കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.സി കടമ്പൂരാന്‍ അന്തരിച്ചു
കണ്ണൂര്‍: കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.സി കടമ്പുരാന്‍ ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ഭാര്യ പത്മിനി ടീച്ചര്‍.മകള്‍ അനുശീ.
പന്ത്രണ്ടാം വയസ്സില്‍ ബാലസംഘം പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്ത് കടന്ന് വന്നതിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തനം ആരംഭിച്ചു.1957 ല്‍ കടമ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് സെക്രട്ടറി, 1959ല്‍ വിമോചന സമരത്തില്‍ പങ്കെടുത്ത് ഒരു മാസം ജയില്‍വാസം. 1960-62 കാലഘട്ടത്തില്‍ മാതൃഭൂമി പത്രത്തിന്റെ കടമ്പൂര്‍ മേഖല പ്രാദേശിക ലേഖകന്‍, പി.വി.കെ നെടുങ്ങാടിയുടെ കീഴില്‍ സുദര്‍ശനം, ദേശമിത്രം പത്രത്തിന്റെ ലേഖകനായും പ്രവര്‍ത്തിച്ചു.1962ല്‍ പട്ടാളത്തില്‍ ചേര്‍ന്നു ചൈനാ യുദ്ധത്തിന് ശേഷം കോണ്‍ഗ്രസ് വേദികളില്‍ സജീവമായി.1991 ല്‍ ക്യാപ്റ്റന്‍ റാങ്കില്‍ പട്ടാളത്തില്‍ നിന്നും വിരമിച്ചു.
1991-2001 വരെ കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി, 2001-2005 വരെ കെ.പി.സി.സി സെക്രട്ടറി. 2005ല്‍ ലീഡര്‍ കെ.കരുണാകരനോടൊപ്പം ഡി.ഐ.സി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി. 2007 ല്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി. 2007 മുതല്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം. റെയ്ഡ് കോ-ഡയറക്ടര്‍, സംസ്ഥാന മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഡയറക്ടര്‍, പരിയാരം മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ കണ്ണൂര്‍ കാര്‍ഷിക വികസന ബേങ്ക് പ്രസിഡന്റ്, കെ.ടി.ഡി.സി ഡയറക്ടര്‍, രാജീവ് ഗാന്ധി ആയുര്‍വേദിക്ക് റിസര്‍ച്ച് സൊസൈറ്റി വൈസ് പ്രസിഡന്റ്, കടമ്പൂര്‍ സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.
1996ല്‍ തലശ്ശേരിയില്‍ നിന്നും 2006ല്‍ എടക്കാട് നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. മികച്ച വോളിബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു കെ.സി കടമ്പൂരാന്‍.
സംസ്‌കാരം നാളെ രാവിലെ 12.30ന് പയ്യാമ്പലത്ത്.
ഇന്ന് ഉച്ചയോടെ വീട്ടില്‍ എത്തിക്കുന്ന ദൗതികദേഹം നാളെ രാവിലെ 11 മണിക്ക് വിലാപയാത്രയായി കണ്ണൂരില്‍ എത്തിക്കും 11.30ന് കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ പൊതുദര്‍ശനം, 12.30ന് പയ്യാമ്പലത്ത് സംസ്‌ക്കാരം നടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."