മാറിമറിഞ്ഞ കാലാവസ്ഥ
സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 34 ശതമാനം കുറവുണ്ടായതിനാല്‍ രൂക്ഷമായ വരള്‍ച്ചയെ നേരിടേണ്ട സാഹചര്യമാണുളളത് അട്ടപ്പാടിയില്‍ ഈ വര്‍ഷം പത്തു ശതമാനം മാത്രമാണു മഴ ലഭിച്ചത്. അവിടെ നിലം വിണ്ടുകീറിയും ജലസ്രോതസുകള്‍ വറ്റിവരണ്ടും വരള്‍ച്ചബാധിത പ്രദേശമായി കഴിഞ്ഞു. അടുത്ത വേനലിനുമുന്‍പു തന്നെ അട്ടപ്പാടിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകാനും മനുഷ്യരും കന്നുകാലികളും മരിച്ചുവീഴാനുമുള്ള സാധ്യത ഏറെയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരിക്കുന്നു.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്പെടുത്തേണ്ട കാറ്റ് വടക്കന്‍ ദിശകളിലേക്കു മാറിപ്പോയതാണ് ഇത്തവണ കാലവര്‍ഷം ദുര്‍ബലമാക്കിയതെന്നു കാലാവസ്ഥാനിരീക്ഷകര്‍ വ്യക്തമാക്കുന്നു. പ്രകൃതിക്ക് കൃത്യമായ താളക്രമമുണ്ടായിരുന്നു. കര്‍ക്കിടകത്തില്‍ ഇടമുറിയാതെ പെയ്യുന്ന മഴ, ചിങ്ങമെത്തിയാല്‍ മഴ മാറി പൊന്‍വെയിലിന്റെ തിളക്കം, രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇടിമിന്നലോടെയെത്തുന്ന തുലാവര്‍ഷം, മഞ്ഞും കുളിരുമായി ധനുവും മകരവും, ഉരുകിത്തിളയ്ക്കുന്ന മീനം, മറ്റു ചെടികള്‍ പൂക്കാന്‍ മടിക്കുമ്പോള്‍ ഇലകള്‍ ഒന്നുപോലും അവശേഷിക്കാതെ കണിക്കൊന്ന പൂത്തുലഞ്ഞുനില്‍ക്കുന്ന മേടം, വെയിലില്‍ തളര്‍ന്ന ചെടികള്‍ക്കും ജീവജാലങ്ങള്‍ക്കും സാന്ത്വനമേകിക്കൊണ്ട് മീനച്ചൂടിന് ആശ്വാസമേകാനായി വേനല്‍മഴയെത്തുന്ന കുംഭം. വര്‍ഷങ്ങളോളം നാം പരിചയിച്ച പ്രകൃതിയുടെ കലണ്ടറാണിത്.
ഇന്ന് ഈ കലണ്ടറിന്റെ ഘടന മാറിയിരിക്കുന്നു. ഇതിന് ഉത്തരവാദികളാരെന്ന് അമ്പേഷിച്ചാല്‍ നാം നമ്മുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടേണ്ടി വരും. ഇന്ന് വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.ഇതിനുളള പ്രധാന കാരണം ആഗോള താപനം എന്ന മഹാവിപത്ത് തന്നെ. ഒരു കാലത്ത് ശാസ്ത്രജ്ഞന്‍മാരുടെ ചര്‍ച്ചകളില്‍ മാത്രം സ്ഥാനമുണ്ടായിരുന്ന ആഗോളതാപനത്തിനാലുളള ദോഷങ്ങള്‍ മനുഷ്യന്‍ അനുഭവിച്ചു കഴിഞ്ഞു. ആഗോള താപനം ഭൂമിയെ സര്‍വ്വനാശത്തിലേക്കെത്തിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സൂര്യനില്‍ നിന്നുളള ചൂട് പകല്‍ സമയത്ത് ഭൂമിയിലേക്കെത്തുന്നു.ഇതില്‍ കുറേ ഭാഗം ഭൂമിയില്‍ തട്ടി പ്രതിഫലിച്ചുപോവും, കുറേ ഭാഗം അന്തരീക്ഷത്തിലെ വാതകങ്ങളും മേഘങ്ങളിലെ നീരാവിയും മറ്റും വലിച്ചെടുക്കും. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥേന്‍, ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍, നൈട്രസ് ഓക്‌സൈഡ്, ഓസോണ്‍ തുടങ്ങിയ വാതകങ്ങളാണ് ചൂടു വലിച്ചെടുക്കുവാന്‍ സഹായിക്കുന്നത്. ഈ വാതകങ്ങളെ ഗ്രീന്‍ ഹൗസ് വാതകങ്ങളെന്ന് വിളിക്കുന്നു. അന്തരീക്ഷത്തിന് ആവശ്യമായ ചൂട് നിലനിര്‍ത്താനും ഇവസഹായിക്കുന്നു എന്നാല്‍ അന്തരീക്ഷം മലിനമായതോടെ ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ അളവ് കൂടി .അപ്പോള്‍ വലിച്ചെടുക്കുന്ന ചൂടിന്‍ അളവും കൂടി ( ഗ്രീന്‍ ഹൗസ് ഇഫക്റ്റ് ). ഗ്രീന്‍ ഹൗസ് വാതകങ്ങളിലെ പ്രധാന പങ്കുളള വാതകമാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്.
കല്‍ക്കരി, പെട്രോളിയം, തടി തുടങ്ങിയവ കത്തുന്നതിനാല്‍ തന്നെ കോടിക്കണക്കിന് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലെത്തിച്ചേരുന്നത്. സാധാരണയിലും കൂടുതലാണ് ഇന്നത്തെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്‍ വ്യാപനം. ചെടികള്‍ പാകം ചെയ്യുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈസ് വലിച്ചെടുക്കുകയും ഓക്‌സിജന്‍ പുറന്തളളുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇന്നത്തെ വനനശീകരണത്താല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കൂടുകയും ഓക്‌സിജന്‍ കുറയുകയും ചെയ്യുന്നു. കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 25 ശതമാനം കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ നമ്മെ സൂചിപ്പിക്കുന്നത്. ഇതു വഴി അന്തരീക്ഷത്തിലെ താപനിലയില്‍ ഉണ്ടായ വര്‍ധന അര ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണ്. ഈ നിലക്കാണെങ്കില്‍ 2100 ആവുമ്പോഴേക്കും അന്തരീക്ഷ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുമത്രെ. ഇതിനുളള ഏക പരിഹാരം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്‍ അളവ് കുറക്കുകയെന്നതാണ്. വാഹനങ്ങളുടെയും വ്യവസായശാലകളുടെയും എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഈ ആധുനിക ലോകത്ത് ഭാവിയെ മറന്ന് പോവുന്നു. അല്ലെങ്കില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ അന്തരീക്ഷത്തിലേക്ക് വിടാതിരിക്കാനുളള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. ഇതിന് അമേരിക്ക പോലുളള രാഷ്ട്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഡെന്‍മാര്‍ക്കിലെ ഒരു ഫാക്ടറിയില്‍ ഭൂമിക്കടിയില്‍ അറകളിലാക്കി സംഭരിക്കുകയാണെത്ര.
ഗ്രീന്‍ ഹൗസ് വാതകങ്ങളില്‍ പെട്ടതാണ് മീഥേന്‍, കൃഷിയിടങ്ങളിലും ചതുപ്പുനിലങ്ങളിലും മറ്റും ചപ്പുചവറുകള്‍ ചീയുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്ന വാതകമാണിത്. കന്നുകാലികളുടെ വിസര്‍ജ്യങ്ങള്‍ വഴിയാണ് അന്തരീക്ഷത്തിലെത്തുന്നത്. നൈട്രജന്‍ കലര്‍ന്ന രാസവളങ്ങളുടെ ഉപയോഗത്തിലൂടെയും ഫോസില്‍ ഇന്ധനങ്ങള്‍ കത്തുന്നതിലൂടെയുമാണ് നൈട്രസ് ഓക്‌സൈഡ് അന്തരീക്ഷത്തിലെത്തുന്നത്. ഭൂമിയുടെ രക്ഷാകവചം എന്നറിയപ്പെടുന്ന ഓസോണ്‍ പാളിയില്‍ ദ്വാരങ്ങള്‍ വീഴ്ത്തുന്ന ക്ലോറോഫ്‌ളൂറോ കാര്‍ബണുകളുടെ പ്രധാന ഉറവിടമാണ് റഫ്രിജറേറ്ററുകളും എയര്‍ കണ്ടീഷനറുകളും, ഇത് ചുരുങ്ങിയത് ഒരു വീട്ടില്‍ ഒന്നെന്ന തോതില്‍ വ്യാപകമായിക്കഴിഞ്ഞു.
ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടു കൂടിയ പതിനൊന്ന് വര്‍ഷങ്ങള്‍ 1995 ന് ശേഷമായിരുന്നു. തണുപ്പുകാലങ്ങള്‍ക്കു പോലും ചൂട് പിടിച്ചിരിക്കുന്നു. കാലാവസ്ഥയെക്കുറിച്ച് പഠിക്കുന്ന ഐ.പി.സി.സി. എന്ന അന്താരാഷ്ട്ര സംഘടനയുടെ അറിയിപ്പ് അനുസരിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍ അവസാനത്തോടെ താപനില 1.8 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.
ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് ലോകത്തിലെ നൂറ്റിപ്പത്ത് കോടിയോളം ജനങ്ങള്‍ ശുദ്ധജലമില്ലാതെ കഷ്ടപ്പെടുന്നുണ്ട്. 2050 ആകുന്നതോടെ ലോകജനസംഖ്യയുടെ പകുതിയോളം പേര്‍ ശുദ്ധജലത്തിനായി പരക്കം പായും. ആഗോള താപനം നമ്മുടെ ശുദ്ധജല സ്രോതസ്സുകളെ അതിവേഗം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്, അതിനോടൊപ്പം മനുഷ്യനാലുളള അതിക്രമവും, ശുദ്ധജലത്തിന്‍ ഉറവിടം പ്രധാനമായും മഞ്ഞുപാളികളാണ്. ഇവ ഉരുകിത്തീര്‍ന്നു കൊണ്ടിരിക്കുന്നു. ഭൂഗര്‍ഭ ജലം ഇനി കിട്ടാക്കനിയായി, ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമായ രീതിയില്‍ താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന് നാസയുടെ ഗ്രേഡ് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചു നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എത്രത്തോളമെന്നു വെച്ചാല്‍ പാലക്കാട് ജില്ലയിലെ ഭൂഗര്‍ഭ ജല അളവില്‍ ഭീമമായ കുറവ് അനുഭവപ്പെട്ടു തുടങ്ങി. ഇതിലെ മുഖ്യ കാരണം ജലമൂറ്റുന്ന വന്‍കിട പെപ്‌സി കമ്പനികളെ നിയന്ത്രിക്കാത്തത് കൊണ്ടാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ വ്യക്തമാക്കുകയുണ്ടായി.
കേരളത്തെ വരള്‍ച്ച മുക്തമാക്കാന്‍ ജനങ്ങള്‍ ചില തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. 2013 ല്‍ ശരാശരിയേക്കാള്‍ 26 ശതമാനം മഴ അധികമായി ലഭിച്ചിരുന്നു. അപ്പോഴും പല ഭാഗത്തും കുടിവെളള വിതരണം നിത്യ കാഴ്ച തന്നെയായിരുന്നു. പ്രകൃതിയുടെ മാറ്റത്തിനനുസരിച്ച് മാറാന്‍ മലയാളികള്‍ തയാറാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. അപ്പോള്‍ നാം ഉപയോഗിക്കുന്ന രീതികളില്‍ മാറ്റം വരേണ്ടതുണ്ട്. കാലവര്‍ഷങ്ങളില്‍ നമുക്ക് ലഭികുന്ന മഴവെളളം റോഡിലൂടെ ഒഴുക്കിവിടാനുളളതല്ല. അത് നമ്മുടെ പറമ്പുകളിലേക്ക് ഒഴുക്കുക. ഇന്നത്തെ മിക്ക വീടുകളിലെ മഴവെളളവും റോഡുകളിലേക്ക് ഒഴുക്കി സ്വന്തം ഭൂമിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് നമ്മുടെ ഭൂമിയെ സംരക്ഷിക്കലല്ല, ഭൂമിയിലെ ജലാംശം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഭൂമി ഭൂരിഭാഗവും സ്വകാര്യ ഉടമസ്ഥതയിലാണ് സര്‍ക്കാറിലല്ല, സര്‍ക്കാറിന് പരിമിതികളുണ്ട്, അതു കൊണ്ട് നിയന്ത്രിക്കേണ്ടത് പൊതുജനങ്ങളാണ്. പഴമക്കാര്‍ വീടിന്‍മേല്‍ക്കൂരയില്‍ പെയ്യുന്ന മഴവെളളം വീടിനുളളില്‍ തന്നെ നടുത്തളമുണ്ടാക്കി സ്വന്തം ഭൂമിയിലേക്ക് വിടലായിരുന്നു. കര്‍ഷകര്‍ കൃഷിഭൂമിയിലും മറ്റും വെളളം ശേഖരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്വന്തം വീടും പരിസരവും കോണ്‍ക്രീറ്റ് ചെയ്ത് ഒരു തുളളി ജലം താഴ്ത്താതെ പാഴാക്കിക്കളയുകയാണ്. ജലസംഭരണികളും കുളങ്ങളും നദികളും സംരക്ഷിക്കുകയാണ് വേണ്ടത്.1977 ല്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ നടന്ന ഒരു സംഭവം ഇവിടെ സ്മരിക്കാം ,ഇവിടത്തെ പ്രധാന വരുമാനമാര്‍ഗം കാലി വളര്‍ത്തലാണ്. പെട്ടെന്നൊരു ദിവസം ഗ്രാമത്തിലെ കന്നുകാലികള്‍ക്കിടയില്‍ വയറിളക്കം പടര്‍ന്നു പിടിച്ചു.വൈകാതെ ഭൂരിഭാഗവും തളര്‍ന്നുവീണു. മരണം നിത്യ കാഴ്ചയുമായി. കാരണമന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്നതായിരുന്നു. ചപ്പടി ബാഗു നദിയില്‍ നിന്നായിരുന്നു ഗ്രാമത്തിലെ കാലികള്‍ നിത്യമായി വെളളം കുടിച്ചിരുന്നത്. അടുത്തുളള ഫാക്ടറിയില്‍ നിന്ന് ഈയം കലര്‍ന്ന രാസവസ്തുക്കള്‍ പുഴയിലേക്ക് ഒഴുക്കിയതാണ്.
മലിനമായ വെളളം ഉളളില്‍ ചെന്നതാണ് മരണകാരണം.എന്നാല്‍ കാലികളുടെ മാത്രമല്ല, മനുഷ്യജീവന് പോലും ഭീഷണിയായ രാസവസ്തുക്കളാണ് ഇപ്പോള്‍ ഒഴുക്കിക്കൊണ്ടിരിക്കുന്നത്. ഇത് വ്യാപകമായിക്കഴിഞ്ഞു. ഇന്ത്യയുടെ പുണ്യ നദിയായ ഗംഗയില്‍ ടണ്‍ കണക്കിന് മലിന വസ്തുക്കളാണ് ഓരോ വര്‍ഷവും വന്നു വീണ് മലിനപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ നിലയില്‍ രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍ തുടര്‍ന്നാല്‍ നദികളെല്ലാം ചരിത്രത്താളുകളിലേക്ക് വഴിമാറും.കേരളത്തിലെ അവസ്ഥയും മറിച്ചല്ല. അടുത്ത കാലത്ത് ഉത്തരകേരളത്തില്‍ ഒരു പാട് പേരുടെ ജീവനും ആരോഗ്യത്തിനും ഭീഷണി ഉയര്‍ത്തിയ പ്രശ്‌നമായിരുന്നു ചാലിയാറിലെ മലിനീകരണം. ഒരു ഫാക്ടറി ഒഴുക്കിയ മാലിന്യമാണ് പ്രശ്‌നകാരണം. കൊച്ചിയിലെ വ്യവസായ മേഖലയിലൂടെ കടന്ന് പോകുന്ന പെരിയാറിലും ഇത് തന്നെ അവസ്ഥ, പെരിയാറിലേക്ക് ഇരുനൂറിലധികം ഫാക്ടറികളാണ് മാലിന്യമൊഴുക്കുന്നത്. പെരിയാറിന്‍ കൈവഴിയായ ഏലൂരിലെ കുഴിക്കണ്ടം തോട്ടിലേക്ക് ഒഴുകിയെത്തുന്ന മലിനജലത്തില്‍ മാരകമായ ഡി.ഡി.ടി അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ പ്രദേശത്തെ 80 ശതമാനത്തിലേറെ കിണറുകള്‍ ഉപയോഗശൂന്യമായി. ഈ അരുവികളില്‍ നിന്നും മാലിന്യങ്ങളൊഴുകുന്നത് കടലിലേക്കാണ് ടണ്‍ കണക്കിനു മാലിന്യങ്ങളാണ് ഓരോ നിമിഷത്തിലും കടലില്‍ വന്നടിയുന്നത്, ഇതു മൂലം കോടിക്കണക്കിന് ജീവജാലങ്ങളുടെ നിലനില്‍പിന് തന്നെ ഭീഷണിയാണ്.
മലിനീകരണം മനുഷ്യനില്‍ ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്നതോടെ തലമുടി കൊഴിഞ്ഞു.പോവുകയും കൊടുംചൂടില്‍ നിന്ന് രക്ഷനേടാനായി തലയുടെ ചര്‍മത്തിന് കട്ടി കൂടുകയും ചെയ്യും. കണ്ണ് ചെറുതാവുകയും കണ്ണിന് മുകളില്‍ ആവരണമുണ്ടാവുകയും ചെയ്യും. മൂക്ക് പുറത്തേക്ക് കുറേ കൂടി ഉന്തി വരികയും മലിനീകരണം നേരിടാന്‍ പുതിയ അരിപ്പകളും അറകളും മൂക്കില്‍ രൂപം കൊളളുകയും ചെയ്യും. ശ്വാസകോശങ്ങള്‍ വികസിക്കുകയും അന്തരീക്ഷവായുവില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിക്കാന്‍ കുറച്ചു കൂടി കാര്യക്ഷമമാവുകയും ചെയ്യും. രക്തത്തില്‍ നിന്ന് ഒട്ടേറെ മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടി വരുന്നതിനാല്‍ കരള്‍ ഏറെ വലുതാകും. മലിനീകരണത്തില്‍ നിന്നും ചൂടില്‍ നിന്നും രക്ഷ നേടാനായി തൊലികള്‍ക്ക് കട്ടി കൂടുകയും ചെയ്യും.
ജലവിനിയോഗത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണമല്ല അവശ്യം, തിരിച്ചറിവാണ്. ഇന്ന് ജനം അറിയാത്തത് കൊണ്ടല്ല ,തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ്. ഇനിയെങ്കിലും ജീവിതം സുരക്ഷിതമാക്കാന്‍ ഉണരുക, നമ്മുടെ ഭാവിക്കായ്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."