിക്കുന്നത്. ജനുവരി 28ന് മുന്‍പ് കമ്മിറ്റിയ്ക്കു മുന്‍പാകെയെത്തി ഉത്തരങ്ങള്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ റിസര്‍വ് ബാങ്കിന്റെ പങ്ക്, സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങള്‍, രണ്ട് മാസത്തിനിടെ ചട്ടങ്ങള്‍ മാറ്റിമറിച്ചതെന്തിന് തുടങ്ങിയ 10 ചോദ്യങ്ങളാണ് പാര്‍ലമെന്ററി കമ്മറ്റി ആര്‍.ബി.ഐ ഗവര്‍ണറോട് ചോദിച്ചിരിക്കുന്നത്.
അധികാര ദുര്‍വിനിയോഗത്തിന് ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാതിരിക്കാനും നിയമനടപടി നേരിടാതിരിക്കാനും വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 30നാണ് പി.എ.സി ഉര്‍ജിത് പട്ടേലിന് ചോദ്യാവലി അയച്ചത്. എത്ര പണം അസാധുവാക്കിയെന്നും അതില്‍ എത്ര ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്നും പി.എ.സി ചോദിച്ചിട്ടുണ്ട്.
നോട്ടുനിരോധന തീരുമാനമെടുത്തത് റിസര്‍വ് ബാങ്കും ബോര്‍ഡ് അംഗങ്ങളുമാണെന്നും ആ നിര്‍ദേശം കേന്ദ്രം നടപ്പാക്കുകയാണ് ചെയ്തതെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ ഈ പരാമര്‍ശത്തോട് ആര്‍.ബി.ഐ ഗവര്‍ണര്‍ യോജിക്കുന്നുണ്ടോ എന്നാണ് ഉര്‍ജിത് പട്ടേലിനോടുള്ള പി.എ.സിയുടെ ആദ്യചോദ്യം. തിടുക്കപ്പെട്ട് രാത്രിയില്‍തന്നെ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ച കാരണമെന്താണ്, എന്തിനാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത് എന്നും പി.എ.സി ചോദിക്കുന്നു.
നോട്ട് അസാധുവാക്കല്‍ തീരുമാനമെടുത്ത നവംബര്‍ എട്ടിലെ ആര്‍.ബി.ഐ യോഗത്തിന്റെ മിനുട്‌സ് ഹാജരാക്കണമെന്നും എന്ത് അടിസ്ഥാനത്തിലാണ് എ.ടി.എമ്മുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും പിന്‍വലിക്കുന്ന പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നതിനും ഉര്‍ജിത് പട്ടേല്‍ മറുപടി നല്‍കണം.
നോട്ട് അസാധുവാക്കല്‍ തീരുമാനം സംബന്ധിച്ച വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്നും ഉര്‍ജിത് പട്ടേലിനോട് ചോദിച്ചിട്ടുണ്ട്. നോട്ടുനിരോധനത്തില്‍ വെള്ളിയാഴ്ച്ച രാജ്യസഭാ കമ്മിറ്റിയും ഊര്‍ജിത് പട്ടേലിനേയും ഡെപ്യൂട്ടി ഗവര്‍ണറേയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
നവംബര്‍ എട്ടിന് രാത്രി എട്ടോടെയാണ് രാജ്യത്തെ ഉയര്‍ന്ന മൂല്യത്തിലുള്ള 500,1000 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി ഉത്തരവിറക്കിയത്. തുടര്‍ന്നുണ്ടായ നോട്ടുക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ജനങ്ങളുടെ നോട്ടുദുരിതത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."