ഇടമലക്കുടിയില്‍ യുവജന കമ്മിഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി
അടിമാലി: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ സംസ്ഥാന യുവജന കമ്മിഷന്‍ രണ്ടു ദിവസമായി നടത്തി വന്നിരുന്ന തെളിവെടുപ്പ് പൂര്‍ത്തിയായി. അടുത്തിടെയുണ്ടായ ശിശുമരണം, വികസന പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍, യുവജനങ്ങള്‍ക്കുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, തൊഴില്‍ രംഗത്തുള്ള പിന്നോക്കാവസ്ഥ, ജനസംഖ്യയിലുണ്ടായ ഗണ്യമായ കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച പത്ര ദൃശ്യ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍, പരാതികള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം.
കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്ത ജെറോം, കമ്മിഷന്‍ അംഗങ്ങളായ അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, സുജിത് പോള്‍, കമ്മിഷന്‍ സെക്രട്ടറി പി.പി അജിത തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, പൊലിസ്, വനം വകുപ്പ്, ആരോഗ്യവകുപ്പ്, വിവിധ കുടിനിവാസികള്‍, ഊരുമൂപ്പന്മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
ഇടമലക്കുടിയില്‍ വിവാഹ രജിസ്‌ട്രേഷന്‍ നടക്കുന്നില്ലെന്നും, കുടിയില്‍ മൂന്നു വര്‍ഷം മുന്‍പുവരെ നൂറേക്കറോളം വരുന്ന ഭൂമിയില്‍ നെല്‍കൃഷിയടക്കമുള്ള നിലച്ചു പോയ കാര്‍ഷിക രംഗം തിരികെ കൊണ്ടുവരുന്നതിന് അടക്കം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നോഡല്‍ ഓഫിസറെ നിയമിക്കുക, കുടിനിവാസികള്‍ക്ക് കായിക രംഗത്ത് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വാലായ്മപ്പുര, സത്രം തുടങ്ങിയവയുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, വനവിഭവങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ആവശ്യമായ റോഡ് വികസനം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിക്കുമെന്ന് ചിന്ത ജെറോം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."