കോടതി ഉത്തരവ്; വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വൈകും
കോഴിക്കോട്: മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ടെര്‍മിനല്‍ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനു മാക് അസോസിയേറ്റുമായി ഉണ്ടാക്കിയ കരാര്‍ ഹൈക്കോടതി അസാധുവാക്കിയതാണ് ഇതിനു തടസം നില്‍ക്കുന്നത്.
കെട്ടിടം വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നതിനുള്ള അഗ്നിശമന സേനാ വിഭാഗത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഈ മാസം ലഭിച്ചു കെട്ടിടം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നായിരുന്നു കരുതിയിരുന്നത്. 65 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ നിന്നു ഇതുവരെ വാടക ലഭിക്കാത്തതിനാല്‍ 10 കോടിയോളം നഷ്ടം ടെര്‍മിനല്‍ പണികഴിപ്പിച്ച കെ.ടി.ഡി.എഫ്.സിക്ക് ഇതുവരെ ഉണ്ടായെന്നാണ് വിലയിരുത്തുന്നത്.
വാണിജ്യാവശ്യത്തിനായി കെട്ടിടത്തിന്റെ 2,26,000 അടിയും ടെന്‍ഡര്‍ മുഖാന്തിരം സ്വന്തമാക്കിയിരുന്ന മാക് അസോസിയേറ്റ്‌സുമായുള്ള കരാറാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
ടെന്‍ഡറില്‍ പങ്കെടുത്ത നാലുപേരുമായി ചര്‍ച്ച ചെയ്തു ഒരു മാസത്തിനകം ധാരണയിലെത്താന്‍ കെട്ടിടം നിര്‍മിച്ച കേരളാ ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന് (കെ.ടി.ഡി.എഫ്.സി) ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ധാരണയിലെത്തുന്നില്ലെങ്കില്‍ പുതിയ ടെന്‍ഡര്‍ വിളിക്കണമെന്ന് ജസ്റ്റിസ് ഷാജി പി. ചാലില്‍ ഉത്തവിട്ടു.
വാണിജ്യാവശ്യങ്ങള്‍ക്ക് സ്ഥലം വാടകക്ക് നല്‍കുന്നതിനു മുക്കം ആസ്ഥാനമായുള്ള മാക് അസോസിയേറ്റ്‌സുമായി ധാരണയുണ്ടാക്കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നിയമക്കുരുക്കില്‍പെട്ടാണ് പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. തിരിച്ചു ലഭിക്കാത്ത 50 കോടി രൂപ നിക്ഷേപത്തിലും മാസംതോറും 50 ലക്ഷം രൂപ വാടകയും നല്‍കണമെന്ന കരാറിലാണ് കെ.ടി.ഡി.എഫ്.സി മാക് അസോസിയേറ്റ്‌സിന് കെട്ടിടം കൈമാറിയത്.
എന്നാല്‍ മാക് ഇതില്‍ അഞ്ചുകോടി രൂപ നല്‍കിയെങ്കിലും ബാക്കി തുക നല്‍കിയില്ല.
ഇതോടെയാണ് ടെന്‍ഡറിലെ രണ്ടാമത്തെ വ്യക്തി താമരശേരി ചുങ്കം സ്വദേശി കയ്യേലിക്കുന്നുമ്മല്‍ അബ്ദുല്ല കരാര്‍ റദ്ദ് ചെയ്യണമെന്നാണശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി കരാര്‍ റദ്ദ് ചെയ്യുകയായിരുന്നു. ഇതിനെതിരേ മാക് അസോസിയേറ്റ്‌സ് ഡിവിഷന്‍ ബെഞ്ചിന് ഹരജി നല്‍കിയെങ്കിലും കോടതി പരിഗണിച്ചില്ല.
തുടര്‍ന്ന് അന്തിമ തീരുമാനത്തിനായി ഡിവിഷന്‍ ബെഞ്ച് ഹരജി സിംഗിള്‍ ബെഞ്ചിനു കൈമാറി. തുടര്‍ന്നാണ് ജസ്റ്റിസ് ഷാജി പി. ചാലിലിന്റെ ബെഞ്ച് ഹരജി പണിഗണിച്ചതും അന്തിമ വിധി പറഞ്ഞതും. ഇതോടെയാണ് നിലവിലുള്ള കരാര്‍ പൂര്‍ണമായും റദ്ദായത്.
കരാറുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് മാക് അസോസിയേറ്റ്‌സും ഹൈക്കോടതിയെ അറിയിച്ചിരുന്നു. 21 കോടി രൂപ നിക്ഷേപവും പ്രതിമാസം 50 ലക്ഷം രൂപ വാടകയുമാണ് ടെന്‍ഡറില്‍ രണ്ടാമതുള്ള അബ്ദുല്ല വാഗ്ദാനം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."