മൂവാറ്റുപുഴ വാലി കനാല്‍ തുറന്നില്ല; കുടിവെള്ളക്ഷാമം രൂക്ഷം
കടുത്തുരുത്തി: മൂവാറ്റുപുഴ വാലി കനാല്‍ തുറക്കാത്തതുമൂലം കുടിവെള്ള ക്ഷാമം രൂക്ഷം. മുളക്കുളം, ഞീഴൂര്‍, കടുത്തുരുത്തി, മാഞ്ഞൂര്‍ എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണു കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്.
കനാല്‍ തുറന്നുവിട്ടാല്‍ ഈ പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം നിറയുകയും കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകുകയും ചെയ്യും. മലങ്കര ഡാമിലെ വെള്ളമാണു വിവിധ പ്രദേശങ്ങളില്‍ എം.വി.ഐ.പി കനാലിലൂടെ വരുന്നത്. എന്നാല്‍ അധികൃതര്‍ ഡാമില്‍ വെള്ളമില്ലെന്നു പറഞ്ഞു കനാല്‍ തുറന്നുവിടുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. മുളക്കുളത്തും മാഞ്ഞൂര്‍ പഞ്ചായത്തിലും നെല്‍കൃഷിക്കും പച്ചക്കറിക്കൃഷിക്കും ഉപയോഗിക്കുന്നത് ഈ കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തെ ആശ്രയിച്ചായിരുന്നു.
മൂവാറ്റുപുഴ വാലി കനാലിന്റെ ഭാഗമായി വരുന്ന വിവിധ പ്രദേശങ്ങളിലും ഈ കനാല്‍ വെള്ളത്തെ ആശ്രയിച്ചാണു ജനങ്ങള്‍ കഴിയുന്നത്. കനാലില്‍ വെള്ളം വരാത്തതുമൂലം മുളക്കുളം പഞ്ചായത്തിലെ ഇടയാറ്റു പാടശേഖരത്തിലെ നെല്‍കര്‍ഷകര്‍ കൂട്ടായി പഞ്ചായത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലെ കല്ലുമടകളില്നിന്നു വെള്ളം മോട്ടോര്‍ പമ്പ് ഉപയോഗിച്ച് പമ്പ് ചെയ്താണു കൃഷി നനക്കുന്നത്. ഇതു കര്‍ഷകര്‍ക്കു വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."