എസ്.പി അധ്യക്ഷന്‍ താന്‍ തന്നെയെന്ന് മുലായം
ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ താന്‍ തന്നെയെന്ന് മുലായം സിങ് യാദവ്. അമര്‍ സിങിനൊപ്പം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുലായം നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ മകന്‍ അഖിലേഷ് യാദവിനെതിരേ കടുത്ത വിമര്‍ശനങ്ങളുന്നയിക്കാതെയാണ് മുലായം കാര്യങ്ങള്‍ വിശദീകരിച്ചത്. താനിപ്പോഴും പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണ്. അഖിലേഷ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ശിവ്പാല്‍ യാദവ് സംസ്ഥാന അധ്യക്ഷനുമാണ്. ദേശീയ അധ്യക്ഷന്‍ അഖിലേഷല്ലെന്നും നേരത്തെ സഹോദരന്‍ രാംഗോപാല്‍ യാദവിന്റെ നേതൃത്വത്തില്‍ വിളിച്ച യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ലെന്നും മുലായം പറഞ്ഞു.
മകനെതിരേ നിലപാട് മയപ്പെടുത്തി സംസാരിച്ച മുലായം അഖിലേഷിന്റെ വിശ്വസ്തനായ രാംഗോപാല്‍ യാദവിനെതിരേ കടുത്ത വിമര്‍ശനമാണുന്നയിച്ചത്. ഡിസംബര്‍ 30ന് ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ രാംഗോപാലിനെ പാര്‍ട്ടിയില്‍ നിന്ന് ആറുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതാണ്. അത്തരമൊരു വ്യക്തിക്ക് ദേശീയ സമിതി യോഗം വിളിക്കാന്‍ എന്ത് അധികാരമാണുള്ളത്. രാംഗോപാല്‍ വിളിച്ചു പറയുന്ന കാര്യങ്ങള്‍ക്കൊന്നും ഒരു വിലയുമില്ല. അവയൊക്കെ പാര്‍ട്ടിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും മുലായം വ്യക്തമാക്കി.
നേരത്തെ രാംഗോപാല്‍ വിളിച്ചു ചേര്‍ത്ത അടിയന്തര പാര്‍ട്ടി യോഗത്തില്‍ മുലായത്തിന് പകരം അഖിലേഷിനെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കുകയും സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് ശിവ്പാല്‍ യാദവിനെ ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. അതേസമയം മുലായത്തിന്റെ പുതിയ നീക്കത്തിന് പാര്‍ട്ടിയില്‍ എത്രത്തോളം പിന്തുണ ലഭിക്കുമെന്ന കാര്യം വ്യക്തമല്ല. പാര്‍ട്ടി അണികള്‍ക്കിടയില്‍ അഖിലേഷിനുള്ള സ്വാധീനമാണ് അദേഹത്തിനെതിരേയുള്ള കടുത്ത പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ മുലായത്തിനെ പ്രേരിപ്പിച്ചത്.
പാര്‍ട്ടി ചിഹ്നത്തിനായി നടക്കുന്ന വടംവലിയില്‍ അഖിലേഷ് തെരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പില്‍ ഭൂരിപക്ഷം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയതും മുലായത്തിന് തിരിച്ചടിയായിരുന്നു. ഇന്ന് ഉച്ചയോടെ മുലായം ഇതു സംബന്ധിച്ച രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൂരിപക്ഷം തെളിയിക്കുന്നതില്‍ മുലായം പരാജയപ്പെട്ടാല്‍ എസ്.പി പിളര്‍പ്പിലേക്ക് നീങ്ങിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."