വെള്ളമെടുത്ത പഞ്ചായത്തിന് ജല അതോറിറ്റിയുടെ ഇരുട്ടടി
കുമളി: ആദിവാസി മേഖലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ തേക്കടിയിലെ പമ്പ് ഹൗസില്‍നിന്നു വെള്ളമെടുത്ത പഞ്ചായത്തിനു ജല അതോറിറ്റിയുടെ ഇരുട്ടടി. കഴിഞ്ഞ മാസം ഇവിടെനിന്നു വെള്ളമെടുത്ത വകയില്‍ 78,000 രൂപ അടയ്ക്കണമെന്നു കാണിച്ച് പഞ്ചായത്തിനു ജല അതോറിറ്റി നോട്ടിസ് അയച്ചിരിക്കുകയാണ്. വെള്ളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഈ പണം എവിടെനിന്ന് അടയ്ക്കുമെന്നതാണു പഞ്ചായത്ത് അധികൃതരെ കുഴയ്ക്കുന്നത്.
ജലക്ഷാമം രൂക്ഷമായ മന്നാക്കുടി, പളിയക്കുടി ആദിവാസികോളനികള്‍, പ്രാഥമികാരോഗ്യ കേന്ദ്രം, ശബരിമല സീസണ്‍ ആയതിനാല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ, അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന താല്‍ക്കാലിക പാര്‍ക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിലേക്കാണു പഞ്ചായത്ത് വെള്ളം എടുത്തത്. ജല അതോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇവിടെനിന്നു ധാരണയായതിന്റെ അടിസ്ഥാനത്തിലാണു പഞ്ചായത്ത് വെള്ളമെടുത്തത്.
ഇതിന് ജല അതോറിറ്റിക്കു പണം നല്‍കണമെന്ന് അന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് ജല അതോറിറ്റി പണം വേണമെന്ന ആവശ്യം ഉന്നയിച്ചതോടെ വെള്ളമെടുക്കുന്നതിനു പഞ്ചായത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി.
എന്നാല്‍, ഇതുവരെ എടുത്ത വെള്ളത്തിന്റെ പണം വേണമെന്ന നിലപാടിലാണ് ജല അതോറിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."