തേക്കടിയിലെ ടൂറിസം സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലേക്ക്
കട്ടപ്പന: ശുദ്ധജലക്ഷാമം രൂക്ഷമായതോടെ കുമളി, തേക്കടി മേഖലകളില്‍ ടൂറിസം രംഗത്തെ സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയിലേക്ക്. തമിഴ്‌നാടിനും സമീപ പഞ്ചായത്തുകള്‍ക്കും തേക്കടിയില്‍നിന്നു യഥേഷ്ടം വെള്ളം നല്‍കുമ്പോഴാണ് തൊട്ടടുത്തു കിടക്കുന്ന പ്രദേശത്തെ സ്ഥാപനങ്ങള്‍ പ്രതിസന്ധി നേരിടുന്നത്. ജലക്ഷാമംമൂലം പല റിസോര്‍ട്ടുകളും ഹോട്ടലുകളും വിനോദസഞ്ചാരികളുടെ ബുക്കിങ് റദ്ദാക്കിയ സംഭവം പോലുമുണ്ടായി.
ആയിരക്കണക്കിനാളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുന്ന വിനോദസഞ്ചാര മേഖല തകര്‍ന്നാല്‍ കുമളിയുടെ സാമ്പത്തിക ഭദ്രതയ്ക്കു തിരിച്ചടിയാകും. ക്രിസ്മസ് പുതുവത്സര കാലയളവിലും വെള്ളമില്ലാത്തതിന്റെ പേരില്‍ ചില ഹോട്ടലുകള്‍ ഭാഗികമായാണു പ്രവര്‍ത്തിച്ചത്. ടാങ്കറുകളില്‍ വെള്ളം എത്തിച്ചിരുന്നതും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. വെള്ളത്തിന്റെ ആവശ്യം വര്‍ധിച്ചതോടെ ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നവര്‍ അമിതമായ ചാര്‍ജാണ് ഇപ്പോള്‍ വാങ്ങുന്നത്.
ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു വെള്ളം ലഭ്യമാക്കാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ സ്ഥാപനങ്ങള്‍ അടച്ചിട്ടുശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍, റിസോര്‍ട്ട് ഉടമകളുടെ സംഘടനയായ ടി.ഡി.പി.സി, ഹോംസ്റ്റേ അസോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നു രൂപംനല്‍കിയ തേക്കടി ടൂറിസം കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."